---
title: "'ജുനൈദിന്റെ മരണത്തിൽ ഒടുവിൽ നടപടി'; കെഎസ്ഇബി അസിസ്റ്റന്റ് എൻജിനീയർക്ക് സസ്പെൻഷൻ, കുടുംബത്തിന് 10 ലക്ഷം ധനസഹായം പ്രഖ്യാപിച്ചു"
english_title: "Action Finally Taken in Junaid’s Death; KSEB Assistant Engineer Suspended"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/391967/junaid-death-kseb-assistant-engineer-suspended"
published_at: "2026-11-17T12:12:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6afbf82a691e4_junaid-death-kseb-assistant-engineer-suspended.jpg"
keywords: ["KSEB", "ElectricitySafety", "Malappuram", "Suspension", "Compensation"]
---

# 'ജുനൈദിന്റെ മരണത്തിൽ ഒടുവിൽ നടപടി'; കെഎസ്ഇബി അസിസ്റ്റന്റ് എൻജിനീയർക്ക് സസ്പെൻഷൻ, കുടുംബത്തിന് 10 ലക്ഷം ധനസഹായം പ്രഖ്യാപിച്ചു

> **Lead Summary:** മലപ്പുറം: തിരൂരങ്ങാടിയില്‍ സ്റ്റേ വയറില്‍നിന്ന് വൈദ്യുതാഘാതമേറ്റ് 14കാരൻ മരിച്ച സംഭവത്തില്‍ നടപടിയുമായി കെഎസ്ഇബി. സംഭവവുമായി ബന്ധപ്പെട്ട് നടത്തിയ പ്രാഥമിക വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ വെണ്ണിയൂര്‍ സെക്ഷന്‍ അസിസ്റ്റന്റ് എഞ്ചിനീയറെ സര്‍വീസില്‍ നിന്ന് അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തു.

## Article Content

മലപ്പുറം: തിരൂരങ്ങാടിയില്‍ സ്റ്റേ വയറില്‍നിന്ന് വൈദ്യുതാഘാതമേറ്റ് 14കാരൻ മരിച്ച സംഭവത്തില്‍ നടപടിയുമായി കെഎസ്ഇബി. സംഭവവുമായി ബന്ധപ്പെട്ട് നടത്തിയ പ്രാഥമിക വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ വെണ്ണിയൂര്‍ സെക്ഷന്‍ അസിസ്റ്റന്റ് എഞ്ചിനീയറെ സര്‍വീസില്‍ നിന്ന് അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തു.

ഉത്തരവാദികളെന്ന് കണ്ടെത്തുന്ന മറ്റ് ജീവനക്കാര്‍ക്കെതിരെയും ഉചിതമായ അച്ചടക്കനടപടികള്‍ സ്വീകരിക്കുമെന്നും കെഎസ്ഇബി വ്യക്തമാക്കി. സംഭവം ഒരു പ്രത്യേക കേസ് ആയി പരിഗണിച്ച് മരിച്ച വിദ്യാര്‍ത്ഥിയുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപ സാമ്പത്തിക സഹായം അനുവദിക്കുന്നതിന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ് സംസ്ഥാന വൈദ്യുതി ബോര്‍ഡിന് നിര്‍ദേശം നല്‍കി.

ഇത്തരം അപകടങ്ങള്‍ ആവര്‍ത്തിക്കാതിരിക്കുന്നതിനായി സംസ്ഥാനത്തുടനീളമുള്ള വൈദ്യുതി ലൈനുകളും അനുബന്ധ സംവിധാനങ്ങളും കെഎസ്ഇബി ജീവനക്കാര്‍ അടിയന്തരമായി പട്രോളിങ് നടത്തി പരിശോധിക്കും.

