---
title: "ഗൾഫിൽ നിന്ന് വീട്ടുടമ സിസിടിവിയിൽ കണ്ടു, നാട്ടുകാർ ഓടിയെത്തി, മോഷ്ടാക്കൾ മതിൽ ചാടി രക്ഷപ്പെട്ടു"
english_title: "Theft Bid in Purakkad Foiled After CCTV Alert"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/392166/purakkad-theft-bid-cctv-alert"
published_at: "2026-11-18T17:42:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6afd9a21daa9a_Theft_Bid_in_Purakkad_Foiled_After_CCTV_Alert.jpg"
keywords: ["KeralaNews", "Alappuzha", "Purakkad", "CCTV", "TheftAttempt"]
---

# ഗൾഫിൽ നിന്ന് വീട്ടുടമ സിസിടിവിയിൽ കണ്ടു, നാട്ടുകാർ ഓടിയെത്തി, മോഷ്ടാക്കൾ മതിൽ ചാടി രക്ഷപ്പെട്ടു

> **Lead Summary:** ആലപ്പുഴ: പുറക്കാട് ആളതാമസമില്ലാത്ത വീട്ടിൽ കവർച്ചയ്ക്ക് കയറിയ സംഘം നാട്ടുകാരെത്തിയതോടെ രക്ഷപ്പെട്ടു. ഗൾഫിലിരുന്ന വീട്ടുടമ സിസിടിവി ദൃശ്യങ്ങളിലൂടെ സംഭവം കണ്ടതിനെ തുടർന്ന് നാട്ടുകാർക്ക് വിവരം അറിയിക്കുകയായിരുന്നു.

## Article Content

ആലപ്പുഴ: പുറക്കാട് ആളതാമസമില്ലാത്ത വീട്ടിൽ കവർച്ചയ്ക്ക് കയറിയ സംഘം നാട്ടുകാരെത്തിയതോടെ രക്ഷപ്പെട്ടു. ഗൾഫിലിരുന്ന വീട്ടുടമ സിസിടിവി ദൃശ്യങ്ങളിലൂടെ സംഭവം കണ്ടതിനെ തുടർന്ന് നാട്ടുകാർക്ക് വിവരം അറിയിക്കുകയായിരുന്നു.

പുറക്കാട് കരൂർ സീനാ മൻസിൽ എന്ന വീട്ടിലായിരുന്നു ശ്രമം. പുലർച്ചെ മൂന്നോടെയായിരുന്നു സംഭവം. തലയിൽ തൊപ്പിയും മുഖത്ത് മാസ്കും ഇട്ടാണ് മോഷ്ടാക്കൾ വീട്ടിലെത്തിയത്. ഇവരിൽ ഒരാൾക്ക് കാലിന് മുടന്തുണ്ടെന്ന സൂചനയും ദൃശ്യങ്ങളിൽ നിന്ന് ലഭിക്കുന്നതായി റിപ്പോർട്ടിൽ പറയുന്നു.

വീടിന്റെ വരാന്തയിൽ കയറിയ ശേഷം ഒരാൾ സിസിടിവി തിരിച്ചു വയ്ക്കുന്നതും ദൃശ്യങ്ങളിൽ കാണാം. വീട്ടുടമ ഖദീജാ ബീവി വിദേശത്താണ്. മോഷ്ടാക്കൾ കയറുന്ന സമയത്ത് അവർ സിസിടിവി ദൃശ്യങ്ങൾ ശ്രദ്ധിച്ചിരുന്നു. ഉടൻ തന്നെ നാട്ടിലുള്ള ബന്ധുക്കളെ വിളിച്ചറിയിച്ചു.

അയൽവാസിയായ ബാബുവും മറ്റു നാട്ടുകാരും വീട്ടിലേക്ക് എത്തുന്ന ശബ്ദം കേട്ടതോടെ മോഷ്ടാക്കൾ മതിൽചാടി രക്ഷപ്പെടുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്. മോഷ്ടാക്കളിൽ ഒരാളുടെ തൊപ്പി വീടിന് സമീപത്തു നിന്ന് പൊലീസ് കണ്ടെടുത്തു. സമീപത്തെ ഒരു കടയിൽ നിന്ന് വാങ്ങിയതാണെന്ന് വ്യക്തമായിട്ടുണ്ട്.

വീടിന്റെ വാതിൽ തകർക്കാൻ ഉപയോഗിച്ച കമ്പിപ്പാരയും പൊലീസ് കണ്ടെത്തി. സമീപദിവസങ്ങളിൽ അമ്പലപ്പുഴയിൽ നടന്ന പല മോഷണങ്ങൾക്കും പിന്നിൽ ഇതേ സംഘമാണോയെന്ന് പൊലീസ് സംശയിക്കുന്നുണ്ട്.

A burglary attempt at an unoccupied house in Purakkad, Alappuzha, was foiled after the homeowner, who is in the Gulf, spotted the intruders on CCTV and alerted relatives. By the time locals arrived, the thieves had fled by jumping over the compound wall, and police have since recovered a cap and a crowbar from the scene.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/392166/purakkad-theft-bid-cctv-alert)