---
title: "കണ്ണൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി ഉൾപ്പെടെ ഏഴുപേർ പിടിയിലായ എംഡിഎംഎ കേസ്; ലഹരി എത്തിച്ചുനൽകിയ പ്രധാന കണ്ണി കുറ്റ്യാടി സ്വദേശി കുഞ്ഞൻ ഫൈസൽ ഒടുവിൽ പൊലീസ് വലയിൽ"
english_title: "Kannur MDMA Case: Key Supplier Kunjan Faisal Arrested"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/392210/kannur-mdma-case-key-supplier-arrested"
published_at: "2026-11-19T07:05:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6afe52cfe8d7e_kannur-mdma-case-key-supplier-arrested.jpg"
keywords: ["KeralaNews", "Kannur", "MDMACase", "DrugBust", "PoliceInvestigation"]
---

# കണ്ണൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി ഉൾപ്പെടെ ഏഴുപേർ പിടിയിലായ എംഡിഎംഎ കേസ്; ലഹരി എത്തിച്ചുനൽകിയ പ്രധാന കണ്ണി കുറ്റ്യാടി സ്വദേശി കുഞ്ഞൻ ഫൈസൽ ഒടുവിൽ പൊലീസ് വലയിൽ

> **Lead Summary:** കണ്ണൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടി ഉൾപ്പെടെ ഏഴംഗ സംഘത്തെ എംഡിഎംഎയുമായി പിടികൂടിയ കേസിൽ ലഹരിമരുന്ന് എത്തിച്ചുനൽകിയിരുന്ന മുഖ്യസൂത്രധാരൻ അറസ്റ്റിൽ. കോഴിക്കോട് കുറ്റ്യാടി തളീക്കര സ്വദേശി അമ്പലക്കണ്ടി ഫൈസൽ എന്ന കുഞ്ഞൻ ഫൈസലിനെയാണ് അന്വേഷണസംഘം വീട്ടിൽനിന്ന് പിടികൂടിയത്.

## Article Content

കണ്ണൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടി ഉൾപ്പെടെ ഏഴംഗ സംഘത്തെ എംഡിഎംഎയുമായി പിടികൂടിയ കേസിൽ ലഹരിമരുന്ന് എത്തിച്ചുനൽകിയിരുന്ന മുഖ്യസൂത്രധാരൻ അറസ്റ്റിൽ. കോഴിക്കോട് കുറ്റ്യാടി തളീക്കര സ്വദേശി അമ്പലക്കണ്ടി ഫൈസൽ എന്ന കുഞ്ഞൻ ഫൈസലിനെയാണ് അന്വേഷണസംഘം വീട്ടിൽനിന്ന് പിടികൂടിയത്.

കോടതിയിൽ ഹാജരാക്കിയ പ്രതിയെ കണ്ണൂർ സെൻട്രൽ ജയിലിൽ റിമാൻഡ് ചെയ്തു. എടക്കാട്, ചക്കരക്കൽ പൊലീസ് സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥരും ഡാൻസാഫ് സ്ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിലാണ് നേരത്തെ ഏഴംഗ സംഘം പിടിയിലായത്.

കണ്ണൂർ ചാലയിലെ ലോഡ്ജിലും ഇരിവേരിയിലെ വീട്ടിലുമായി നടത്തിയ പരിശോധനയിൽ 17.9 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തിരുന്നു. ലഹരിമരുന്ന് തൂക്കാൻ ഉപയോഗിക്കുന്ന ഡിജിറ്റൽ ത്രാസും ഗ്ലാസ് കുഴലുകളും പൊലീസ് കണ്ടെടുത്തിരുന്നു.

പിടിയിലായവരെ ചോദ്യം ചെയ്തതിൽനിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം കുറ്റ്യാടി തളീക്കര സ്വദേശിയായ കുഞ്ഞൻ ഫൈസലിലേക്ക് നീണ്ടത്. സംഘത്തിന് ലഹരിമരുന്ന് എത്തിച്ചുനൽകുന്നതിൽ ഇയാൾക്ക് പ്രധാന പങ്കുണ്ടെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. തുടർന്നാണ് വീട്ടിലെത്തി ഫൈസലിനെ കസ്റ്റഡിയിലെടുത്തത്.

അതേസമയം, തളീക്കര–കായക്കൊടി മേഖല കേന്ദ്രീകരിച്ച് എംഡിഎംഎ വിൽപ്പന നടത്തുന്ന സംഘങ്ങൾ സജീവമാണെന്ന ആരോപണങ്ങൾ നേരത്തെയും ഉയർന്നിരുന്നു. മേഖലയിൽ പത്തോളം പേർ ലഹരിമരുന്ന് ഇടപാടുകളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഇവരുടെ പ്രവർത്തനങ്ങളെക്കുറിച്ചും പൊലീസ് വിവരങ്ങൾ ശേഖരിച്ചുവരികയാണ്.

ആറുമാസം മുമ്പ് ഫൈസലിന്റെ സുഹൃത്തും അയൽവാസിയുമായ സൂസി ബഷീർ എന്നറിയപ്പെടുന്ന കുനിയിൽ ബഷീറിനെ എംഡിഎംഎയുമായി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാൾക്കും ലഹരിമരുന്നിന്റെ മൊത്തവിതരണവുമായി ബന്ധമുണ്ടെന്ന ആരോപണം ഉയർന്നിരുന്നു. എന്നാൽ ഇരുവരും ഒരേ ലഹരിവിതരണ ശൃംഖലയുടെ ഭാഗമാണോയെന്ന കാര്യത്തിൽ സ്ഥിരീകരണമില്ല.

തളീക്കര–കായക്കൊടി മേഖലയിൽ ലഹരിമരുന്ന് വിൽപ്പനയിലും വിതരണത്തിലും കൂടുതൽ പേർക്ക് പങ്കുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. സംശയിക്കുന്നവരെ കണ്ടെത്തുന്നതിനായി വരും ദിവസങ്ങളിൽ പ്രദേശത്ത് നിരീക്ഷണവും പരിശോധനയും ശക്തമാക്കുമെന്ന് പൊലീസ് അറിയിച്ചു.

കണ്ണൂരിൽ ഏഴംഗ സംഘം പിടിയിലായ സംഭവത്തിൽ തുടങ്ങിയ അന്വേഷണം മറ്റ് പ്രദേശങ്ങളിലേക്കും വ്യാപിക്കുന്ന സാഹചര്യത്തിൽ ലഹരിമരുന്നിന്റെ ഉറവിടവും വിതരണബന്ധങ്ങളും കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം.

Police have arrested Kunjan Faisal, the alleged key supplier in the Kannur MDMA case involving seven people, including a minor girl. He was taken into custody from his home in Kuttiyadi and remanded to Kannur Central Jail after being produced before court. Investigators say he played a major role in supplying the drugs, and the probe is now widening to trace the source and network behind the distribution.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/392210/kannur-mdma-case-key-supplier-arrested)