---
title: "എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സ് സമരം നിർണായക ഘട്ടത്തിലേക്ക്; ആവശ്യങ്ങൾ മന്ത്രിസഭ പരിഗണിക്കും, സർക്കാർ തീരുമാനം ഇന്നുണ്ടായേക്കും"
english_title: "LPST Rank Holders’ Protest Reaches Crucial Stage; Cabinet to Discuss Today"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/392056/lpst-rank-holders-protest-cabinet-discussion"
published_at: "2026-11-18T06:27:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6afcf865cd78c_lpst-rank-holders-protest-cabinet-discussion.jpg"
keywords: ["KeralaNews", "EducationProtest", "LPSTRankList", "CabinetMeeting", "TeacherRecruitment"]
---

# എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സ് സമരം നിർണായക ഘട്ടത്തിലേക്ക്; ആവശ്യങ്ങൾ മന്ത്രിസഭ പരിഗണിക്കും, സർക്കാർ തീരുമാനം ഇന്നുണ്ടായേക്കും

> **Lead Summary:** തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിൽ അനിശ്ചിതകാല സമരം തുടരുന്ന എൽപിഎസ്ടി റാങ്ക് ലിസ്‌റ്റുകാരുടെ പ്രശ്നങ്ങളും ആവശ്യങ്ങളും മന്ത്രിസഭായോഗം ഇന്ന് ചർച്ച ചെയ്യും. സമരം അവസാനിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണ് മന്ത്രിസഭ വിഷയം പരിഗണിക്കുന്നത്.

## Article Content

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിൽ അനിശ്ചിതകാല സമരം തുടരുന്ന എൽപിഎസ്ടി റാങ്ക് ലിസ്‌റ്റുകാരുടെ പ്രശ്നങ്ങളും ആവശ്യങ്ങളും മന്ത്രിസഭായോഗം ഇന്ന് ചർച്ച ചെയ്യും. സമരം അവസാനിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണ് മന്ത്രിസഭ വിഷയം പരിഗണിക്കുന്നത്.

ഡിവിഷൻ ഫാൾ വന്ന സ്കൂളുകളിലെങ്കിലും വിദ്യാർത്ഥി-അധ്യാപക അനുപാതം കുറയ്ക്കാനുള്ള നീക്കത്തിനാണ് സാധ്യത. ഒപ്പം നേരത്തെ സമരക്കാർക്ക് നൽകിയ നാല് ഉറപ്പുകൾ ഉത്തരവായി പുറത്തിറക്കുന്നതും പരിഗണനയിലുണ്ട്.

എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്‌സുമായി സർക്കാർ ഇന്ന് ചർച്ചയും നടത്തും. മന്ത്രിസഭാ യോഗത്തിന് ശേഷം വളർമതി ഉൾപ്പെടെയുള്ള റാങ്ക് ഹോൾഡേഴ്സ് വിദ്യാഭ്യാസ മന്ത്രിയെ കാണും. ഡിവിഷൻ ഫോൾ വന്ന എൽപി സ്കൂളുകളിൽ അധ്യാപക-വിദ്യാർഥി അനുപാതം 1:25 ആയി കുറയ്ക്കണം എന്നതാണ് സമരസമിതിയുടെ പ്രധാന ആവശ്യം. അങ്ങനെയെങ്കിൽ പ്രതിവർഷം 800 നിയമനങ്ങൾ നടക്കും.

അതേസമയം റാങ്ക് ലിസ്റ്റ് നീട്ടി നൽകി നിശ്ചിത വർഷത്തേക്ക് മാത്രം അനുപാതം കുറച്ച് സമരം അവസാനിപ്പിക്കുന്നതുൾപ്പെടെയുള്ള നീക്കത്തിലേക്കാണ് സർക്കാർ കടക്കുന്നത് എന്നാണ് സൂചന. സെക്രട്ടേറിയറ്റിനു മുന്നിൽ നടക്കുന്ന സമരം ഇന്ന് 136-ാം ദിവസത്തിലേക്ക് കടന്നു.

24 ദിവസമായി നിരാഹാരം തുടരുന്ന വളർമതി തിരുവനന്തപുരം ജനറൽ ആശുപത്രി ഐസിയുവിലാണ്. മെഡിക്കല്‍ കോളജില്‍ നിന്നും മെഡിക്കല്‍ സംഘമെത്തി ഇന്നലെ വളര്‍മതിയെ പരിശോധിക്കുകയും ആരോഗ്യാവസ്ഥ ഗുരുതരമാണെന്ന കാര്യം അറിയിക്കുകയും ചെയ്തിരുന്നു.

നിരാഹാരം തുടർന്നാൽ ജീവൻ അപകടത്തിലാകുമെന്ന് ആശുപത്രിയിലെ ഡോക്ടർമാർ വളർമതിക്ക് മുന്നറിയിപ്പ് നൽകി. നിർജലീകരണം സംഭവിച്ച് ഞരമ്പുകൾ ചുരുങ്ങിയതിനാൽ ഡ്രിപ്പ് ഇടുന്നതിന് ബുദ്ധിമുട്ടുണ്ട്.

രക്തത്തിലെ ഇലക്ട്രോലൈറ്റുകൾ തീരെ കുറഞ്ഞെന്നും ആർഎംഒ അറിയിച്ചു. നിരാഹാരം അവസാനിപ്പിക്കണമെന്ന് ആശുപത്രി അധികൃതർ നിർദേശം നൽകിയെങ്കിലും വളർമതി തയാറായിട്ടില്ല. സമരപ്പന്തലിൽ റാങ്ക് ഹോൾഡർ എം.ജയകൃഷ്ണനും നിരാഹാരം തുടരുകയാണ്.

The Kerala cabinet is set to discuss the demands of the LPST rank holders, who have been on an indefinite strike in front of the Secretariat. The government is also expected to hold talks with the protesters and may consider steps to reduce the student-teacher ratio in affected schools and issue earlier assurances as an order.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/392056/lpst-rank-holders-protest-cabinet-discussion)