---
title: "'കിണാപ്പൻ വിജയന്റെ കോപ്രായങ്ങൾ': പിണറായി വിജയനെ അധിക്ഷേപിച്ച് യൂട്യൂബ് വീഡിയോ; പ്രചരിപ്പിച്ചവർക്കെതിരെ നടപടിയാവശ്യപ്പെട്ട് പൊലീസിൽ പരാതി"
english_title: "YouTube Video Allegedly Insulting Pinarayi Vijayan Draws Police Complaint"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/392165/pinarayi-vijayan-youtube-video-police-complaint"
published_at: "2026-11-18T17:33:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6afd96a0915d1_pinarayi-vijayan-youtube-video-police-complaint.jpg"
keywords: ["PinarayiVijayan", "PoliceComplaint", "YouTubeVideo", "Defamation", "KeralaNews"]
---

# 'കിണാപ്പൻ വിജയന്റെ കോപ്രായങ്ങൾ': പിണറായി വിജയനെ അധിക്ഷേപിച്ച് യൂട്യൂബ് വീഡിയോ; പ്രചരിപ്പിച്ചവർക്കെതിരെ നടപടിയാവശ്യപ്പെട്ട് പൊലീസിൽ പരാതി

> **Lead Summary:** തലശ്ശേരി: മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയനെ അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള വീഡിയോ യൂട്യൂബിലൂടെയും മറ്റ് സാമൂഹ്യമാധ്യമങ്ങളിലൂടെയും പ്രചരിപ്പിക്കുന്നതായി ആരോപിച്ച് പൊലീസിൽ പരാതി. തലശ്ശേരി തിരുവങ്ങാട് പി.പി. അനന്തൻ റോഡിലെ ആനന്ദ് ഭവനിൽ എൻ.വി. ജിതേഷാണ് തലശ്ശേരി അസിസ്റ്റന്റ് കമ്മീഷണർ ഓഫ് പൊലീസിന് പരാതി നൽകിയത്.

## Article Content

തലശ്ശേരി: മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയനെ അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള വീഡിയോ യൂട്യൂബിലൂടെയും മറ്റ് സാമൂഹ്യമാധ്യമങ്ങളിലൂടെയും പ്രചരിപ്പിക്കുന്നതായി ആരോപിച്ച് പൊലീസിൽ പരാതി. തലശ്ശേരി തിരുവങ്ങാട് പി.പി. അനന്തൻ റോഡിലെ ആനന്ദ് ഭവനിൽ എൻ.വി. ജിതേഷാണ് തലശ്ശേരി അസിസ്റ്റന്റ് കമ്മീഷണർ ഓഫ് പൊലീസിന് പരാതി നൽകിയത്.

കാലടി സർവകലാശാലയിൽ നിരാഹാരം അനുഷ്ടിക്കുന്ന വിദ്യാർത്ഥികളെ കാണാൻ കഴിഞ്ഞ ദിവസം പോയിരുന്നു. ഈ ദൃശ്യങ്ങൾ ഉൾക്കൊള്ളിച്ച് 'കിണാപ്പൻ വിജയന്റെ കോപ്രായങ്ങൾ' എന്ന പേരിൽ യൂട്യൂബിൽ പ്രചരിക്കുന്ന വീഡിയോ പിണറായി വിജയനെയും അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രസ്ഥാനത്തെയും അവഹേളിക്കാനും അപമാനിക്കാനും ലക്ഷ്യമിട്ടുള്ളതാണെന്ന് പരാതിയിൽ ആരോപിക്കുന്നു. സാമൂഹിക സ്പർധ വളർത്താനും വ്യക്തിഹത്യ നടത്താനും ഉദ്ദേശിച്ച് തയ്യാറാക്കിയതാണ് വീഡിയോയെന്നും പരാതിക്കാരൻ പറയുന്നു.

ദീർഘകാലത്തെ രാഷ്ട്രീയ പ്രവർത്തനത്തിലൂടെ ജനമനസ്സുകളിൽ ഇടം നേടിയ പിണറായി വിജയന്റെ പൊതുസമൂഹത്തിലുള്ള പ്രതിച്ഛായ തകർക്കുകയെന്ന ലക്ഷ്യത്തോടെയാണ് വീഡിയോ പ്രചരിപ്പിക്കുന്നതെന്നാണ് പരാതിയിലെ ആരോപണം. പ്രതിപക്ഷ നേതാവെന്ന നിലയിലുള്ള അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾക്ക് തടസ്സം സൃഷ്ടിക്കാനും പൊതുജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ പരത്താനും ഇതിലൂടെ ശ്രമിക്കുന്നതായും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

വീഡിയോയിലെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും അതിലെ പരാമർശങ്ങൾ തനിക്കും നിരവധി പേർക്കും മാനസിക പ്രയാസമുണ്ടാക്കിയതായും പരാതിക്കാരൻ പറയുന്നു. ജോസ് പാറായിവർക്കി എന്നയാൾ ഉൾപ്പെടെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ടെന്നും പരാതിയിൽ പരാമർശിക്കുന്നു.

സാമൂഹിക സംഘർഷത്തിനും തെറ്റിദ്ധാരണകൾക്കും ഇടയാക്കാൻ സാധ്യതയുള്ള വീഡിയോ അടിയന്തരമായി സാമൂഹ്യമാധ്യമങ്ങളിൽനിന്ന് നീക്കം ചെയ്യണമെന്നും ഇത് നിർമിച്ചവർക്കും വീഡിയോയിൽ സംസാരിച്ചവർക്കും പ്രചരിപ്പിച്ചവർക്കുമെതിരെ നിയമനടപടി സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

വീഡിയോയുടെ പകർപ്പ് അടങ്ങിയ പെൻഡ്രൈവും പരാതിക്കൊപ്പം പൊലീസിന് കൈമാറിയിട്ടുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി ആവശ്യമായ സാക്ഷികളെയും കൂടുതൽ തെളിവുകളെയും ഹാജരാക്കാൻ തയ്യാറാണെന്നും ജിതേഷ് അറിയിച്ചു. നവംബർ 17നാണ് തലശ്ശേരി അസിസ്റ്റന്റ് കമ്മീഷണർ ഓഫ് പൊലീസിന് പരാതി സമർപ്പിച്ചത്.

A police complaint has been filed in Thalassery alleging that a YouTube video titled 'Kinappan Vijayan's antics' was circulated to defame and insult opposition leader Pinarayi Vijayan. The complainant has sought action against those who created, spoke in, and shared the video, and has submitted a pen drive containing a copy of it.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/392165/pinarayi-vijayan-youtube-video-police-complaint)