---
title: "മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിന് തുടക്കം; ശബരിമല നട ഇന്ന് വൈകിട്ട് നാലിന് തുറക്കും, പുതിയ മേൽശാന്തിമാർ ചുമതലയേൽക്കും"
english_title: "Mandala-Makaravilakku Pilgrimage Begins; Sabarimala Temple Opens at 4 PM Today"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/391851/sabarimala-pilgrimage-begins-temple-opens-today"
published_at: "2026-11-16T14:49:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6afacad7dfc7f_sabarimala-pilgrimage-begins-temple-opens-today.jpg"
keywords: ["Sabarimala", "MandalaMakaravilakku", "TempleNews", "KeralaPilgrimage", "DevaswomBoard", "KeralaNews", "TempleFestival", "PilgrimageSeason"]
---

# മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിന് തുടക്കം; ശബരിമല നട ഇന്ന് വൈകിട്ട് നാലിന് തുറക്കും, പുതിയ മേൽശാന്തിമാർ ചുമതലയേൽക്കും

> **Lead Summary:** **പത്തനംതിട്ട: ** മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിന് തുടക്കം കുറിച്ചുകൊണ്ട് ശബരിമല ശ്രീധർമ്മശാസ്താ ക്ഷേത്രനട ഇന്ന് വൈകിട്ട് നാല് മണിക്ക് തുറക്കും. പുതിയ ശബരിമല, മാളികപ്പുറം മേൽശാന്തിമാർ ചുമതലയേൽക്കുന്നതാണ് ഇന്നത്തെ പ്രധാന ചടങ്ങ്. നിലവിലെ മേൽശാന്തി ഇ.ഡി. പ്രസാദ് നമ്പൂതിരി വൈകിട്ട് നാലിന് നട തുറന്ന് ശ്രീലകത്ത് ദീപം തെളിയിക്കും.

## Article Content

**പത്തനംതിട്ട: ** മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിന് തുടക്കം കുറിച്ചുകൊണ്ട് ശബരിമല ശ്രീധർമ്മശാസ്താ ക്ഷേത്രനട ഇന്ന് വൈകിട്ട് നാല് മണിക്ക് തുറക്കും. പുതിയ ശബരിമല, മാളികപ്പുറം മേൽശാന്തിമാർ ചുമതലയേൽക്കുന്നതാണ് ഇന്നത്തെ പ്രധാന ചടങ്ങ്. നിലവിലെ മേൽശാന്തി ഇ.ഡി. പ്രസാദ് നമ്പൂതിരി വൈകിട്ട് നാലിന് നട തുറന്ന് ശ്രീലകത്ത് ദീപം തെളിയിക്കും.

തന്ത്രി കണ്ഠരര് ബ്രഹ്മദത്തന്റെ മുഖ്യകാർമികത്വത്തിലാണ് ചടങ്ങുകൾ നടക്കുക. ആഴിയിൽ അഗ്നി പകർന്ന ശേഷം നിയുക്ത ശബരിമല മേൽശാന്തി സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയേയും മാളികപ്പുറം മേൽശാന്തി എ. ദാമോദരൻ നമ്പൂതിരിയേയും സോപാനത്തേക്ക് ആനയിച്ച് അവരോധിക്കും.

വൃശ്ചികം ഒന്നായ നാളെ പുലർച്ചെ മൂന്ന് മണിക്ക് നട തുറക്കുമ്പോൾ പുതിയ മേൽശാന്തിമാരായിരിക്കും ചടങ്ങുകൾക്ക് കാർമികത്വം വഹിക്കുക. മിനിറ്റിൽ 75 തീർത്ഥാടകരെ വീതം പതിനെട്ടാം പടി കയറ്റാനാണ് ഇത്തവണ ലക്ഷ്യമിടുന്നത്. സുരക്ഷയ്ക്കായി ഒരേസമയം 5000 പൊലീസുകാരെ സന്നിധാനത്തും പരിസരങ്ങളിലുമായി വിന്യസിച്ചിട്ടുണ്ട്.

അതേസമയം, തീർത്ഥാടനം തുടങ്ങാനിരിക്കെ പമ്പയിൽ സംഘടിതമായി ജലവിതരണം തടസ്സപ്പെടുത്താൻ ശ്രമം നടന്നതായി കണ്ടെത്തിയിട്ടുണ്ട്. കരാർ ലഭിക്കാത്തവരുടെ പ്രതികാര നടപടിയാണിതെന്നും മാറ്റങ്ങളെ തകർക്കാൻ ശ്രമിക്കുന്നവരെ കർശനമായി നേരിടുമെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ വ്യക്തമാക്കി. എല്ലായിടത്തും ജാഗ്രത പാലിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ശുചിമുറികളിലേക്കുള്ള ജലവിതരണം തടസ്സപ്പെടുത്തുന്നുണ്ടോയെന്ന് നിരീക്ഷിക്കാൻ ദേവസ്വം ഗാർഡുമാരെ പ്രത്യേകം നിയോഗിച്ചു.

പമ്പയിലെ ശുചിമുറികളുടെ ക്ലീനിങ് ടെൻഡർ നടപടികൾ ഇതുവരെ പൂർത്തിയായിട്ടില്ല. മുഖ്യമന്ത്രി നേരിട്ടെത്തി ശുചിമുറികൾ വൃത്തിയായി സൂക്ഷിക്കണമെന്ന് നിർദേശം നൽകിയിരുന്നെങ്കിലും, ടെൻഡർ ആകാത്തതിനാൽ നിലവിൽ ദേവസ്വം ജീവനക്കാരെയാണ് ശുചീകരണത്തിനായി നിയോഗിച്ചിരിക്കുന്നത്. ഇതിനുപുറമെ, തീർത്ഥാടകർക്ക് സുരക്ഷിതയാത്ര ഒരുക്കാനുള്ള മോട്ടോർ വാഹന വകുപ്പിന്റെ 'സേഫ് സോൺ' പദ്ധതിയും ഫണ്ട് ലഭിക്കാത്തതിനാൽ അനിശ്ചിതത്വത്തിലാണ്.

Sabarimala temple will open at 4 pm today, marking the start of the Mandala-Makaravilakku pilgrimage season. The new Sabarimala and Malikappuram chief priests will take charge, while 5,000 police personnel have been deployed amid reported attempts to disrupt water supply at Pampa.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/391851/sabarimala-pilgrimage-begins-temple-opens-today)