---
title: "'കോടതി വിധിക്ക് വിരുദ്ധമായി ഒന്നും ചെയ്തിട്ടില്ല, വീഴ്ചയുണ്ടെങ്കിൽ കോടതിയെ സമീപിക്കാം'; മണർകാട് വിവാദത്തിൽ തുറന്നടിച്ച് യാക്കോബായ സഭാധ്യക്ഷൻ"
english_title: "Nothing Done Against Court Verdict: Jacobite Church Chief on Manarcad Row"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/391808/manarcad-row-jacobite-church-chief"
published_at: "2026-11-16T10:54:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6afa93f9f36fa_manarcad-row-jacobite-church-chief.jpg"
keywords: ["JacobiteChurch", "OrthodoxChurch", "ManarcadChurch", "KeralaNews", "ChurchDispute"]
---

# 'കോടതി വിധിക്ക് വിരുദ്ധമായി ഒന്നും ചെയ്തിട്ടില്ല, വീഴ്ചയുണ്ടെങ്കിൽ കോടതിയെ സമീപിക്കാം'; മണർകാട് വിവാദത്തിൽ തുറന്നടിച്ച് യാക്കോബായ സഭാധ്യക്ഷൻ

> **Lead Summary:** **കോട്ടയം: **പാത്രിയാർക്കീസ് ബാവായുടെ മണർകാട് പള്ളി സന്ദർശനത്തിനെതിരെ ഓർത്തഡോക്സ് സഭ ഉയർത്തിയ വിമർശനങ്ങൾക്ക് മറുപടിയുമായി യാക്കോബായ സഭാധ്യക്ഷൻ ബസേലിയോസ് ജോസഫ് കാതോലിക്ക ബാവ രംഗത്ത്. മണർകാട് പള്ളിയിൽ പാത്രിയാർക്കീസ് ബാവ മുൻപും സന്ദർശനം നടത്തിയിട്ടുണ്ടെന്നും, നിലവിലെ പ്രതികരണം അറിവില്ലായ്മ കൊണ്ടാണെന്നും അദ്ദേഹം വിമർശിച്ചു.

## Article Content

**കോട്ടയം: **പാത്രിയാർക്കീസ് ബാവായുടെ മണർകാട് പള്ളി സന്ദർശനത്തിനെതിരെ ഓർത്തഡോക്സ് സഭ ഉയർത്തിയ വിമർശനങ്ങൾക്ക് മറുപടിയുമായി യാക്കോബായ സഭാധ്യക്ഷൻ ബസേലിയോസ് ജോസഫ് കാതോലിക്ക ബാവ രംഗത്ത്. മണർകാട് പള്ളിയിൽ പാത്രിയാർക്കീസ് ബാവ മുൻപും സന്ദർശനം നടത്തിയിട്ടുണ്ടെന്നും, നിലവിലെ പ്രതികരണം അറിവില്ലായ്മ കൊണ്ടാണെന്നും അദ്ദേഹം വിമർശിച്ചു.

സഭാതർക്കങ്ങൾ പരിഹരിക്കപ്പെടണമെന്നാണ് ആഗ്രഹിക്കുന്നതെന്നും ചർച്ചകൾക്ക് തയ്യാറാണെന്നും കാതോലിക്ക ബാവ വ്യക്തമാക്കി. കോടതി വിധിക്ക് വിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എന്തെങ്കിലും വീഴ്ചകൾ ഉണ്ടായിട്ടുണ്ടെന്ന് തോന്നുന്നുവെങ്കിൽ ഓർത്തഡോക്സ് വിഭാഗത്തിന് കോടതിയെ സമീപിക്കാവുന്നതാണ്. അല്ലാതെ സർക്കാരിനെ കുറ്റപ്പെടുത്തേണ്ടതില്ല. മുൻകാലങ്ങളിൽ നൽകിയിരുന്ന സൗകര്യങ്ങൾ തന്നെയാണ് ഇത്തവണയും സർക്കാർ ഒരുക്കി നൽകിയതെന്നും അദ്ദേഹം പറഞ്ഞു.

> സഭാതർക്കങ്ങൾ പരിഹരിക്കപ്പെടണമെന്നാണ് പുതിയ തലമുറ (ജെൻ സി) ആഗ്രഹിക്കുന്നതെന്ന് കാതോലിക്ക ബാവ അഭിപ്രായപ്പെട്ടു. "തർക്കങ്ങളും പൊലീസ് ഇടപെടലും പുതിയ തലമുറയ്ക്ക് ഇഷ്ടമല്ല. ക്രിസ്തു ഇല്ലാതായി പോകുന്ന ക്രിസ്ത്യാനിറ്റിയാണത്. സമാധാനത്തിനായി ത്യാഗം ചെയ്യാൻ തയ്യാറാണ്. ഒന്നിക്കാനായാലും വിഭജനമായാലും തൽസ്ഥിതി തുടരാനായാലും അത് മാന്യതയോടെ വേണം," അദ്ദേഹം വിശദീകരിച്ചു.

ഓർത്തഡോക്സ് സഭയ്ക്ക് അർഹിക്കുന്ന ആദരവ് നൽകാൻ തങ്ങൾ തയ്യാറാണ്. പള്ളിക്കും സെമിത്തേരിക്കും വേണ്ടി ഇനിയും കേസുകളുമായി മുന്നോട്ട് പോകണോ എന്ന് ചിന്തിക്കണം. നഷ്ടപ്പെട്ട പള്ളികളിൽ സിംഹഭാഗവും യാക്കോബായ വിശ്വാസികളാണ്. അവിടങ്ങളിൽ മാനുഷിക പരിഗണന നൽകണമെന്നും യാക്കോബായ സഭാധ്യക്ഷൻ ആവശ്യപ്പെട്ടു.

പാത്രിയാർക്കീസ് ബാവായുടെ മണർകാട് പള്ളി സന്ദർശനത്തിനെതിരെ ഓർത്തഡോക്സ് സഭ രൂക്ഷമായ വിമർശനമാണ് ഉന്നയിച്ചിരുന്നത്. വിചിത്രമായ നിയമോപദേശത്തിന്റെ മറവിൽ സഭയ്ക്കേറ്റ മുറിവ് ഗൗരവത്തോടെ കാണണമെന്ന് കോട്ടയം ഭദ്രാസനാധിപൻ ഡോ. യൂഹാനോൻ മാർ ദീയസ്കോറോസ് മെത്രാപ്പോലീത്താ പ്രതികരിച്ചിരുന്നു. സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണനെ വേദിയിലിരുത്തിക്കൊണ്ടായിരുന്നു സംസ്ഥാന സർക്കാരിനെതിരായ അദ്ദേഹത്തിന്റെ വിമർശനം.

Jacobite Church chief Baselios Joseph Catholicos said nothing was done against court orders in connection with the Patriarch’s visit to Manarcad church. He added that if there were any lapses, the Orthodox faction could approach the court rather than blame the government, and said he remains open to talks to resolve the church dispute.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/391808/manarcad-row-jacobite-church-chief)