---
title: "എഐ യുഗത്തിൽ മനുഷ്യൻ എങ്ങനെ മാറണം?"
english_title: "How Should Humans Adapt in the AI Era? Arvind Krishna Warns of Major Job Shifts"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/392131/ai-era-human-job-shift"
published_at: "2026-11-18T13:40:00+05:30"
category: "Tech-Info"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6afd5d8798410_ai-era-human-job-shift.jpg"
keywords: ["AIJobs", "WhiteCollarJobs", "ArvindKrishna", "IBM", "FutureOfWork"]
---

# എഐ യുഗത്തിൽ മനുഷ്യൻ എങ്ങനെ മാറണം?

> **Lead Summary:** ** **മനുഷ്യർ ചെയ്യുന്ന പല ജോലികളും എഐ സംവിധാനങ്ങൾക്ക് ഏറ്റെടുക്കാൻ കഴിയുന്ന അവസരത്തിൽ അടുത്ത അഞ്ച് വർഷത്തിനുള്ളിൽ വെള്ളക്കോളർ ജോലികളുടെ പകുതിയോളം എഐ ഏജന്റുകൾക്ക് ഏറ്റെടുക്കാൻ കഴിയുമെന്നാണ് ഐബിഎം സി.ഇ.ഒ അരവിന്ദ് കൃഷ്ണയുടെ വിലയിരുത്തൽ. എന്നാൽ നിലവിലുള്ള ജോലികൾ ഇല്ലാതാകുന്നതിനൊപ്പം പുതിയ തൊഴിലവസരങ്ങളും രൂപപ്പെടുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.എൻ.ഡി.ടി.വിക്ക് നൽകിയ അഭിമുഖത്തിലാണ് അരവിന്ദ് കൃഷ്ണ തൊഴിൽ മേഖലയിലെ മാറ്റങ്ങളെക്കുറിച്ച് വിശദീകരിച്ചത്.

## Article Content

** **മനുഷ്യർ ചെയ്യുന്ന പല ജോലികളും എഐ സംവിധാനങ്ങൾക്ക് ഏറ്റെടുക്കാൻ കഴിയുന്ന അവസരത്തിൽ അടുത്ത അഞ്ച് വർഷത്തിനുള്ളിൽ വെള്ളക്കോളർ ജോലികളുടെ പകുതിയോളം എഐ ഏജന്റുകൾക്ക് ഏറ്റെടുക്കാൻ കഴിയുമെന്നാണ് ഐബിഎം സി.ഇ.ഒ അരവിന്ദ് കൃഷ്ണയുടെ വിലയിരുത്തൽ. എന്നാൽ നിലവിലുള്ള ജോലികൾ ഇല്ലാതാകുന്നതിനൊപ്പം പുതിയ തൊഴിലവസരങ്ങളും രൂപപ്പെടുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.എൻ.ഡി.ടി.വിക്ക് നൽകിയ അഭിമുഖത്തിലാണ് അരവിന്ദ് കൃഷ്ണ തൊഴിൽ മേഖലയിലെ മാറ്റങ്ങളെക്കുറിച്ച് വിശദീകരിച്ചത്.

ലോകത്തെ തൊഴിൽ ശക്തിയുടെ 60 ശതമാനത്തോളം വരുന്ന പാചകം, ഹോസ്പിറ്റാലിറ്റി, ട്രക്കിങ്, വെയർഹൗസ് തുടങ്ങിയ മേഖലകളിലെ ജോലികളിൽ അഞ്ച് മുതൽ പത്ത് ശതമാനം വരെ മാത്രമേ എഐയുടെ സ്വാധീനമുണ്ടാകൂ എന്നാണ് അദ്ദേഹത്തിന്റെ കണക്ക്. എന്നാൽ തൊഴിൽ ശക്തിയുടെ 40 ശതമാനത്തോളം വരുന്ന വെള്ളക്കോളർ വിഭാഗത്തിൽ പകുതിയോളം ജോലികൾ അടുത്ത അഞ്ച് വർഷത്തിനുള്ളിൽ എഐ ഏജന്റുകൾക്ക് ചെയ്യാൻ കഴിയുമെന്നും അദ്ദേഹം പറയുന്നു.

ആവർത്തന സ്വഭാവമുള്ളതും നിശ്ചിത നിയമങ്ങൾക്കനുസരിച്ച് ചെയ്യുന്നതുമായ ജോലികളാണ് പ്രധാനമായും ഈ മാറ്റം നേരിടുക. എന്നാൽ ഇത് തൊഴിൽ അവസരങ്ങൾ പൂർണമായും ഇല്ലാതാക്കുമെന്നല്ല, എഐ ഏജന്റുകളെ വികസിപ്പിക്കുക, പരിപാലിക്കുക, അവയുടെ പ്രവർത്തനം പരിശോധിക്കുക തുടങ്ങിയ മേഖലകളിൽ പുതിയ തൊഴിലുകൾ ഉണ്ടാകും. നിലവിലുള്ള ജോലികളുടെ സ്വഭാവം മാറുന്നതിനൊപ്പം പുതിയ തൊഴിൽ മേഖലകളും രൂപപ്പെടാം. എങ്കിലും ഈ മാറ്റത്തിന്റെ ആദ്യഘട്ടം സമൂഹത്തിന് പ്രയാസകരമായിരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു.

