---
title: "അഭിമന്യുവിന്റെ നെഞ്ചിലേറ്റ കുത്ത് ഹൃദയത്തിൽ തുളച്ചുകയറിയെന്ന് ഫോറൻസിക് സർജൻ കോടതിയിൽ"
english_title: "Abhimanyu murder case: Forensic surgeon says chest wound pierced heart"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/392197/abhimanyu-murder-case-forensic-surgeon-heart-wound"
published_at: "2026-11-18T23:07:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6afde2bf87e23_abhimanyu-murder-case-forensic-surgeon-heart-wound.jpg"
keywords: ["AbhimanyuMurderCase", "KeralaNews", "Ernakulam", "TrialUpdate", "ForensicReport"]
---

# അഭിമന്യുവിന്റെ നെഞ്ചിലേറ്റ കുത്ത് ഹൃദയത്തിൽ തുളച്ചുകയറിയെന്ന് ഫോറൻസിക് സർജൻ കോടതിയിൽ

> **Lead Summary:** എറണാകുളം: മഹാരാജാസ് കോളജ് വിദ്യാർഥിയും എസ്എഫ്ഐ നേതാവുമായിരുന്ന അഭിമന്യുവിന്റെ നെഞ്ചിലേറ്റ കുത്ത് ഹൃദയത്തിലേക്ക് തുളച്ചുകയറിയതായിരുന്നെന്ന് ഫോറൻസിക് സർജൻ കോടതിയിൽ മൊഴി നൽകി. അഭിമന്യു വധക്കേസിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നടന്ന സാക്ഷിവിസ്താരത്തിലാണ് ഈ നിർണായക മൊഴി പുറത്തുവന്നത്.

## Article Content

എറണാകുളം: മഹാരാജാസ് കോളജ് വിദ്യാർഥിയും എസ്എഫ്ഐ നേതാവുമായിരുന്ന അഭിമന്യുവിന്റെ നെഞ്ചിലേറ്റ കുത്ത് ഹൃദയത്തിലേക്ക് തുളച്ചുകയറിയതായിരുന്നെന്ന് ഫോറൻസിക് സർജൻ കോടതിയിൽ മൊഴി നൽകി. അഭിമന്യു വധക്കേസിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നടന്ന സാക്ഷിവിസ്താരത്തിലാണ് ഈ നിർണായക മൊഴി പുറത്തുവന്നത്.

അഭിമന്യുവിന്റെ പോസ്റ്റ്മോർട്ടം നടത്തിയ എറണാകുളം ജനറൽ ആശുപത്രിയിലെ ഫോറൻസിക് സർജൻ ഡോ. ബിജു ജെയിംസ് ആണ് കോടതിയിൽ മൊഴി നൽകിയത്. പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജ് കെ. കെ. ബാലകൃഷ്ണൻ മുമ്പാകെയായിരുന്നു വിസ്താരം. നെഞ്ചിലേറ്റ ആഴത്തിലുള്ള മുറിവ് മരണത്തിന് കാരണമാകാൻ പര്യാപ്തമായതായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

മരണകാരണമായ കുത്ത് ഏൽക്കുമ്പോൾ കൈകൾ കൊണ്ട് തടയാനാകാത്ത വിധത്തിലുള്ള നിലയിലായിരിക്കാം അഭിമന്യു നിന്നിരുന്നതെന്നും ഡോ. ബിജു ജെയിംസ് കോടതിയെ അറിയിച്ചു. മൂർച്ചയുള്ളതും അഗ്രം കൂർത്തതുമായ ആയുധം കൊണ്ടാകാം ഹൃദയത്തിലേക്ക് തുളച്ചുകയറിയ മുറിവ് ഉണ്ടായതെന്നും മൊഴിയിൽ പറയുന്നു. സംഭവസ്ഥലത്തിന്റെ സീൻ പ്ലാൻ തയ്യാറാക്കിയ വില്ലേജ് ഓഫീസർ അശോക് കുമാറിനെയും ഇന്ന് കോടതി വിസ്തരിച്ചു.

പ്രതികളുടെ ഫോണുകൾ സ്വിച്ച് ഓഫ്

അതേസമയം, കേസിലെ മൂന്ന് പ്രതികളുടെ മൊബൈൽ ഫോണുകൾ 2018 ജൂലൈ 2ന് ശേഷം പ്രവർത്തനരഹിതമായിരുന്നുവെന്ന് ഭാരതി എയർടെൽ നോഡൽ ഓഫീസർ വാസുദേവൻ നായർ കഴിഞ്ഞ ദിവസം കോടതിയിൽ മൊഴി നൽകിയിരുന്നു. ആറാം പ്രതി റജീബ്, ഏഴാം പ്രതി അബ്ദുൾ നാസർ, ഒമ്പതാം പ്രതി ഫിഫാസ് എന്നിവരുടെ മൊബൈൽ കണക്ഷൻ വിവരങ്ങളും കോൾ വിശദാംശങ്ങളും കോടതിയിൽ ഹാജരാക്കി.

അഭിമന്യു കൊല്ലപ്പെട്ടതിന്റെ തലേദിവസവും കൊലപാതകം നടന്ന ദിവസവും ഈ മൂന്ന് പ്രതികളും കേസിലെ മറ്റ് പ്രതികളുമായി ഫോണിൽ സംസാരിച്ചെന്ന വിവരങ്ങളും പ്രോസിക്യൂഷൻ കോടതിക്ക് കൈമാറിയിട്ടുണ്ട്. ഒക്ടോബർ 15ന് തുടങ്ങിയ സാക്ഷിവിസ്താരം തുടർച്ചയായ ദിവസങ്ങളിൽ പുരോഗമിക്കുകയാണ്. നാളെയും വിസ്താരം തുടരും.

നിരോധിത സംഘടനകളായ ക്യാമ്പസ് ഫ്രണ്ട്, പോപ്പുലർ ഫ്രണ്ട് എന്നിവയുടെ പ്രവർത്തകരായ 16 പ്രതികളാണ് കേസിൽ വിചാരണ നേരിടുന്നത്. രഹസ്യ വിചാരണ വേണമെന്നതും കോടതിക്ക് പുറത്ത് മാധ്യമങ്ങൾ ദൃശ്യങ്ങൾ പകർത്തുന്നത് വിലക്കണമെന്നതും ആവശ്യപ്പെട്ട് പ്രതികൾ നൽകിയ ഹർജി കോടതി നേരത്തെ തള്ളിയിരുന്നു. 156 സാക്ഷികളുള്ള കേസിൽ വിചാരണ വേഗത്തിൽ പൂർത്തിയാക്കാനാണ് കോടതി ലക്ഷ്യമിടുന്നത്. ഹൈക്കോടതി നാല് മാസത്തിനുള്ളിൽ അന്തിമ വിധി പ്രസ്താവിക്കണമെന്ന് സെഷൻസ് കോടതിയോട് നിർദ്ദേശിച്ചിട്ടുണ്ട്.

Forensic surgeon Dr. Biju James told the court that the stab wound on Maharajas College student Abhimanyu’s chest had pierced his heart and was sufficient to cause death. The testimony came during witness examination in the Abhimanyu murder case at the Ernakulam Principal Sessions Court, which is proceeding on a fast track with multiple witnesses and accused persons under trial.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/392197/abhimanyu-murder-case-forensic-surgeon-heart-wound)