---
title: "'ആളൊഴിഞ്ഞ പറമ്പിൽ മണ്ണിനടിയിൽ കുഴിച്ചിട്ട സ്വർണം'; ചാല സ്വർണക്കവർച്ചയിൽ കൂടുതൽ തൊണ്ടിമുതൽ കണ്ടെത്തി, പ്രതി അനൂപിന്റെ സാന്നിധ്യത്തിൽ തെളിവെടുപ്പ്"
english_title: "Chalai Gold Heist: More Gold Recovered Near Vellayani Temple"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/391904/chalai-gold-heist-more-gold-recovered"
published_at: "2026-11-16T22:51:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6afa54d97be5b_chala-gold-robbery-case.jpg"
keywords: ["GoldHeist", "KeralaPolice", "ChalaiMarket", "JewelleryTheft", "VellayaniTemple", "Vaishnavi Jewellery"]
---

# 'ആളൊഴിഞ്ഞ പറമ്പിൽ മണ്ണിനടിയിൽ കുഴിച്ചിട്ട സ്വർണം'; ചാല സ്വർണക്കവർച്ചയിൽ കൂടുതൽ തൊണ്ടിമുതൽ കണ്ടെത്തി, പ്രതി അനൂപിന്റെ സാന്നിധ്യത്തിൽ തെളിവെടുപ്പ്

> **Lead Summary:** തിരുവനന്തപുരം: ചാല സ്വർണക്കവർച്ചയിൽ കൂടുതൽ സ്വർണം കണ്ടെത്തി. വെള്ളായണി ക്ഷേത്രത്തിന് സമീപം ആളൊഴിഞ്ഞ പറമ്പിൽ കുഴിച്ചിട്ട നിലയിലാണ് സ്വർണം കണ്ടെത്തിയത്. കവർച്ച നടത്തിയ പ്രതി അനൂപാണ് സ്വർണം ഒളിപ്പിച്ചത്.

## Article Content

തിരുവനന്തപുരം: ചാല സ്വർണക്കവർച്ചയിൽ കൂടുതൽ സ്വർണം കണ്ടെത്തി. വെള്ളായണി ക്ഷേത്രത്തിന് സമീപം ആളൊഴിഞ്ഞ പറമ്പിൽ കുഴിച്ചിട്ട നിലയിലാണ് സ്വർണം കണ്ടെത്തിയത്. കവർച്ച നടത്തിയ പ്രതി അനൂപാണ് സ്വർണം ഒളിപ്പിച്ചത്.

വൈഷ്ണവി ജ്വല്ലറി ഉടമ നന്ദകുമാറിനെ വിളിച്ചുവരുത്തി തൊണ്ടിമുതൽ പരിശോധിക്കും. കവറിൽ പൊതിഞ്ഞ നിലയിലായിരുന്നു സ്വർണം കണ്ടെത്തിയത്. പ്രതിയെ സ്ഥലത്ത് എത്തിച്ച് കുഴിയിൽ നിന്ന് സ്വർണം കണ്ടെടുക്കുകയായിരുന്നു.

കേസിൽ അറസ്റ്റിലായ അനിൽ, അനൂപ്, ആന്റണി എന്നിവരെ ഏഴു ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു. ജയറാമിനെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തതിന് പിന്നാലെയാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്. ഇയാൾക്കെതിരെ നേരത്തെയും കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

മുഖ്യപ്രതി അമലും മാളവിക ജ്വലറി ഉടമ ജയറാമും തമ്മിൽ അടുത്ത ബന്ധമുണ്ടെന്നും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ജ്വല്ലറി ഉടമയായ നന്ദകുമാറിനോടുള്ള പകയാണ് മോഷണത്തിന് പിന്നിലെന്നാണ് അന്വേഷണത്തിലൂടെ തെളിഞ്ഞത്. പ്രതികൾ നൽകിയ മൊഴികളിൽ നിന്നാണ് പൊലീസ് ഇക്കാര്യം സ്ഥിരീകരിച്ചത്.

കഴിഞ്ഞ ദിവസമാണ് ചാല മാർക്കറ്റിലെ ജ്വല്ലറി ഉടമയിൽ നിന്നും 250 പവൻ സ്വർണം പിടിച്ചുപറിക്കുന്ന സാഹചര്യമുണ്ടായത്. തിരുവനന്തപുരം ചാലയിൽ സഭാവതി കോവിൽ റോഡിലാണ് സംഭവമുണ്ടായത്. ബൈക്കിലെത്തിയ രണ്ട് പേരാണ് ഉടമയിൽ നിന്ന് സ്വർണം അടങ്ങിയ ബാഗ് പിടിച്ചുപറിച്ചത്.

മഹാരാഷ്ട്ര സ്വദേശി നന്ദകുമാറിന്റെ ഉടമസ്ഥതയിലുള്ള വൈഷ്ണവി ജ്വല്ലറിയിലാണ് മോഷണമുണ്ടായത്. ജ്വല്ലറി ഉടമ രാത്രി കട പൂട്ടിയ ശേഷം വീട്ടിലേക്ക് പോകാനായി ഇറങ്ങവെയായിരുന്നു കവർച്ച. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. പ്യൂരിഫൈ ചെയ്യുന്നതിനായി മറ്റ് കടക്കാർ ഏൽപ്പിച്ച സ്വർണമായിരുന്നു കവർന്നത്. നാലഞ്ച് കടകളിലെ സ്വർണമുണ്ടായിരുന്നു എന്നാണ് കട ഉടമ വ്യക്തമാക്കിയിരുന്നത്.

മോഷ്ടാക്കൾ എത്തിയ വാഹനം പൊലീസ് തിരിച്ചറിഞ്ഞിരുന്നു. ഹോണ്ട സിബി 350 ബൈക്കിലാണ് പ്രതികളെത്തിയത്. ബുള്ളറ്റിലാണ് പ്രതികൾ എത്തിയതെന്നായിരുന്നു നേരത്തേ പുറത്തുവന്നിരുന്ന വിവരം. മോഷ്ടാക്കൾ എത്തിയ ഹോണ്ട മോഡൽ ബൈക്ക് വാങ്ങിയ ഉടമകളെ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം നടത്തിയിരുന്നു.

More gold has been recovered in the Chalai gold heist case from an abandoned plot near Vellayani temple. Police say the stolen ornaments were hidden by the accused Anoop, and further questioning of suspects helped crack the case.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/391904/chalai-gold-heist-more-gold-recovered)