---
title: "ശ്വാസം മുട്ടുന്ന രാജ്യതലസ്ഥാനം; ലോകത്തെ ഏറ്റവും മലിന നഗരമായി ഡൽഹി"
english_title: "Delhi Becomes the World’s Most Polluted City as Air Quality Worsens"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/391959/delhi-world-most-polluted-city"
published_at: "2026-11-17T11:31:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6afbedecca535_delhi-world-most-polluted-city.jpg"
keywords: ["DelhiPollution", "AirQuality", "AQIAlert", "PublicHealth", "UrbanPollution"]
---

# ശ്വാസം മുട്ടുന്ന രാജ്യതലസ്ഥാനം; ലോകത്തെ ഏറ്റവും മലിന നഗരമായി ഡൽഹി

> **Lead Summary:** **ന്യൂഡൽഹി: ** രാജ്യതലസ്ഥാനത്തെ വായു ഗുണനിലവാരം അതീവ ഗുരുതരമായ സാഹചര്യത്തിലേക്ക്. പാകിസ്ഥാനിലെ ലാഹോറിനെ പിന്തള്ളി ലോകത്തിലെ ഏറ്റവും മലിനീകരിക്കപ്പെട്ട നഗരമായി ഡൽഹി മാറി.

## Article Content

**ന്യൂഡൽഹി: ** രാജ്യതലസ്ഥാനത്തെ വായു ഗുണനിലവാരം അതീവ ഗുരുതരമായ സാഹചര്യത്തിലേക്ക്. പാകിസ്ഥാനിലെ ലാഹോറിനെ പിന്തള്ളി ലോകത്തിലെ ഏറ്റവും മലിനീകരിക്കപ്പെട്ട നഗരമായി ഡൽഹി മാറി.

കണക്കുകൾ പ്രകാരം ഡൽഹിയിലെ ശരാശരി എ.ക്യു.ഐ. നിലവിൽ 348-നും 386-നും ഇടയിലാണ്. എന്നാൽ ചില പ്രദേശങ്ങളിൽ മലിനീകരണ തോത് 400 മുതൽ 490 വരെ ഉയർന്നത് ആശങ്ക വർദ്ധിപ്പിക്കുന്നുണ്ട്. വായു മലിനീകരണം രൂക്ഷമായതോടെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.

**ഓരോ ശ്വാസവും വിഷം**

വായുമലിനീകരണം ഇന്ന് ലോകത്തെ ഏറ്റവും വലിയ ആരോഗ്യപ്രതിസന്ധികളിലൊന്നായി മാറിയിരിക്കുകയാണ്. ശ്വാസകോശ സംബന്ധമായ അസുഖങ്ങളിൽ മാത്രം ഒതുങ്ങുന്നതല്ല ഇതിന്റെ ആഘാതം. ഹൃദയത്തിന്റെ പ്രവർത്തനങ്ങളെയും ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തെയും ഒരുപോലെ ബാധിക്കുന്ന മലിനീകരണം പതിയെ മനുഷ്യജീവിതത്തെ കാർന്നുതിന്നുകയാണ്.

ഒറ്റയടിക്ക് മരണത്തിലേക്ക് നയിക്കുന്നില്ലെങ്കിലും ഓരോ ശ്വാസത്തോടൊപ്പം ശരീരത്തിലെത്തുന്ന വിഷാംശങ്ങൾ ദീർഘകാലാടിസ്ഥാനത്തിൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് വഴിയൊരുക്കുന്നു.

**ഗർഭസ്ഥ ശിശു മുതൽ വൃദ്ധൻ വരെ**

ഗർഭാവസ്ഥയിൽ തന്നെ വായുമലിനീകരണത്തിന്റെ ആഘാതം തുടങ്ങാമെന്നതാണ് ഇതിനെ കൂടുതൽ ഗൗരവകരമാക്കുന്നത്. ഗർഭസ്ഥ ശിശുക്കൾ മുതൽ കുട്ടികൾ, കൗമാരക്കാർ, പ്രായമായവർ എന്നിവരിൽ വരെ മലിനമായ വായുവിന്റെ പ്രത്യാഘാതങ്ങൾ പ്രകടമാകാം.

