---
title: "'മധുരയിൽ സ്വർണം കവർന്ന് മുങ്ങിയ നിഷാന്ത് കേരളത്തിലോ?'; മൂന്നാറിലെ യാത്രാവീഡിയോകൾ നിർണായകം, മുഖ്യപ്രതിക്കായി അന്വേഷണം വ്യാപിപ്പിച്ച് പോലീസ്"
english_title: "Madurai Gold Heist Suspect Nishanth May Be in Kerala, Police Probe Munnar Videos"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/391776/madurai-gold-heist-kerala-probe"
published_at: "2026-11-16T07:10:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6afa5f81a038b_madurai-gold-heist-kerala-probe.jpg"
keywords: ["MaduraiHeist", "KeralaProbe", "TanishqRobbery", "NishanthCase", "MunnarVideos"]
---

# 'മധുരയിൽ സ്വർണം കവർന്ന് മുങ്ങിയ നിഷാന്ത് കേരളത്തിലോ?'; മൂന്നാറിലെ യാത്രാവീഡിയോകൾ നിർണായകം, മുഖ്യപ്രതിക്കായി അന്വേഷണം വ്യാപിപ്പിച്ച് പോലീസ്

> **Lead Summary:** ചെന്നൈ: മധുരയിലെ തനിഷ്ക് ജ്വല്ലറി കവർച്ചയിലെ മുഖ്യപ്രതി നിഷാന്തിനായി കേരളത്തിലും അന്വേഷണം വ്യാപിപ്പിക്കുന്നു. കഴിഞ്ഞ 12 നു മോഷണം നടത്തിയശേഷം ഇയാൾ ട്രെയിൻ മാർഗം കടന്നെന്നാണു നിഗമനം. മൂന്നാറിലും പരിസരത്തും വിനോദയാത്ര പോയതിന്റെ വിഡിയോകൾ, നിഷാന്തിന്റെ സമൂഹമാധ്യമ അക്കൗണ്ടുകളിൽ പൊലീസ് കണ്ടെത്തിയിരുന്നു.

## Article Content

ചെന്നൈ: മധുരയിലെ തനിഷ്ക് ജ്വല്ലറി കവർച്ചയിലെ മുഖ്യപ്രതി നിഷാന്തിനായി കേരളത്തിലും അന്വേഷണം വ്യാപിപ്പിക്കുന്നു. കഴിഞ്ഞ 12 നു മോഷണം നടത്തിയശേഷം ഇയാൾ ട്രെയിൻ മാർഗം കടന്നെന്നാണു നിഗമനം. മൂന്നാറിലും പരിസരത്തും വിനോദയാത്ര പോയതിന്റെ വിഡിയോകൾ, നിഷാന്തിന്റെ സമൂഹമാധ്യമ അക്കൗണ്ടുകളിൽ പൊലീസ് കണ്ടെത്തിയിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിലാണു കേരളത്തിലേക്കും അന്വേഷണം വ്യാപിപ്പിക്കുന്നത്. നിഷാന്തിന്റെ സുഹൃത്തും സമൂഹമാധ്യമ ഇൻഫ്ലുവൻസറുമായ മീനാക്ഷി നാച്ചിയാറും നിഷാന്തിന്റെ പിതാവ് സുരേഷും അറസ്റ്റിലായിരുന്നു.

ഓട്ടോ ഡ്രൈവറാണു സുരേഷ്. ആഡംബര ജീവിതം മോഹിച്ചാണു നിഷാന്ത് മോഷണത്തിലേക്കു നീങ്ങിയതെന്നു പൊലീസ് പറഞ്ഞു. മീനാക്ഷിയാണു കവർച്ച ആസൂത്രണം ചെയ്തതെന്നാണു പൊലീസിന്റെ നിഗമനം.

തനിക്കു ലഭിച്ച യുട്യൂബ് വരുമാനം കൊണ്ടു വീട് പണിയുകയാണെന്നു കഴിഞ്ഞ ഒക്ടോബറിൽ മീനാക്ഷി വെളിപ്പെടുത്തിയിരുന്നു. പണം തികയാതെ വന്നതോടെയാണോ കവർച്ചയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. എന്നാൽ, ചോദ്യം ചെയ്യലിൽ നിഷാന്തിനെ മീനാക്ഷി തള്ളിപ്പറഞ്ഞു.

അറസ്റ്റിലായതിനു പിന്നാലെ, മീനാക്ഷിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലെ ഫോളോവേഴ്സിന്റെ എണ്ണം കുത്തനെ കൂടി. കഴിഞ്ഞ 12 നു പുലർച്ചെയാണു മധുര ബൈപാസിലുള്ള പുതിയ ഷോറൂമിൽനിന്നു കിലോക്കണക്കിനു സ്വർണവും വജ്രാഭരണങ്ങളും കവർന്നത്. ഇതു പിന്നീടു പൊലീസ് കണ്ടെത്തിയിരുന്നു. കവർന്ന വസ്തുക്കളുടെ അളവ് പൊലീസ് ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല.

മോഷണം വലിയൊരു സംഘത്തിന്റെ ആസൂത്രണത്തിലൂടെ ആയിരിക്കുമെന്നാണു പൊലീസ് സംശയിച്ചിരുന്നത്. ദീപാവലിയുടെ കച്ചവടം പ്രതീക്ഷിച്ചു പണി പൂർത്തിയാകുന്നതിനു മുൻപു തന്നെ ഷോറൂം തുറന്നതിനാൽ കെട്ടിടത്തിന്റെ പിന്നിലെ പലകത്തട്ട് പൊളിച്ചു മാറ്റിയിരുന്നില്ല. പ്രവർത്തനം തുടങ്ങാത്ത ലിഫ്റ്റിലൂടെ ഭിത്തി തകർത്ത് ഇഴഞ്ഞിറങ്ങിയാണു നിഷാന്ത് ഷോറൂമിലേക്കു പ്രവേശിച്ചതെന്നാണു പൊലീസ് നിഗമനം.

മോഷണത്തിനു മുൻപു രണ്ടുതവണ നിഷാന്ത് ജ്വല്ലറിയിൽ എത്തിയിരുന്നെന്നു സിസിടിവി ദൃശ്യത്തിലൂടെ പൊലീസ് കണ്ടെത്തി. മോഷണ സമയത്തു നിഷാന്ത് ധരിച്ചിരുന്ന തൊപ്പിയാണ് ഇതിലേക്കു വിരൽ ചൂണ്ടിയത്. മങ്ങിയ സിസിടിവി ദൃശ്യങ്ങൾ എഐ ഉപയോഗിച്ചു മെച്ചപ്പെടുത്തി നിഷാന്തിന്റെ ഫോട്ടോ തയാറാക്കി.

മോഷണത്തിനു ശേഷം നമ്പർ പ്ലേറ്റില്ലാത്ത സ്കൂട്ടറിൽ രക്ഷപ്പെട്ട പ്രതി സഞ്ചരിച്ച വഴിയിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് കണ്ടെത്തി. തുടർന്നുള്ള അന്വേഷണത്തിലാണു മീനാക്ഷിയിലേക്ക് എത്തുന്നതും ചോദ്യം ചെയ്യലിൽ നിർണായക വിവരങ്ങൾ വെളിപ്പെട്ടതും.

Police have expanded their search for Nishanth, the main accused in the Tanishq jewellery heist in Madurai, to Kerala after finding travel videos from Munnar and nearby areas on his social media accounts. Investigators believe he fled by train after the robbery, while his friend and social media influencer Meenakshi Nachiyar and his father Suresh have already been arrested.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/391776/madurai-gold-heist-kerala-probe)