---
title: "ജയബാലകൃഷ്ണന്റെ തട്ടുകട വീണ്ടും തുറന്നു; ഏറ്റെടുത്ത് ഭാര്യയും മക്കളും, ഒപ്പമുണ്ടെന്ന് നാട്ടുകാർ"
english_title: "Jayabalakrishnan’s Tea Stall Reopens, Taken Up by Wife and Children"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/391878/jayabalakrishnan-tea-stall-reopens"
published_at: "2026-11-16T19:36:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6afb0e084244e_jayabalakrishnan-tea-stall-reopens.jpg"
keywords: ["KeralaNews", "Ernakulam", "RoadAccident", "JusticeForVictim", "TeaStall"]
---

# ജയബാലകൃഷ്ണന്റെ തട്ടുകട വീണ്ടും തുറന്നു; ഏറ്റെടുത്ത് ഭാര്യയും മക്കളും, ഒപ്പമുണ്ടെന്ന് നാട്ടുകാർ

> **Lead Summary:** കൊച്ചി: ചേരാനല്ലൂരിൽ കാറിടിച്ചു മരിച്ച ജയബാലകൃഷ്ണന്റെ തട്ടുകട വീണ്ടും തുറന്നു പ്രവർത്തിക്കാൻ തുടങ്ങി. കുടുംബാംഗങ്ങളായ ഭാര്യയും മകനും ചേർന്നാണ് കട തുറന്നത്. ഹൈദരാബാദിലെ ജോലി ഉപേക്ഷിച്ച് എത്തിയ മകൾ ഭദ്രകീർത്തിയും തട്ടുകട നടത്താൻ ഒപ്പമുണ്ടാകും.

## Article Content

കൊച്ചി: ചേരാനല്ലൂരിൽ കാറിടിച്ചു മരിച്ച ജയബാലകൃഷ്ണന്റെ തട്ടുകട വീണ്ടും തുറന്നു പ്രവർത്തിക്കാൻ തുടങ്ങി. കുടുംബാംഗങ്ങളായ ഭാര്യയും മകനും ചേർന്നാണ് കട തുറന്നത്. ഹൈദരാബാദിലെ ജോലി ഉപേക്ഷിച്ച് എത്തിയ മകൾ ഭദ്രകീർത്തിയും തട്ടുകട നടത്താൻ ഒപ്പമുണ്ടാകും.

ജയബാലകൃഷ്ണന്റെ വേർപാടിലും നാട്ടുകാരുടെയും മാധ്യമങ്ങളുടെയും പൂർണ പിന്തുണയോടെയാണ് കട പുനരാരംഭിക്കാൻ കുടുംബം തീരുമാനിച്ചത്. ജയപാലകൃഷ്ണൻ മുൻപ് നടത്തിവന്ന അതേ രീതിയിൽ യാതൊരു മാറ്റവുമില്ലാതെ ദോശയും ചമ്മന്തിയും ഓംലെറ്റും നൽകി തട്ടുകട മുന്നോട്ട് കൊണ്ടുപോകാനാണ് ഇവരുടെ തീരുമാനം.

ജയബാലകൃഷ്ണന്റെ ചിത്രത്തിൽ തിരിതെളിയിച്ചാണ് ചിറ്റൂർ നിവാസികൾക്ക് ഏറെ പ്രിയപ്പെട്ട കടയുടെ പ്രവർത്തനം പുനരാരംഭിച്ചത്.

ഒക്ടോബര്‍ 25നായിരുന്നു ചേരാനല്ലൂരില്‍ അഡീഷണല്‍ ജില്ലാ ജഡ്ജിയുടെ മകനായ പതിനേഴുകാരന്‍ അമിതവേഗത്തില്‍ ഓടിച്ച ബെന്‍സ് കാറിടിച്ച് സ്‌കൂട്ടര്‍ യാത്രികനായ മാഞ്ഞാലി പുത്തന്‍പറമ്പില്‍ ജയബാലകൃഷ്ണന്‍ (55) മരിച്ചത്. തട്ടുകട അടച്ച് വീട്ടിലേക്ക് വരും വഴിയായിരുന്നു അപകടം.

സംഭവത്തിനുപിന്നാലെ കേസ് അട്ടിമറിക്കാനുള്ള ശ്രമങ്ങളുണ്ടായി. പതിനേഴുകാരനെ ദുര്‍ബലവകുപ്പുകള്‍ ചുമത്തി ജാമ്യത്തില്‍ വിട്ടു. പ്രതിഷേധം ഉയര്‍ന്നതോടെയാണ് കുറ്റകരമായ നരഹത്യ ചുമത്തിയത്. സംഭവമറിഞ്ഞെത്തിയ ഇരിങ്ങാലക്കുട അഡീഷണല്‍ ജില്ലാ ജഡ്ജി പൊലീസ് സ്റ്റേഷനില്‍ ധിക്കാരപരമായി പെരുമാറിയത് വിവാദമായിരുന്നു.

ഗുരുതരമായ വകുപ്പ് ചുമത്താത്തത് പതിനേഴുകാരന് സ്റ്റേഷന്‍ ജാമ്യം ലഭിക്കാനുള്ള സാഹചര്യം ഒരുക്കുകയായിരുന്നു. കാറോടിക്കാനുള്ള ആഗ്രഹം മൂലം വീട്ടുകാരുടെ അറിവില്ലാതെയാണ് താന്‍ വാഹനവുമായി പുറത്തിറങ്ങിയതെന്നാണ് കുട്ടി പൊലീസിന് നല്‍കിയ മൊഴി.

ഇരുട്ടും മഴയുമുള്ള സമയമായതിനാല്‍ റോഡില്‍ വാഹനങ്ങള്‍ കണ്ടിരുന്നില്ലെന്നും സ്‌കൂട്ടര്‍ ശ്രദ്ധയില്‍പ്പെട്ടിരുന്നില്ലെന്നും പതിനേഴുകാരന്‍ മൊഴി നല്‍കിയിരുന്നു. പ്രതിയുടെ പിതാവും അഡീഷണല്‍ ജില്ലാ ജഡ്ജിയുമായ റിനോ ഫ്രാന്‍സിസിനെ പ്രതി ചേര്‍ത്തെങ്കിലും ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു.

The tea stall run by Jayabalakrishnan in Chittoor, Ernakulam, has reopened after his death in a road accident. His daughter Bhadrakeerthi, along with her mother, has taken over the business, with local residents extending support.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/391878/jayabalakrishnan-tea-stall-reopens)