---
title: "വി.ഇ.എച്ച് ഗ്ലോബൽ കരാർ പകൽക്കൊള്ള; 4 രൂപയ്ക്ക് കിട്ടേണ്ട വൈദ്യുതി 11 രൂപയ്ക്ക് വാങ്ങി — പിണറായി വിജയൻ"
english_title: "Pinarayi Vijayan Calls VH Global Power Deal a Scam"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/392026/pinarayi-vijayan-vh-global-power-deal"
published_at: "2026-11-17T20:09:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6afc679556bdf_pinarayi-vijayan-vh-global-power-deal.jpg"
keywords: ["PinarayiVijayan", "VHGlobal", "KSEB", "KeralaNews", "PowerDeal"]
---

# വി.ഇ.എച്ച് ഗ്ലോബൽ കരാർ പകൽക്കൊള്ള; 4 രൂപയ്ക്ക് കിട്ടേണ്ട വൈദ്യുതി 11 രൂപയ്ക്ക് വാങ്ങി — പിണറായി വിജയൻ

> **Lead Summary:** തിരുവനന്തപുരം: വി.ഇ.എച്ച് ഗ്ലോബൽ കമ്പനിയുമായി ഉണ്ടാക്കിയ വൈദ്യുതി കരാർ പകൽക്കൊള്ളയാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ടെൻഡറോ റെഗുലേറ്ററി കമ്മീഷന്റെ അനുമതിയോ ഇല്ലാതെ, 4 രൂപയിൽ താഴെ ലഭിക്കേണ്ട കാറ്റാടി വൈദ്യുതി യൂണിറ്റിന് 11 രൂപ നിരക്കിൽ വാങ്ങാൻ തീരുമാനിച്ചതാണെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

## Article Content

തിരുവനന്തപുരം: വി.ഇ.എച്ച് ഗ്ലോബൽ കമ്പനിയുമായി ഉണ്ടാക്കിയ വൈദ്യുതി കരാർ പകൽക്കൊള്ളയാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ടെൻഡറോ റെഗുലേറ്ററി കമ്മീഷന്റെ അനുമതിയോ ഇല്ലാതെ, 4 രൂപയിൽ താഴെ ലഭിക്കേണ്ട കാറ്റാടി വൈദ്യുതി യൂണിറ്റിന് 11 രൂപ നിരക്കിൽ വാങ്ങാൻ തീരുമാനിച്ചതാണെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

ഹിമാചൽ പവർ കോർപ്പറേഷനിൽ നിന്നുള്ള വൈദ്യുതിയും എനർജി എക്സ്ചേഞ്ചിലെ നിരക്കിനേക്കാൾ ഉയർന്ന നിരക്കിലാണ് വാങ്ങിയതെന്ന് പിണറായി ആരോപിച്ചു. യൂണിറ്റിന് *14.50 രൂപ* നിരക്കിൽ ഒക്ടോബറിൽ മാത്രം *282 കോടി രൂപയുടെ* വൈദ്യുതിയാണ് കരാർ പ്രകാരം ഹിമാചലിൽ നിന്ന് വാങ്ങിയത്.

> *"ഫയലിൽ മുഖ്യമന്ത്രി നേരിട്ട് ഉത്തരവ്"*

നിയമ-ധന വകുപ്പുകളുടെ പരിശോധനയില്ലാതെ ഫയലിൽ മുഖ്യമന്ത്രി നേരിട്ട് ഉത്തരവ് നൽകിയ ഈ രണ്ട് ഇടപാടുകളും ദുരൂഹമാണെന്ന് പിണറായി ആരോപിച്ചു.

കെ.എസ്.ഇ.ബി ചെയർമാനും പവർ സെക്രട്ടറിയും ഒരാൾ തന്നെയായിരുന്നതിനാൽ, വി.ഇ.എച്ച് ഗ്ലോബലുമായുള്ള ഇടപാട് ഐ.എ.എസ് തലത്തിൽ മാത്രം നടന്നതെന്ന രീതിയിൽ ചിത്രീകരിക്കാൻ ശ്രമം നടന്നുവെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഫയൽ നീക്കങ്ങൾ പുറത്തുവന്നതോടെ മുഖ്യമന്ത്രി കണ്ടംഗീകരിച്ചാണ് വൈദ്യുതി വാങ്ങാനുള്ള സർക്കാർ നിർദ്ദേശം നൽകിയതെന്ന് വ്യക്തമാകുന്നുവെന്നും പിണറായി ചൂണ്ടിക്കാട്ടി.

കേരളത്തിൽ അത്തരം ഒരു കരാറിലേർപ്പെടാൻ അടിയന്തര സാഹചര്യമൊന്നും ഉണ്ടായിരുന്നില്ലെന്നും, ഉണ്ടായിരുന്നെങ്കിൽ തന്നെ വൈദ്യുതി ഉറപ്പുള്ള കരാറിലായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

*17 ദിവസം മാത്രം വൈദ്യുതി*

ഈ കരാറിൽ നിന്ന് 17 ദിവസം മാത്രമേ വൈദ്യുതി കിട്ടിയുള്ളൂവെന്നും, വാഗ്ദാനം ചെയ്തതിന്റെ പത്ത് ശതമാനം പോലും ലഭിച്ചിട്ടില്ലെന്നും പുറത്തുവരുന്ന വിവരങ്ങളുണ്ടെന്ന് പിണറായി പറഞ്ഞു.

നവംബർ 10-ന് നൽകിയ പത്രക്കുറിപ്പിൽ ജി.എൻ.എ കരാർ റദ്ദാക്കിയതുകൊണ്ട് പ്രശ്നം അവസാനിക്കുന്നില്ലെന്നും ജുഡീഷ്യൽ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടിരുന്നതായി അദ്ദേഹം ഓർമിപ്പിച്ചു. എന്നാൽ പിറ്റേ ദിവസം നടത്തിയ പത്രസമ്മേളനത്തിൽ മുഖ്യമന്ത്രി ഇതേക്കുറിച്ച് ഒന്നും പറഞ്ഞില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

വി.ഇ.എച്ച് ഗ്ലോബലുമായുള്ള കരാറിനെക്കുറിച്ച് റെഗുലേറ്ററി കമ്മീഷൻ ഉന്നയിച്ച 15 ചോദ്യങ്ങളും യു.ഡി.എഫ് സർക്കാരിന്റെ വഴിവിട്ട നീക്കങ്ങളെയാണ് തുറന്നുകാട്ടുന്നതെന്നും പിണറായി ആരോപിച്ചു.

വൈദ്യുതി പ്രതിസന്ധിയുമായി ബന്ധപ്പെട്ട് സംസ്ഥാനം സ്വീകരിച്ച നടപടികളാകെ സംശയം സൃഷ്ടിക്കുന്നതും ജനങ്ങൾക്ക് അമിതഭാരവും ദുരിതവും സമ്മാനിക്കുന്നതുമാണെന്നും അദ്ദേഹം പറഞ്ഞു. ബന്ധപ്പെട്ട എല്ലാ രേഖകളും പുറത്തുവിടാനും സമഗ്രമായ ജുഡീഷ്യൽ അന്വേഷണം നടത്താനും സർക്കാർ തയ്യാറാകണമെന്നും പിണറായി ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/392026/pinarayi-vijayan-vh-global-power-deal)