---
title: "'പൂജയ്ക്കുവച്ച പ്രസാദം എടുത്തുകഴിച്ചു; അമ്മയുടെ മർദ്ദനത്തിൽ പൊലിഞ്ഞത് നാലുവയസ്സുകാരിയുടെ ജീവൻ'; കുഞ്ഞുസുഹാനിയുടെ മരണത്തിൽ അമ്മ അറസ്റ്റിൽ"
english_title: "Mother Arrested After Four-Year-Old Dies in Beating Over Puja Offering"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/391778/mother-arrested-puja-offering-beating"
published_at: "2026-11-16T07:31:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6afa6545a3a9c_mother-arrested-puja-offering-beating.jpg"
keywords: ["BiharNews", "ChhathPuja", "ChildDeath", "PoliceArrest", "CrimeNews"]
---

# 'പൂജയ്ക്കുവച്ച പ്രസാദം എടുത്തുകഴിച്ചു; അമ്മയുടെ മർദ്ദനത്തിൽ പൊലിഞ്ഞത് നാലുവയസ്സുകാരിയുടെ ജീവൻ'; കുഞ്ഞുസുഹാനിയുടെ മരണത്തിൽ അമ്മ അറസ്റ്റിൽ

> **Lead Summary:** ബിഹാർ: ഛാത് പൂജയ്ക്കായി തയ്യാറാക്കിവച്ച പ്രസാദം എടുത്തുകഴിച്ചതിനെച്ചൊല്ലിയുണ്ടായ മർദനത്തിൽ നാലുവയസ്സുകാരിക്ക് ദാരുണാന്ത്യം. ബിഹാറിലെ സമസ്തിപുരിലാണ് സംഭവം. സുഹാനി കുമാരിയാണ് മരിച്ചത്. സംഭവത്തിൽ കുട്ടിയുടെ അമ്മ റീനാകുമാരിയെ പോലീസ് അറസ്റ്റ് ചെയ്തു.

## Article Content

ബിഹാർ: ഛാത് പൂജയ്ക്കായി തയ്യാറാക്കിവച്ച പ്രസാദം എടുത്തുകഴിച്ചതിനെച്ചൊല്ലിയുണ്ടായ മർദനത്തിൽ നാലുവയസ്സുകാരിക്ക് ദാരുണാന്ത്യം. ബിഹാറിലെ സമസ്തിപുരിലാണ് സംഭവം. സുഹാനി കുമാരിയാണ് മരിച്ചത്. സംഭവത്തിൽ കുട്ടിയുടെ അമ്മ റീനാകുമാരിയെ പോലീസ് അറസ്റ്റ് ചെയ്തു.

ഛാത് പൂജയുടെ ഭാഗമായി വീട്ടിൽ തയ്യാറാക്കിവച്ചിരുന്ന പ്രസാദം സുഹാനി തൊട്ടുനോക്കുകയും അതിൽനിന്ന് എടുത്തുകഴിക്കുകയും ചെയ്തതാണ് സംഭവങ്ങൾക്ക് തുടക്കമായത്. പ്രസാദം അശുദ്ധമാക്കിയെന്നും ഇനി എങ്ങനെ പൂജയ്ക്ക് അർപ്പിക്കുമെന്നും ചോദിച്ച് പ്രകോപിതയായ റീന മകളെ ക്രൂരമായി മർദിക്കുകയായിരുന്നുവെന്നാണ് പോലീസ് നൽകുന്ന വിവരം.

മർദനമേറ്റ് അവശനിലയിലായ സുഹാനിയെ അമ്മ തന്നെയാണ് ആശുപത്രിയിലെത്തിച്ചത്. ആന്തരികാവയവങ്ങൾക്ക് ഗുരുതരമായി പരുക്കേറ്റ കുട്ടി ചികിത്സയിലിരിക്കെ മരണപ്പെടുകയായിരുന്നു.

കുട്ടിയുടെ മരണവിവരം നാട്ടുകാരാണ് പോലീസിനെ അറിയിച്ചത്. അമ്മ മകളെ മർദിച്ചെന്ന വിവരവും നാട്ടുകാർ പോലീസിന് കൈമാറി. തുടർന്ന് സ്ഥലത്തെത്തിയ പോലീസ് പ്രാഥമിക അന്വേഷണം നടത്തിയ ശേഷമാണ് റീനാകുമാരിയെ അറസ്റ്റ് ചെയ്തത്. കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റി.

സംഭവസമയത്ത് വീട്ടിലെ മറ്റ് കുടുംബാംഗങ്ങൾ ഛാത് പൂജയ്ക്കുള്ള ഒരുക്കങ്ങളിലായിരുന്നു. റീനാകുമാരിക്ക് മൂന്ന് മക്കളാണുള്ളത്. ഏഴുവയസ്സുകാരി ശിവാനി, മരിച്ച സുഹാനി (4), ഒന്നരവയസ്സുകാരൻ രാജ എന്നിവരാണ് മക്കൾ.

അതേസമയം, മകളുടെ മരണത്തിന് ഉത്തരവാദിയായ ഭാര്യയ്ക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ഭർത്താവ് രാജു പസ്വാൻ ആവശ്യപ്പെട്ടു. റീനാകുമാരിക്ക് പരമാവധി ശിക്ഷ നൽകണമെന്നും ഒരു കാരണവശാലും വെറുതെ വിടരുതെന്നും അദ്ദേഹം പറഞ്ഞു.

നാലുവയസ്സുകാരിയുടെ മരണവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം തുടരുകയാണ്.

A four-year-old girl in Bihar’s Samastipur died after allegedly being beaten by her mother for eating prasad kept for Chhath Puja. Police have arrested the mother, and an investigation is continuing into the child’s death.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/391778/mother-arrested-puja-offering-beating)