കുട്ടികളുടെ ശാരീരിക വളർച്ചയെയും ശ്വാസകോശത്തെയും ബാധിക്കുന്നതിനൊപ്പം ജീവിതകാലം മുഴുവൻ നീണ്ടുനിൽക്കുന്ന ആരോഗ്യപ്രശ്നങ്ങൾക്കും ഇത് കാരണമാകുന്നു. അതുകൊണ്ടുതന്നെ വായുമലിനീകരണം ഇന്നത്തെ തലമുറയുടെ മാത്രം പ്രശ്നമല്ല, വരുംതലമുറയുടെ ആരോഗ്യത്തെയും ബാധിക്കുന്ന പ്രതിസന്ധിയാണ്.

**പാവപ്പെട്ടവർക്ക് ഇരട്ട പ്രഹരം**

വായുമലിനീകരണം എല്ലാവരെയും ഒരുപോലെയല്ല ബാധിക്കുന്നത്. പ്രായം, ലിംഗം, സാമ്പത്തിക സാഹചര്യം, പോഷകാഹാര ലഭ്യത തുടങ്ങിയ ഘടകങ്ങൾ ഇതിന്റെ തീവ്രത നിർണയിക്കുന്നു. മലിനീകരണം കൂടുതലുള്ള പ്രദേശങ്ങളിൽ താമസിക്കുന്ന സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് അതിൽനിന്ന് ഒഴിഞ്ഞുമാറാനുള്ള സാഹചര്യങ്ങൾ കുറവാണ്.

ഞെട്ടിക്കുന്ന മരണക്കണക്ക്

വായുമലിനീകരണം മൂലമുള്ള മരണങ്ങളുടെ കണക്കുകളും പ്രതിസന്ധിയുടെ വ്യാപ്തി വ്യക്തമാക്കുന്നു. 2021-ൽ ലോകത്താകെ 81 ലക്ഷം മരണങ്ങൾ വായുമലിനീകരണവുമായി ബന്ധപ്പെട്ടിരുന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതിൽ 21 ലക്ഷം മരണങ്ങളും ഇന്ത്യയിലായിരുന്നു.

രാജ്യത്ത് 2009 മുതൽ 2019 വരെയുള്ള കാലയളവിൽ വായുനിലവാര മാർഗനിർദേശങ്ങൾക്ക് മുകളിലുള്ള മലിനീകരണവുമായി ബന്ധപ്പെട്ട് ഏകദേശം 38 ലക്ഷം മരണങ്ങൾ സംഭവിച്ചതായും കണക്കുകൾ വ്യക്തമാക്കുന്നു.

**കാരണം വാഹനപ്പെരുപ്പം**

സ്വകാര്യ വാഹനങ്ങളുടെ എണ്ണം വർധിക്കുന്നത്, ഗതാഗതക്കുരുക്ക്, മലിനീകരണം സൃഷ്ടിക്കുന്ന ഇന്ധനങ്ങളെ ആശ്രയിക്കുന്നത് തുടങ്ങിയവ മലിനീകരണത്തിന്റെ തോത് വീണ്ടും ഉയർത്തുന്നു. വായുമലിനീകരണം നിയന്ത്രിക്കുന്നതിനുള്ള നടപടികൾക്കൊപ്പം വാഹനങ്ങളുടെ അമിതമായ ഉപയോഗം കുറയ്ക്കുന്നതിനും പൊതുഗതാഗത സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിനും പ്രാധാന്യം നൽകേണ്ടതുണ്ട്. പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ട് എത്രയും പെട്ടെന്ന് നടപടി എടുക്കേണ്ടത് അടിയന്തര ആവശ്യകത കൂടിയാണ്.

Delhi has overtaken Lahore to become the most polluted city in the world, with air quality levels in the capital reaching hazardous levels. Officials have urged residents to remain alert as pollution continues to pose severe health risks across age groups and income levels.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/391959/delhi-world-most-polluted-city)