---
title: "'ഉമ്മാ.....ഞാൻ നിങ്ങളുടെ മകന്റെ കൂട്ടുകാരനാണ്; ലക്ഷങ്ങളുടെ ധനസഹായം കിട്ടും'; വിശ്വാസം പിടിച്ചുപറ്റി 62കാരിയുടെ സ്വർണക്കമ്മലുമായി മുങ്ങി, കോഴിക്കോട് മുക്കത്ത് തട്ടിപ്പ്"
english_title: "Elderly woman cheated at Mukkam bus stand; gold earrings stolen"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/391775/elderly-woman-cheated-mukkam-bus-stand-gold-earrings-stolen"
published_at: "2026-11-16T07:02:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6afa5e225db39_elderly-woman-cheated-mukkam-bus-stand-gold-earrings-stolen.jpg"
keywords: ["KeralaNews", "Mukkam", "GoldTheft", "PoliceInvestigation", "Kozhikode"]
---

# 'ഉമ്മാ.....ഞാൻ നിങ്ങളുടെ മകന്റെ കൂട്ടുകാരനാണ്; ലക്ഷങ്ങളുടെ ധനസഹായം കിട്ടും'; വിശ്വാസം പിടിച്ചുപറ്റി 62കാരിയുടെ സ്വർണക്കമ്മലുമായി മുങ്ങി, കോഴിക്കോട് മുക്കത്ത് തട്ടിപ്പ്

> **Lead Summary:** കോഴിക്കോട്: കോഴിക്കോട് മുക്കം ബസ് സ്റ്റാൻഡിൽ മകന്റെ സുഹൃത്താണെന്ന് പറഞ്ഞ് വയോധികയെ കബളിപ്പിച്ച് മുക്കാൽ പവന്റെ സ്വർണക്കമ്മൽ തട്ടിയെടുത്ത സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. രണ്ട് ദിവസം മുൻപാണ് സംഭവം നടന്നത്. കാരശ്ശേരി കറുത്തപറമ്പ് സ്വദേശിനി വലിയപറമ്പിൽ ഫാത്തിമ യാണ് തട്ടിപ്പിനിരയായത്.

## Article Content

കോഴിക്കോട്: കോഴിക്കോട് മുക്കം ബസ് സ്റ്റാൻഡിൽ മകന്റെ സുഹൃത്താണെന്ന് പറഞ്ഞ് വയോധികയെ കബളിപ്പിച്ച് മുക്കാൽ പവന്റെ സ്വർണക്കമ്മൽ തട്ടിയെടുത്ത സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. രണ്ട് ദിവസം മുൻപാണ് സംഭവം നടന്നത്. കാരശ്ശേരി കറുത്തപറമ്പ് സ്വദേശിനി വലിയപറമ്പിൽ ഫാത്തിമ യാണ് തട്ടിപ്പിനിരയായത്.

താമരശ്ശേരി ഭാഗത്ത് നിന്ന് ബസിൽ എത്തിയ ഫാത്തിമ സ്റ്റാൻഡിൽ ഇറങ്ങിയപ്പോഴാണ് ഒരാൾ അടുത്തെത്തിയത്. ‘ഉമ്മാ’ എന്ന് വിളിച്ച് സംസാരിച്ച ഇയാൾ, താൻ മകന്റെ സുഹൃത്താണെന്നും കുടുംബത്തെക്കുറിച്ച് നന്നായി അറിയാമെന്നും പറഞ്ഞ് വിശ്വാസം പിടിച്ചു. പിന്നാലെ പാവപ്പെട്ടവർക്ക് 5 ലക്ഷം മുതൽ 10 ലക്ഷം രൂപ വരെ ധനസഹായം ലഭിക്കുന്ന പദ്ധതിയുണ്ടെന്നും താനാണ് അതിന്റെ ഏജന്റെന്നും ഇയാൾ പറഞ്ഞു.

പണം മുൻകൂറായി നൽകേണ്ടതില്ലെന്നും എന്നാൽ നടപടിക്രമങ്ങൾക്കായി 20,800 രൂപ വേണമെന്നും പറഞ്ഞാണ് ഇയാൾ ഫാത്തിമയെ വിശ്വസിപ്പിച്ചതെന്ന് പരാതിയിൽ പറയുന്നു. തുടർന്ന് ഫാത്തിമയുടെ കൈയിൽ നിന്ന് ഫോൺ വാങ്ങി മകനോട് സംസാരിക്കുന്നതുപോലെ അഭിനയിക്കുകയും ചെയ്തു. ‘നിങ്ങളുടെ മകൻ പണത്തിന് പകരം കൈവശമുള്ളത് തരാൻ പറഞ്ഞിട്ടുണ്ട്’ എന്നും ഇയാൾ പറഞ്ഞു.

ഇതോടെ ബസ് സ്റ്റാൻഡിൽ വെച്ച് തന്നെ ഫാത്തിമ തന്റെ കൈവശമുണ്ടായിരുന്ന മുക്കാൽ പവന്റെ കമ്മൽ ഊരി നൽകി. ‘നാളെത്തന്നെ വിളിക്കാമെന്ന്’ പറഞ്ഞ് ഇയാൾ സ്ഥലത്ത് നിന്ന് പോയി. വീട്ടിലെത്തിയ ശേഷം മക്കൾ കമ്മൽ എവിടെയെന്ന് ചോദിച്ചപ്പോഴാണ് തട്ടിപ്പാണെന്ന് ഫാത്തിമയ്ക്ക് മനസ്സിലായത്.

പിന്നീട് ഇവർ പൊലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിലാണ് മുക്കം പൊലീസ് അന്വേഷണം നടത്തുന്നത്. ബസ് സ്റ്റാൻഡുകളും തിരക്കേറിയ പൊതുസ്ഥലങ്ങളും ലക്ഷ്യമിട്ട് നടക്കുന്ന ഇത്തരം തട്ടിപ്പുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകുന്നു.

Police have launched an intensified probe after an elderly woman was tricked at the Mukkom bus stand and robbed of gold earrings weighing three-quarters of a sovereign. The accused allegedly posed as her son’s friend, gained her trust, and fled after taking the ornament on the pretext of a welfare scheme.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/391775/elderly-woman-cheated-mukkam-bus-stand-gold-earrings-stolen)