ആവർത്തന ജോലികൾ ചെയ്യുന്നവർ പുതിയ കഴിവുകൾ വികസിപ്പിക്കേണ്ടതിന്റെ ആവശ്യകതയും കൃഷ്ണ ചൂണ്ടിക്കാട്ടുന്നു. വൈകാരിക ബുദ്ധി, സഹാനുഭൂതി, മറ്റുള്ളവരുമായി ഇടപഴകാനുള്ള കഴിവ് എന്നിവയ്ക്ക് ഭാവിയിൽ കൂടുതൽ പ്രാധാന്യം ലഭിക്കും. കസ്റ്റമർ എക്സ്പീരിയൻസ്, വയോജന പരിചരണം തുടങ്ങിയ മേഖലകളിൽ പുതിയ അവസരങ്ങൾ ഉണ്ടാകാമെന്നും അദ്ദേഹം പറയുന്നു.

വിദ്യാർഥികളുടെ കാര്യത്തിലും തൊഴിൽ നൈപുണ്യങ്ങളിൽ മാറ്റം ആവശ്യമാണ്. ഭാവിയിൽ കോഡിങ് ജോലികളുടെ വലിയൊരു ഭാഗം എഐ ഏജന്റുകൾക്ക് ചെയ്യാൻ കഴിയുമെന്നതിനാൽ പ്രോഗ്രാമിങ്ങിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചാൽ മതിയാകില്ല. സിസ്റ്റം എൻജിനീയറിങ്, സാങ്കേതിക സംവിധാനങ്ങളുടെ രൂപകൽപ്പന, എഐ നൽകുന്ന ഫലങ്ങൾ പരിശോധിക്കാനുള്ള കഴിവ് എന്നിവയും പ്രധാനമാകും.

ഇതിനൊപ്പം വിമർശനാത്മക ചിന്താശേഷിയും വളർത്തിയെടുക്കണം. മാതാപിതാക്കൾ കുട്ടികളുമായി ചർച്ചകളിലും സംവാദങ്ങളിലും ഏർപ്പെടണമെന്ന് അദ്ദേഹം നിർദേശിക്കുന്നു. വ്യത്യസ്തവും പരസ്പരവിരുദ്ധവുമായ വിവരങ്ങൾ വിശകലനം ചെയ്ത് ശരിയായ നിഗമനത്തിലെത്താനുള്ള കഴിവ് തെറ്റായ വിവരങ്ങൾ വ്യാപകമാകുന്ന കാലത്ത് ഏറെ പ്രധാനമാണെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.

കുട്ടികളെ എഐ ഉപകരണങ്ങളിൽ നിന്ന് അകറ്റിനിർത്തുന്നതിന് പകരം അവ ശരിയായി ഉപയോഗിക്കാൻ പഠിപ്പിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറയുന്നു. കാൽക്കുലേറ്ററുകളുടെ ഉപയോഗത്തെക്കുറിച്ച് മുൻകാലങ്ങളിൽ ഉണ്ടായിരുന്ന ആശങ്കകൾ ഉദാഹരിച്ചാണ് അദ്ദേഹം ഇക്കാര്യം വിശദീകരിക്കുന്നത്.

അധ്യാപകരുടെ മൂല്യനിർണയ രീതികളിലും മാറ്റം വേണം. എഐ ഉപയോഗിച്ച് എളുപ്പത്തിൽ പൂർത്തിയാക്കാവുന്ന അസൈൻമെന്റുകൾക്ക് പകരം വിദ്യാർഥികളുടെ യഥാർഥ അറിവും ചിന്താശേഷിയും പരിശോധിക്കുന്ന രീതികൾ കൊണ്ടുവരണം. ക്ലാസ് മുറികളിലെ നേരിട്ടുള്ള വിലയിരുത്തലുകൾക്ക് കൂടുതൽ പ്രാധാന്യം നൽകണമെന്നും കൃഷ്ണ അഭിപ്രായപ്പെടുന്നു.

IBM CEO Arvind Krishna says AI agents could take over nearly half of white-collar jobs within the next five years, while routine manual sectors may see only limited impact. He argues that new roles will emerge around building, maintaining, and evaluating AI systems, and that workers must develop skills such as critical thinking, empathy, and system design.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/392131/ai-era-human-job-shift)