ഈ സുരക്ഷാ പരിശോധനാ ഡ്രൈവിന്റെ ഭാഗമായി അപകടസാധ്യതയുള്ള സ്ഥലങ്ങളില്‍ പ്രത്യേക സുരക്ഷാ ഓഡിറ്റും നടത്താന്‍ വൈദ്യുതി മന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്. പരിശോധനയിലും ഓഡിറ്റിലും കണ്ടെത്തുന്ന സുരക്ഷാവീഴ്ചകളും അപകടസാധ്യതകളും അടിയന്തരമായി പരിഹരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും.

ഇതോടൊപ്പം ഇക്കാര്യത്തിലുള്ള നിയമപരമായ പരിശോധന പൂര്‍ത്തിയാക്കുന്നതിന് ചീഫ് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പൊതുജനങ്ങളുടെയും പ്രത്യേകിച്ച് കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കുന്നതിന് വൈദ്യുതി വിതരണ സംവിധാനങ്ങളുമായി ബന്ധപ്പെട്ട എല്ലാ സുരക്ഷാ മുന്‍കരുതലുകളും കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനും ബോര്‍ഡ് നടപടി സ്വീകരിക്കും.

അപകടത്തില്‍ ജീവന്‍ നഷ്ടപ്പെട്ട വിദ്യാര്‍ത്ഥിയുടെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നതായും കുടുംബത്തിന് ആവശ്യമായ എല്ലാ പിന്തുണയും ഉറപ്പാക്കുമെന്നും വൈദ്യുതി മന്ത്രി അറിയിച്ചു. നേരത്തെ, കുട്ടിയുടെ പിതാവിനെ സണ്ണി ജോസഫ് നേരിട്ട് ഫോണില്‍ വിളിച്ചിരുന്നു. കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാന്‍ നിര്‍ദേശം നല്‍കിയതായി അദ്ദേഹം കുട്ടിയുടെ പിതാവിനെ അറിയിച്ചിരുന്നു.

സംഭവത്തില്‍ വൈദ്യുതി മന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി യൂത്ത് ലീഗ് രംഗത്തെത്തിയിരുന്നു. വൈദ്യുതി മന്ത്രി നേരത്തെ ഇടപെടണമെന്നാണ് യൂത്ത് ലീഗ് വിമര്‍ശിച്ചത്. കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരായ നടപടി അനന്തമായി നീളുകയാണെന്നും കേസ് ഇപ്പോള്‍ അട്ടിമറിക്കാനുള്ള ശ്രമം ആണ് നടക്കുന്നതെന്നും യൂത്ത് ലീഗ് കുറ്റപ്പെടുത്തി. വിഷയത്തില്‍ മുഖ്യമന്ത്രി ഇടപെടണമെന്നും യൂത്ത് ലീഗ് ആവശ്യപ്പെട്ടിരുന്നു.

അതേസമയം, സ്റ്റേ വയര്‍ പൊട്ടിയ സംഭവത്തില്‍ തങ്ങളുടെ ഭാഗം ന്യായീകരിക്കാനും കെഎസ്ഇബി ശ്രമിച്ചിരുന്നു. കൃഷി സ്ഥലത്ത് ഉണ്ടായിരുന്ന ട്രാക്ടര്‍ നിലം ഉഴുതുന്നതിനിടെയാണ് സ്റ്റേ വയര്‍ പൊട്ടിയതെന്നാണ് കെഎസ്ഇബിയുടെ വാദം. ഇതില്‍ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. വെന്നിയൂര്‍ സെക്ഷന്‍ അസിസ്റ്റന്റ് എന്‍ജിനിയറാണ് താനൂര്‍ പോലീസില്‍ പരാതി നല്‍കിയത്. സംഭവത്തില്‍ തങ്ങളുടെ വീഴ്ചയല്ലെന്നും കെഎസ്ഇബി പരാതിയില്‍ പറഞ്ഞിരുന്നു.

KSEB has suspended the Venniyur section assistant engineer in connection with the death of 14-year-old Junaid after a preliminary inquiry. The Electricity Minister also directed that the boy’s family be given Rs 10 lakh in financial assistance and ordered a statewide safety inspection drive.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/391967/junaid-death-kseb-assistant-engineer-suspended)