---
title: "വിശപ്പടക്കാൻ പുറംലോകത്തേക്ക്, കാടിറങ്ങുന്ന ആമസോൺ ഗോത്രങ്ങൾ"
english_title: "Amazon Tribe Emerges From Forest to Seek Food Amid Hunger"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/392168/amazon-tribe-seeks-food-brazil"
published_at: "2026-11-18T18:50:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6afda86072dca_amazon-tribe-seeks-food-in-forest-crisisj.jpg"
keywords: []
---

# വിശപ്പടക്കാൻ പുറംലോകത്തേക്ക്, കാടിറങ്ങുന്ന ആമസോൺ ഗോത്രങ്ങൾ

> **Lead Summary:** ബ്രസീലിയ: പതിറ്റാണ്ടുകളായി പുറംലോകവുമായി ഒരു ബന്ധവുമില്ലാതെ ആമസോൺ ഉൾക്കാടുകളിൽ ഒറ്റപ്പെട്ടു ജീവിച്ചിരുന്ന അവ ഗോത്രക്കാർ വിശപ്പടക്കാൻ ഭക്ഷണം തേടി കാടിറങ്ങി. ഗോത്രത്തിലെ ഇരുപതോളം പേർ സർക്കാർ ഉദ്യോഗസ്ഥരെ നേരിട്ടു കണ്ട് ഭക്ഷ്യവസ്തുക്കൾ ആവശ്യപ്പെട്ട സംഭവം ആമസോൺ ഗോത്രജനത നേരിടുന്ന വലിയ പ്രതിസന്ധിയിലേക്കാണ് വിരൽചൂണ്ടുന്നത്.

## Article Content

ബ്രസീലിയ: പതിറ്റാണ്ടുകളായി പുറംലോകവുമായി ഒരു ബന്ധവുമില്ലാതെ ആമസോൺ ഉൾക്കാടുകളിൽ ഒറ്റപ്പെട്ടു ജീവിച്ചിരുന്ന അവ ഗോത്രക്കാർ വിശപ്പടക്കാൻ ഭക്ഷണം തേടി കാടിറങ്ങി. ഗോത്രത്തിലെ ഇരുപതോളം പേർ സർക്കാർ ഉദ്യോഗസ്ഥരെ നേരിട്ടു കണ്ട് ഭക്ഷ്യവസ്തുക്കൾ ആവശ്യപ്പെട്ട സംഭവം ആമസോൺ ഗോത്രജനത നേരിടുന്ന വലിയ പ്രതിസന്ധിയിലേക്കാണ് വിരൽചൂണ്ടുന്നത്.

സ്ത്രീകളുൾപ്പെടെയുള്ള സംഘം കിഴങ്ങുവർഗങ്ങൾ ഉൾപ്പെടെയുള്ള ആഹാരസാധനങ്ങൾ ശേഖരിച്ച ശേഷം വീണ്ടും കാടുകളിലേക്കു മടങ്ങി. സ്വയം പര്യാപ്തരായി ജീവിച്ചിരുന്ന ഒരു ഗോത്രം പോലും ഭക്ഷണത്തിനായി പുറംലോകത്തെ ആശ്രയിക്കേണ്ടി വന്നത് ഗുരുതരമായ മുന്നറിയിപ്പാണെന്ന് ആദിവാസി സംഘടനകൾ പറയുന്നു.

പുറംലോകവുമായുള്ള ഈ ഇടപെടൽ തന്നെ ഗോത്രത്തിന് വലിയ ഭീഷണിയാണ്. പുറത്തു നിന്നുള്ള രോഗാണുക്കൾ പടർന്നാൽ അതു ഗോത്രത്തിന്റെ നിലനിൽപിനെ തന്നെ ബാധിക്കുമെന്ന് സർവൈവൽ ഇന്റർനാഷണൽ ഉൾപ്പെടെയുള്ള സംഘടനകൾ മുന്നറിയിപ്പ് നൽകുന്നു.

പുറംലോകം കാണാത്ത നൂറു പേർ

ബ്രസീലിലെ മാരൻഹാവോ സംസ്ഥാനത്തെ വനമേഖലയിലാണ് അവ വിഭാഗക്കാരുള്ളത്. ഒരുകാലത്ത് വലിയ ജനസംഖ്യയുണ്ടായിരുന്ന ഗോത്രത്തിൽ ഇപ്പോൾ അഞ്ഞൂറിൽ താഴെ ആളുകൾ മാത്രമേ അവശേഷിക്കുന്നുള്ളൂ. ഇതിൽ നൂറോളം പേർ ഇപ്പോഴും ഉൾക്കാടുകളിൽ പുറംലോകവുമായി ഒരു ബന്ധവുമില്ലാതെയാണ് ജീവിക്കുന്നത്.

പ്രകൃതിയോടിണങ്ങി ജീവിക്കുന്ന ഇവർ വസ്ത്രങ്ങൾ ധരിക്കാറില്ല. പുറംലോകവുമായി ബന്ധം പുലർത്തുന്ന വിഭാഗം മാത്രമാണ് വസ്ത്രങ്ങൾ ധരിക്കുന്നത്.

നാടുകടത്തപ്പെട്ട ചരിത്രം

പത്തൊൻപതാം നൂറ്റാണ്ടിൽ നാടുകടത്തപ്പെട്ടവരാണ് അവ വിഭാഗം. യൂറോപ്യൻ കുടിയേറ്റക്കാർ അവരെ തുരത്തിയോടിച്ചു. പിന്നീട് ബ്രസീൽ ഭരണകൂടം അവർക്കു പ്രത്യേക ഭൂപ്രദേശം അനുവദിച്ചെങ്കിലും അവിടെയും സമാധാനമുണ്ടായില്ല. വനം കൊള്ളക്കാരുടെയും കന്നുകാലി വളർത്തുകാരുടെയും നിരന്തരമായ കടന്നുകയറ്റവും ആക്രമണവും ഇവർ നേരിടേണ്ടിവന്നു.

അനധികൃത കയ്യേറ്റവും കാലാവസ്ഥാ വ്യതിയാനവും ഇപ്പോൾ വനവാസികളുടെ ജീവിതസാഹചര്യങ്ങളെ പൂർണമായും തകിടംമറിച്ചിരിക്കുകയാണ്. ഗോത്രങ്ങളെ സംരക്ഷിക്കാൻ നിരവധി സന്നദ്ധ സംഘടനകൾ രംഗത്തുണ്ടെങ്കിലും പല വിഭാഗങ്ങളും അതിജീവനത്തിനായി പൊരുതിക്കൊണ്ടിരിക്കുകയാണ്.

ആമസോൺ കാടുകളിലെ അനധികൃത കയ്യേറ്റങ്ങൾ ഉടൻ അവസാനിപ്പിക്കണമെന്നും ഗോത്രജനതയുടെ സുരക്ഷയ്ക്കായി ശക്തമായ നടപടികൾ സ്വീകരിക്കണമെന്നുമാണ് മനുഷ്യാവകാശ സംഘടനകളുടെ ആവശ്യം.

Members of an isolated Amazon tribe in Brazil have emerged from the forest to ask government officials for food, underscoring a worsening humanitarian crisis. Rights groups warn that outside contact, land encroachment and disease could further threaten the tribe’s survival.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/392168/amazon-tribe-seeks-food-brazil)