---
title: "ഓടുന്ന ബസിൽ വസ്ത്രം മാറി യുവതികൾ; സംശയം തോന്നിയ ജീവനക്കാർ പൊലീസിനെ അറിയിച്ചു, അടിവസ്ത്രത്തിൽ ഒളിപ്പിച്ച 21,000 രൂപയുമായി രണ്ട് സ്ത്രീകള്‍ പിടിയില്‍"
english_title: "Tamil Nadu Women Held in Ranni Bus Theft Attempt Case"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/392174/ranni-bus-theft-attempt-arrest"
published_at: "2026-11-18T19:38:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6afdb2dc32bc3_ranni-bus-theft-attempt-arrest.jpg"
keywords: ["RanniNews", "KeralaCrime", "TamilNaduWomen", "BusTheftAttempt", "Pathanamthitta"]
---

# ഓടുന്ന ബസിൽ വസ്ത്രം മാറി യുവതികൾ; സംശയം തോന്നിയ ജീവനക്കാർ പൊലീസിനെ അറിയിച്ചു, അടിവസ്ത്രത്തിൽ ഒളിപ്പിച്ച 21,000 രൂപയുമായി രണ്ട് സ്ത്രീകള്‍ പിടിയില്‍

> **Lead Summary:** പത്തനംതിട്ട: കവർച്ചലക്ഷ്യമിട്ട് ബസിൽ വേഷം മാറികയറിയ തമിഴ്‌നാട് സ്വദേശിനികളായ മോഷ്ടാക്കൾ പിടിയിൽ. കൊയമ്പത്തൂർ കൊഴിഞ്ഞമ്പാറ സ്വദേശിനി പാർവതി, തൂത്തുക്കുടി അണ്ണാനഗർ സ്വദേശിനി ഗീത എന്നിവരാണ് റാന്നി പോലീസിന്‍റെ പിടിയിലായത്.

## Article Content

പത്തനംതിട്ട: കവർച്ചലക്ഷ്യമിട്ട് ബസിൽ വേഷം മാറികയറിയ തമിഴ്‌നാട് സ്വദേശിനികളായ മോഷ്ടാക്കൾ പിടിയിൽ. കൊയമ്പത്തൂർ കൊഴിഞ്ഞമ്പാറ സ്വദേശിനി പാർവതി, തൂത്തുക്കുടി അണ്ണാനഗർ സ്വദേശിനി ഗീത എന്നിവരാണ് റാന്നി പോലീസിന്‍റെ പിടിയിലായത്.

ഇന്ന് ഉച്ചയ്ക്ക് 12:30 ഓടെയാണ് സംഭവം. കോഴഞ്ചേരിയിൽ നിന്ന് റാന്നിയിലേക്ക് സർവീസ് നടത്തിയിരുന്ന സ്വകാര്യ ബസിൽ കയറിയ രണ്ടു യുവതികൾ ബസിൽ വെച്ച് വസ്ത്രം മാറുന്നത് ജീവനക്കാരുടെ ശ്രദ്ധയിൽപ്പെട്ടു. ഇതിൽ സംശയം തോന്നിയ ജീവനക്കാർ റാന്നി സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ ഷിന്‍റോയെ വിവരം അറിയിച്ചു.

യുവതികളുടെ പെരുമാറ്റത്തിൽ സംശയവും ജീവനക്കാർ പ്രകടിപ്പിച്ചു. തുടർന്ന് ഷിന്‍റോ റാന്നി ഡിവൈ.എസ്.പി ജി. സന്തോഷ് കുമാറിനെ ഫോണിൽ വിവരം ധരിപ്പിച്ചു. ഡിവൈ.എസ്.പിയുടെ നിർദേശപ്രകാരം എസ്.ഐ സിബി എസിന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘം റാന്നി പോലീസ് സ്റ്റേഷന് മുന്നിൽവെച്ച് ബസ് തടഞ്ഞുനിർത്തി യുവതികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

പോലീസ് സ്റ്റേഷനിലെത്തിച്ച് വനിതാ പോലീസിന്‍റെ സഹായത്തോടെ നടത്തിയ പരിശോധനയിലാണ് ഒരാളുടെ അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച നിലയിൽ 21,000 രൂപ കണ്ടെത്തിയത്. ശബരിമല തീർത്ഥാടകരെ ലക്ഷ്യമിട്ടാണ് മോഷണത്തിനെത്തിയതെന്നാണ് പോലീസ് സംശയിക്കുന്നത്.

വിവിധ മോഷണക്കേസുകളിൽ പ്രതികളാണ് ഇരുവരുമെന്ന് പോലീസ് പറഞ്ഞു. തുടർന്ന് പോലീസിന്‍റെ ആധുനിക സാങ്കേതിക സംവിധാനങ്ങൾ ഉപയോഗിച്ച് പ്രതികളുടെ ഫോട്ടോകൾ പരിശോധിച്ച് തിരിച്ചറിയൽ ഉറപ്പുവരുത്തി.

ഫോട്ടോ അടിസ്ഥാനമാക്കിയുള്ള ഈ പരിശോധനയിലാണ് ഇരുവരും വിവിധ സ്ഥലങ്ങളിലായി പത്തോളം മോഷണക്കേസുകളിൽ പ്രതികളാണെന്ന് വ്യക്തമായത്. അറസ്റ്റ് രേഖപ്പെടുത്തി റിമാൻഡ് അപേക്ഷ സഹിതം കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.

Two women from Tamil Nadu were detained by Ranni police after bus staff noticed them changing clothes during a service from Kozhencherry to Ranni. Police recovered Rs 21,000 hidden in one woman’s undergarment and suspect they were targeting Sabarimala pilgrims.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/392174/ranni-bus-theft-attempt-arrest)