---
title: "കസേര കൊല്ലും, പുകവലിയേക്കാൾ നിശ്ശബ്ദമായി! ദീർഘനേരം ഇരിക്കുന്നത് ശരീരത്തെ എങ്ങനെ തകർക്കുന്നു?"
english_title: "Sitting Too Long Can Harm the Body More Quietly Than Smoking"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/392119/prolonged-sitting-harms-body"
published_at: "2026-11-18T12:45:00+05:30"
category: "Health"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6afd512d99ea6_prolonged-sitting-harms-body.jpg"
keywords: ["SedentaryLifestyle", "OfficeHealth", "PhysicalActivity", "HeartDisease", "WellnessTips"]
---

# കസേര കൊല്ലും, പുകവലിയേക്കാൾ നിശ്ശബ്ദമായി! ദീർഘനേരം ഇരിക്കുന്നത് ശരീരത്തെ എങ്ങനെ തകർക്കുന്നു?

> **Lead Summary:** ** **രാവിലെ 9 മണിക്ക് കസേരയിൽ ഇരിക്കുന്നു. ഉച്ചയ്ക്ക് ഊണിന് മാത്രം ഒന്ന് എഴുന്നേൽക്കുന്നു. വീണ്ടും അതേ കസേര, അതേ കമ്പ്യൂട്ടർ. വൈകിട്ട് വീട്ടിലെത്തിയാൽ സോഫ, ഫോൺ, ടി.വി.

## Article Content

** **രാവിലെ 9 മണിക്ക് കസേരയിൽ ഇരിക്കുന്നു. ഉച്ചയ്ക്ക് ഊണിന് മാത്രം ഒന്ന് എഴുന്നേൽക്കുന്നു. വീണ്ടും അതേ കസേര, അതേ കമ്പ്യൂട്ടർ. വൈകിട്ട് വീട്ടിലെത്തിയാൽ സോഫ, ഫോൺ, ടി.വി.

ഒരു സാധാരണ ഇന്ത്യൻ ഓഫീസ് ജീവനക്കാരൻ ദിവസം 9 മുതൽ 12 മണിക്കൂർ വരെ ഇരുന്നാണ് ജോലി ചെയ്യുന്നത്. ശരാശരി ഒരു ഇന്ത്യക്കാരൻ ദിവസം നടക്കുന്നത് വെറും 4,297 ചുവടുകൾ മാത്രം. ദിവസം 5,000 ചുവടുകളിൽ താഴെ നടക്കുന്നത് ശാരീരിക അധ്വാനം കുറഞ്ഞ അവസ്ഥയായാണ് കണക്കാക്കുന്നത്. നമ്മൾ അറിയാതെ തന്നെ നമ്മുടെ ശരീരം ഒരു ‘സിറ്റിങ് രോഗ’ത്തിലേക്ക് വഴുതി വീഴുകയാണ്.

ദീർഘനേരം ഇരിക്കുമ്പോൾ ആദ്യം ബാധിക്കുന്നത് പേശികളെയും എല്ലുകളെയുമാണ്. കഴുത്ത്, തോളുകൾ, നടുവ്, ഇടുപ്പ്... എവിടെയെങ്കിലും ഒരു വേദന, ഒരു മുറുക്കം. ശരിയായ ഇരിപ്പുരീതി പാലിക്കാതെ, ഇടവേളകളില്ലാതെ ജോലി ചെയ്താൽ ഈ വേദനകൾ സ്ഥിരമാകും. അതുമാത്രമല്ല, ശരീരത്തിൽ കൊഴുപ്പ് അടിഞ്ഞുകൂടാനും ഇരിപ്പ് കാരണമാകുന്നു.

ലോകാരോഗ്യ സംഘടന പറയുന്നത് കേൾക്കണം: ശാരീരിക പ്രവർത്തനങ്ങളുടെ അഭാവം ഹൃദ്രോഗം, ടൈപ്പ് 2 പ്രമേഹം, ചിലതരം അർബുദങ്ങൾ എന്നിവയുടെ സാധ്യത വർധിപ്പിക്കുന്ന പ്രധാന ഘടകങ്ങളിലൊന്നാണ്. ജോലിക്കിടയിലെ ക്ഷീണം, ശ്രദ്ധക്കുറവ്, രാത്രി ഉറക്കം കിട്ടാത്ത അവസ്ഥ... ഇതിനെല്ലാം പിന്നിലും ഈ നിശ്ശബ്ദ ഇരിപ്പുണ്ടെന്ന് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു.

ഇന്നത്തെ തൊഴിൽസംസ്കാരത്തിൽ ഇരിപ്പ് പൂർണമായും ഒഴിവാക്കുക എളുപ്പമല്ല. പക്ഷേ, അതിന്റെ ആഘാതം കുറയ്ക്കാൻ ചെറിയ ശീലങ്ങൾ മതി.

- ഓരോ 30 മിനിറ്റിലും ഒന്ന് എഴുന്നേറ്റ് നടക്കുക

- ഫോൺ കോളുകൾ സംസാരിക്കുമ്പോൾ നടക്കാൻ ശ്രമിക്കുക

- ലിഫ്റ്റിന് പകരം പടികൾ ഉപയോഗിക്കുക

- ഭക്ഷണത്തിന് ശേഷം അൽപസമയം നടക്കുക

ആഴ്ചയിൽ 150 മുതൽ 300 മിനിറ്റ് വരെ മിതമായ വ്യായാമവും, കുറഞ്ഞത് രണ്ട് ദിവസമെങ്കിലും പേശികളെ ശക്തിപ്പെടുത്തുന്ന വ്യായാമങ്ങളും ചെയ്യണമെന്നാണ് ലോകാരോഗ്യ സംഘടനയുടെ നിർദേശം.

ആവശ്യത്തിന് ഉറക്കം, സമീകൃതാഹാരം, കൃത്യമായ ഇടവേളകളിലെ ചലനം... ഇത്രയേ വേണ്ടൂ. കസേര നിങ്ങളെ കൊല്ലാൻ അനുവദിക്കരുത്. ഇടയ്ക്കൊന്ന് എഴുന്നേറ്റു നിൽക്കൂ, ജീവിതത്തിലേക്ക് നടന്നു കയറൂ.

Prolonged sitting has become a hidden health risk for many office workers, with long hours in chairs linked to pain, fatigue and reduced physical activity. The article explains how inactivity raises the risk of heart disease, type 2 diabetes and some cancers, and recommends simple habits like standing up regularly and walking more.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/392119/prolonged-sitting-harms-body)