---
title: "ഉച്ചയ്ക്ക് 12ന് ശസ്ത്രക്രിയ, ഒന്നിന് മരണം; ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ വീട്ടമ്മയുടെ മരണത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ"
english_title: "Housewife Dies After Surgery at Chengannur Hospital"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/392171/housewife-dies-after-surgery-chengannur-hospital"
published_at: "2026-11-18T19:19:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6afdae5585f49_housewife-dies-after-surgery-chengannur-hospital.jpg"
keywords: ["KeralaNews", "Chengannur", "HospitalDeath", "Surgery", "Alappuzha"]
---

# ഉച്ചയ്ക്ക് 12ന് ശസ്ത്രക്രിയ, ഒന്നിന് മരണം; ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ വീട്ടമ്മയുടെ മരണത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ

> **Lead Summary:** ആലപ്പുഴ : ആലപ്പുഴ ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് പിന്നാലെ വീട്ടമ്മ മരിച്ചു. കൊല്ലം ചവറ തെക്കേക്കര സ്വദേശിനി ഉദയലക്ഷ്മി ആണ് മരിച്ചത്. ചികിത്സാ പിഴവാണ് മരണകാരണമെന്ന് ബന്ധുക്കൾ ആരോപിച്ചു.

## Article Content

ആലപ്പുഴ : ആലപ്പുഴ ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് പിന്നാലെ വീട്ടമ്മ മരിച്ചു. കൊല്ലം ചവറ തെക്കേക്കര സ്വദേശിനി ഉദയലക്ഷ്മി ആണ് മരിച്ചത്. ചികിത്സാ പിഴവാണ് മരണകാരണമെന്ന് ബന്ധുക്കൾ ആരോപിച്ചു.

വെൺമണിയിലെ സഞ്ജീവനി ആശുപത്രിയിലാണ് ഉദയലക്ഷ്മിക്ക് ചികിത്സ ലഭിച്ചത്. തൈറോയ്ഡ് ഗ്രന്ഥിയിൽ കാൻസർ കണ്ടെത്തിയതിനെ തുടർന്ന് ഈ മാസം 16നായിരുന്നു ശസ്ത്രക്രിയ. തൈറോയ്ഡ് ഗ്രന്ഥി നീക്കം ചെയ്തതിന് ശേഷം ശ്വസനം സുഗമമാക്കാൻ ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെ ട്രാക്കിയോസ്റ്റമി ചെയ്തു.

ഇതിന് പിന്നാലെ ഉച്ചയ്ക്ക് 1 മണിയോടെ മരണം സംഭവിക്കുകയായിരുന്നു. ട്രാക്കിയോസ്റ്റമിക്ക് വിധേയയാക്കുന്നതിന് തൊട്ടുമുമ്പ് വരെ സംസാരിച്ച് സാധാരണപോലെ പെരുമാറിയ രോഗി പെട്ടെന്ന് മരിച്ചതിലാണ് ബന്ധുക്കൾ സംശയം പ്രകടിപ്പിക്കുന്നത്.

ശസ്ത്രക്രിയയിലെ പിഴവാണ് മരണകാരണമെന്ന ആരോപണം ആശുപത്രി അധികൃതർ നിഷേധിച്ചു. ശസ്ത്രക്രിയയിലോ തുടർ ചികിത്സയിലോ പിഴവുണ്ടായിട്ടില്ലെന്നാണ് ആശുപത്രിയുടെ വിശദീകരണം. ചികിത്സയുടെ എല്ലാ ഘട്ടത്തിലും വിദഗ്ധ ഡോക്ടർമാരുടെ സേവനം ഉറപ്പാക്കിയിരുന്നുവെന്നും അധികൃതർ പറഞ്ഞു.

തൈറോയ്ഡ് ഗ്രന്ഥിയുമായി ബന്ധപ്പെട്ട ശസ്ത്രക്രിയയ്ക്ക് ശേഷം ചില രോഗികളിൽ ഹൃദയാഘാതത്തിനും ശ്വാസകോശ തടസങ്ങൾക്കും സാധ്യതയുണ്ടെന്നും ഇതു തന്നെയാകാം ഉദയലക്ഷ്മിയുടെ മരണത്തിന് കാരണമായതെന്നും ആശുപത്രി മെഡിക്കൽ സൂപ്രണ്ട് പറഞ്ഞു.

ബന്ധുക്കളുടെ പരാതിയിൽ വെൺമണി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ചികിത്സാ രേഖകൾ പൊലീസിന് കൈമാറിയിട്ടുണ്ടെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും ആശുപത്രി അധികൃതർ അറിയിച്ചു. പോസ്റ്റുമോർട്ടം റിപ്പോർട്ട് കിട്ടിയ ശേഷം തുടർനടപടികൾ തീരുമാനിക്കുമെന്ന് പൊലീസ് പറഞ്ഞു.

A 42-year-old woman from Chavara died shortly after undergoing surgery and a tracheostomy at a private hospital in Chengannur, Alappuzha. Her family has alleged medical negligence, while the hospital denies any lapse and says the cause may have been a post-surgical complication. Police have registered an unnatural death case and will proceed after the postmortem report.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/392171/housewife-dies-after-surgery-chengannur-hospital)