---
title: "വിദേശ യൂട്യൂബറോട് 'ഒരു ചുംബനം തരൂ' എന്ന് ആവശ്യപ്പെട്ട് പിന്തുടർന്ന് ശല്യം ചെയ്തു ; 23-കാരൻ അറസ്റ്റിൽ, വീഡിയോ കണ്ടത് 60 ലക്ഷം പേർ"
english_title: "Man arrested for harassing foreign YouTuber JustKeth in Udaipur"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/392019/man-arrested-harassing-foreign-youtuber-udaipur"
published_at: "2026-11-17T19:27:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6afc5d6a6d193_man-arrested-harassing-foreign-youtuber-udaipur.jpg"
keywords: ["JustKeth", "UdaipurPolice", "WomenSafety", "CrimeNews", "ViralVideo"]
---

# വിദേശ യൂട്യൂബറോട് 'ഒരു ചുംബനം തരൂ' എന്ന് ആവശ്യപ്പെട്ട് പിന്തുടർന്ന് ശല്യം ചെയ്തു ; 23-കാരൻ അറസ്റ്റിൽ, വീഡിയോ കണ്ടത് 60 ലക്ഷം പേർ

> **Lead Summary:** ഉദയ്പുർ:തായ്-ഫ്രഞ്ച് യൂട്യൂബർ ജസ്റ്റ്‌കെത്തിനെ പൊതുസ്ഥലത്ത് പിന്തുടർന്ന് ശല്യം ചെയ്ത 23-കാരൻ അറസ്റ്റിൽ. ഉദയ്പുർ സ്വദേശി അഫ്താബിനെയാണ് പോലീസ് പിടികൂടിയത്. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെയാണ് പോലീസ് നടപടി എടുത്തത്.

## Article Content

ഉദയ്പുർ:തായ്-ഫ്രഞ്ച് യൂട്യൂബർ ജസ്റ്റ്‌കെത്തിനെ പൊതുസ്ഥലത്ത് പിന്തുടർന്ന് ശല്യം ചെയ്ത 23-കാരൻ അറസ്റ്റിൽ. ഉദയ്പുർ സ്വദേശി അഫ്താബിനെയാണ് പോലീസ് പിടികൂടിയത്. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെയാണ് പോലീസ് നടപടി എടുത്തത്.

നഗരത്തിലെ ടൗൺഹാൾ ഗാർഡനിൽ രാത്രി ലൈവ് സ്ട്രീമിങ് നടത്തുന്നതിനിടെയായിരുന്നു സംഭവം. തിരക്കേറിയ പൊതുസ്ഥലത്ത് വെച്ച് യുവതിയെ പിന്തുടർന്നെത്തിയ അഫ്താബ് *'ഒരു ചുംബനം തരൂ, ചുണ്ടിൽ ഒരു ചുംബനം തരൂ'* എന്ന് ആവശ്യപ്പെട്ടു. യുവതി പലതവണ വിസമ്മതിച്ചിട്ടും ഇയാൾ പിന്മാറിയില്ല.

പിന്നീട് ഫോട്ടോ എടുക്കാമോ എന്ന് ചോദിച്ചപ്പോൾ യുവതി സമ്മതിച്ചു. മടങ്ങിപ്പോകുന്നതിനിടെ ഹസ്തദാനത്തിനായി കൈനീട്ടിയ യുവാവിന് യുവതി മുഷ്ടി ചുരുട്ടി ‘ഫിസ്റ്റ് ബംപ്’ നൽകി മടങ്ങുകയായിരുന്നു.

ജസ്റ്റ്‌കെത്ത് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോ ഇതിനകം *60 ലക്ഷത്തിലേറെ പേർ* കണ്ടു. 'കുറഞ്ഞപക്ഷം അയാൾ ചോദിക്കുകയെങ്കിലും ചെയ്തു' എന്ന കുറിപ്പോടെയാണ് യുവതി വീഡിയോ പോസ്റ്റ് ചെയ്തത്. സ്ത്രീകളുടെ സുരക്ഷ, സമ്മതം, വ്യക്തിപരമായ അതിരുകൾ എന്നിവയെക്കുറിച്ചുള്ള വലിയ ചർച്ചയ്ക്കും ദൃശ്യങ്ങൾ വഴിവെച്ചു.

*150 സിസിടിവി പരിശോധിച്ച് പിടികൂടി*

ടൗൺഹാൾ ഗാർഡനിൽ എത്തുന്ന വിനോദസഞ്ചാരികളെയും സന്ദർശകരെയും ഇയാൾ പതിവായി അശ്ലീല പാട്ടുകൾ പാടി ശല്യം ചെയ്യാറുണ്ടെന്ന് പോലീസ് പറഞ്ഞു.

നവംബർ 16-നാണ് അന്വേഷണത്തിന് തുടക്കമായത്. ഇത്തരത്തിൽ ഒരാൾ ശല്യം ചെയ്യുന്നുണ്ടെന്ന വിവരം രഹസ്യാന്വേഷണ വിഭാഗത്തിലെ കോൺസ്റ്റബിൾ ഹിതേന്ദ്ര സിങ്ങിന് ലഭിച്ചിരുന്നു. പിന്നാലെ പോലീസ് അന്വേഷണം തുടങ്ങുന്നതിനിടെയാണ് ജസ്റ്റ്‌കെത്തിന്റെ വീഡിയോ ശ്രദ്ധയിൽപ്പെട്ടത്.

തുടർന്ന് പോലീസ് സ്വമേധയാ കേസെടുത്തു. പ്രതിയെ കണ്ടെത്താൻ സംഭവസ്ഥലത്തും പരിസരത്തുമായി സ്ഥാപിച്ചിരുന്ന *150-ഓളം സിസിടിവി ക്യാമറകളിലെ* ദൃശ്യങ്ങൾ പരിശോധിച്ചാണ് അഫ്താബിനെ തിരിച്ചറിഞ്ഞത്.

വിദേശ വനിതാ വിനോദസഞ്ചാരിയുമായി ബന്ധപ്പെട്ട സംഭവമായതിനാലും സ്ത്രീകളുടെ സുരക്ഷ കണക്കിലെടുത്തും കേസ് അതീവ പ്രാധാന്യത്തോടെയാണ് പരിഗണിച്ചതെന്ന് ഉദയ്പുർ പോലീസ് സൂപ്രണ്ട് അമൃത ദുഹാൻ അറിയിച്ചു.

[https://www.instagram.com/p/DftetL2T41A/?utm_source=ig_embed&utm_campaign=embed_video_watch_again](https://www.instagram.com/p/DftetL2T41A/?utm_source=ig_embed&utm_campaign=embed_video_watch_again)

### Related Links & Sources
- [Original Story Source](https://truevisionnews.com/news/392019/man-arrested-harassing-foreign-youtuber-udaipur)