---
title: "വിജ്ഞാപനം കുറയുമ്പോഴും പിഎസ്‌സിയിൽ അംഗങ്ങളുടെ എണ്ണം കൂട്ടുന്നു, പ്രതിമാസ ചെലവ് 80 ലക്ഷം"
english_title: "PSC Members Appointments Amid Drop in Notifications, Monthly Cost Nears 80 Lakh"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/392179/psc-members-appointments-notification-drop"
published_at: "2026-11-18T20:04:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6afdb8019f075_psc-members-appointments-notification-drop.jpg"
keywords: ["KeralaPSC", "PSCAppointments", "KeralaNews", "ThiruvananthapuramNews", "GovernmentJobs"]
---

# വിജ്ഞാപനം കുറയുമ്പോഴും പിഎസ്‌സിയിൽ അംഗങ്ങളുടെ എണ്ണം കൂട്ടുന്നു, പ്രതിമാസ ചെലവ് 80 ലക്ഷം

> **Lead Summary:** തിരുവനന്തപുരം: പിഎസ്‌സി പ്രസിദ്ധീകരിക്കുന്ന വിജ്ഞാപനങ്ങളുടെ എണ്ണം റെക്കോർഡ് തോതിൽ താഴെയായിരിക്കുമ്പോഴും കേരള പബ്ലിക് സർവീസ് കമ്മിഷനിൽ അഞ്ച് പുതിയ അംഗങ്ങളെ കൂടി നിയമിക്കാനുള്ള യുഡിഎഫ് സർക്കാരിന്റെ തീരുമാനം ചർച്ചയാകുന്നു.

## Article Content

തിരുവനന്തപുരം: പിഎസ്‌സി പ്രസിദ്ധീകരിക്കുന്ന വിജ്ഞാപനങ്ങളുടെ എണ്ണം റെക്കോർഡ് തോതിൽ താഴെയായിരിക്കുമ്പോഴും കേരള പബ്ലിക് സർവീസ് കമ്മിഷനിൽ അഞ്ച് പുതിയ അംഗങ്ങളെ കൂടി നിയമിക്കാനുള്ള യുഡിഎഫ് സർക്കാരിന്റെ തീരുമാനം ചർച്ചയാകുന്നു.

കോൺഗ്രസിൽനിന്ന് നാല് പേരെയും ലീഗിൽനിന്ന് ഒരാളെയും നിയമിക്കാനാണ് തീരുമാനം. ഇതോടെ ചെയർമാൻ ഉൾപ്പെടെ അംഗങ്ങളുടെ എണ്ണം 21 ആകും. ഇവരുടെ ശമ്പളത്തിനും മറ്റ് ആനുകൂല്യങ്ങൾക്കുമായി പ്രതിമാസം ഏകദേശം 80 ലക്ഷം രൂപ ചെലവാകുമെന്നാണ് കണക്കാക്കുന്നത്.

വിജ്ഞാപനങ്ങൾ പകുതിയായി

2026 അവസാനിക്കാൻ ഒന്നരമാസം മാത്രം ബാക്കിയിരിക്കെ പിഎസ്‌സി ഇതുവരെ 191 വിജ്ഞാപനങ്ങൾ മാത്രമാണ് പ്രസിദ്ധീകരിച്ചത്. കഴിഞ്ഞ വർഷം ഒക്ടോബർ 30 വരെ 437 തസ്തികകളിലേക്കുള്ള വിജ്ഞാപനങ്ങൾ വന്നിരുന്നു. 2025ൽ ആകെ 902 തസ്തികകളിലേക്കാണ് വിജ്ഞാപനം പ്രസിദ്ധീകരിച്ചത്. എന്നാൽ ഈ വർഷം അതിന്റെ പകുതി പോലും എത്തില്ലെന്ന വിലയിരുത്തലാണ് പുറത്തുവരുന്നത്.

നവംബർ, ഡിസംബർ മാസങ്ങളിലാണ് സാധാരണ പിഎസ്‌സി കൂടുതൽ വിജ്ഞാപനങ്ങൾ ഇറക്കുന്നത്. എന്നാൽ ഇത്തവണ അധ്യാപക തസ്തികകളിലേക്കുള്ള പുതിയ വിജ്ഞാപനങ്ങൾ പോലും പ്രസിദ്ധീകരിക്കുന്നതിൽ ആശയക്കുഴപ്പമുണ്ടെന്നാണ് വിവരം.

5ൽ നിന്ന് 21ലേക്ക്

1959ൽ വെറും 5 അംഗങ്ങളായിരുന്നു പിഎസ്‌സിയിൽ ഉണ്ടായിരുന്നത്. 1971ൽ 7, 1981ൽ 8, 1982ൽ 9, 1983ൽ 13, 1984ൽ 15, 2004ൽ 18 എന്നിങ്ങനെ അംഗസംഖ്യ ഉയർന്നു. 2013ലാണ് കമ്മിഷൻ അംഗങ്ങളുടെ എണ്ണം 21 ആക്കി ഉയർത്തിയത്.

ശമ്പളം ജില്ലാ ജഡ്ജിക്ക് തുല്യം

കഴിഞ്ഞ സർക്കാരിന്റെ കാലത്താണ് ശമ്പളവർധന നടപ്പാക്കിയത്. പിഎസ്‌സി ചെയർമാന്റെ പ്രതിമാസ അടിസ്ഥാന ശമ്പളം 2,24,100 രൂപയാണ്. ക്ഷാമബത്ത 1,34,460 രൂപ, വീട്ടുവാടക 10,000 രൂപ എന്നിവ ചേർത്ത് 3,68,560 രൂപ ലഭിക്കും.

അംഗങ്ങൾക്ക് അടിസ്ഥാന ശമ്പളം 2,19,090 രൂപയും ക്ഷാമബത്ത 1,31,454 രൂപയും വീട്ടുവാടക 10,000 രൂപയും വാഹന അലവൻസ് 5,000 രൂപയും ലഭിക്കും.

ഇതിനു പുറമേ ആറു വർഷ കാലാവധി കഴിഞ്ഞാൽ ജീവിതാവസാനം വരെ പെൻഷനും മെഡിക്കൽ ആനുകൂല്യങ്ങളും ലഭിക്കും. ആറു വർഷം അല്ലെങ്കിൽ 62 വയസ് എന്ന വ്യവസ്ഥയിലാണ് പിഎസ്‌സി അംഗങ്ങളെ സർക്കാർ നിയമിക്കുന്നത്. ചെയർമാനും അംഗങ്ങൾക്കും ജില്ലാ ജഡ്ജിമാരുടെ ശമ്പള സ്‌കെയിലിനോട് സമാനമായ നിരക്കാണ് നിശ്ചയിച്ചിരിക്കുന്നത്. പിഎസ്‌സി അംഗമാകാൻ പ്രത്യേക യോഗ്യത ഒന്നും വേണ്ടെന്നിരിക്കെയാണ് ഈ ശമ്പള നിരക്കെന്നതും ശ്രദ്ധേയമാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/392179/psc-members-appointments-notification-drop)