---
title: "'ഒരിക്കലും സംഭവിക്കരുതാത്തത് സംഭവിച്ചു; ഞങ്ങൾ മാപ്പ് ചോദിക്കുന്നു'; ജുനൈദിന്റെ മരണത്തിൽ പരസ്യമായി മാപ്പ് പറഞ്ഞ് കെഎസ്ഇബി"
english_title: "KSEB Publicly Apologizes for Junaid’s Death"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/391755/kseb-apologizes-junaid-death"
published_at: "2026-11-15T21:12:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af9d3a149cf6_kseb-apologizes-junaid-death.jpg"
keywords: ["KSEB", "Malappuram", "ElectricalSafety", "JunaidDeath", "KeralaNews"]
---

# 'ഒരിക്കലും സംഭവിക്കരുതാത്തത് സംഭവിച്ചു; ഞങ്ങൾ മാപ്പ് ചോദിക്കുന്നു'; ജുനൈദിന്റെ മരണത്തിൽ പരസ്യമായി മാപ്പ് പറഞ്ഞ് കെഎസ്ഇബി

> **Lead Summary:** തിരുവനന്തപുരം: മലപ്പുറം തിരൂരങ്ങാടിയിൽ വൈദ്യുത പോസ്റ്റിന്റെ സ്റ്റേ വയറിൽ നിന്നു ഷോക്കേറ്റ് 14 വയസ്സുള്ള ജുനൈദ് മരിച്ച സംഭവത്തിൽ കെ.എസ്.ഇ.ബി മാപ്പ് ചോദിച്ചു. ജുനൈദ് എന്ന കുട്ടിക്ക് ജീവഹാനിയുണ്ടായത് വളരെ സങ്കടകരമാണ്. ഒരിക്കലും സംഭവിക്കരുതാത്തതാണ് സംഭവിച്ചത്. പൊതുജനസമക്ഷം മാപ്പ് പറയുന്നതായും കെ.എസ്.ഇ.ബി അവരുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ കുറിച്ചു.

## Article Content

തിരുവനന്തപുരം: മലപ്പുറം തിരൂരങ്ങാടിയിൽ വൈദ്യുത പോസ്റ്റിന്റെ സ്റ്റേ വയറിൽ നിന്നു ഷോക്കേറ്റ് 14 വയസ്സുള്ള ജുനൈദ് മരിച്ച സംഭവത്തിൽ കെ.എസ്.ഇ.ബി മാപ്പ് ചോദിച്ചു. ജുനൈദ് എന്ന കുട്ടിക്ക് ജീവഹാനിയുണ്ടായത് വളരെ സങ്കടകരമാണ്. ഒരിക്കലും സംഭവിക്കരുതാത്തതാണ് സംഭവിച്ചത്. പൊതുജനസമക്ഷം മാപ്പ് പറയുന്നതായും കെ.എസ്.ഇ.ബി അവരുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ കുറിച്ചു.

പൊതുജനങ്ങളുടെയും ജീവനക്കാരുടെയും സുരക്ഷ അതിപ്രധാനമായാണ് കെ.എസ്.ഇ.ബി പരിഗണിക്കുന്നത്. ഇത്തരം അപകടങ്ങൾ ഇനി ആവർത്തിക്കാതിരിക്കാൻ കാര്യക്ഷമമായ നടപടികൾ ഉണ്ടാകും.

അപകടമുണ്ടാകാനുണ്ടായ സാഹചര്യം നിഷ്പക്ഷമായും കൃത്യമായും തിരൂരങ്ങാടി ഇലക്ട്രിക്കൽ സർക്കിൾ ഡെപ്യൂട്ടി ചീഫ് എൻജിനീയറുടെ നേതൃത്വത്തിൽ അന്വേഷിച്ച് ഉത്തരവാദികളായവർക്കെതിരെ കർശന നടപടി ഉണ്ടാകും. എല്ലാ ലൈനുകളും പട്രോളിങ് നടത്തി അപകടസാധ്യത കണ്ടെത്തി ഒഴിവാക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കും.

ഇത്തരമൊരു അപകടം ആവർത്തിക്കാതിരിക്കാൻ വേണ്ട എല്ലാ നടപടികളും ആത്മാർഥമായി സ്വീകരിക്കും. ജുനൈദിന് ആദരാഞ്ജലികൾ അർപ്പിക്കുന്നു. കെ.എസ്.ഇ.ബി മാനേജ്മെന്റിന്റെയും ജീവനക്കാരുടെയും പേരിൽ ജുനൈദിന്റെ മാതാപിതാക്കളുടെയും ബന്ധുക്കളുടെയും കൂട്ടുകാരുടെയും പൊതുജനങ്ങളുടെയും മുമ്പാകെ ഒരിക്കൽക്കൂടി മാപ്പ് പറയുന്നതായും കുറിപ്പിൽ പറയുന്നു.

ചെറുമുക്ക് വെസ്റ്റ് എറപ്പറമ്പൻ ശിഹാബ്-അസീന ദമ്പതികളുടെ രണ്ടാമത്തെ മകൻ ജുനൈദാണ് മരിച്ചത്. തിരൂരങ്ങാടി ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർഥിയും ചെറുമുക്ക് സുന്നത്ത് നഗർ മമ്പഉൽ ഉലൂം മദ്രസ പത്താം തരം വിദ്യാർഥിയുമാണ്.

ഞായറാഴ്ച രാവിലെ പത്തരയോടെ ചെറുമുക്ക് വെസ്റ്റിലെ ആമ്പൽ പാടത്തായിരുന്നു ദാരുണമായ സംഭവം. രാവിലെ മദ്രസ പഠനം കഴിഞ്ഞ് വീട്ടിലെത്തി ചായ കുടിച്ച ശേഷം ജുനൈദും നാല് സുഹൃത്തുക്കളും ചേർന്ന് പാടത്ത് കൃഷിക്കായി ട്രാക്ടർ ഉപയോഗിച്ച് നിലം ഉഴുതുമറിക്കുന്നത് കാണാൻ പോയതായിരുന്നു. സുഹൃത്തുക്കൾ ആദ്യം വയലിലേക്ക് ഇറങ്ങുകയും പിന്നാലെ ജുനൈദ് ഇറങ്ങുകയുമായിരുന്നു.

സുഹൃത്തുക്കളുടെ അടുത്തേക്ക് നടന്നുപോകുന്നതിനിടെ വയലിൽ കാൽവഴുതി വീണ ജുനൈദ് തൊട്ടടുത്ത വൈദ്യുത പോസ്റ്റിന്റെ സ്റ്റേ വയറിൽ പിടിച്ചതോടെ വൈദ്യുതാഘാതമേൽക്കുകയായിരുന്നു. ജുനൈദിന്റെ നിലവിളി കേട്ട് ഓടിയെത്തിയ സുഹൃത്തുക്കൾ ഉടൻ തന്നെ നാട്ടുകാരെ വിവരമറിയിച്ചു. നാട്ടുകാർ ചേർന്ന് ഉടൻ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കുട്ടിയുടെ മരണത്തിന് കാരണം കെ.എസ്.ഇ.ബിയുടെ ഗുരുതരമായ അനാസ്ഥയാണെന്ന് ആരോപിച്ച് നാട്ടുകാർ രംഗത്തെത്തി. വൈദ്യുത പോസ്റ്റിലെ സ്റ്റേ കമ്പിയുടെ ഒരു ഭാഗം അലൈൻമെന്റ് തെറ്റി ഹൈവോൾട്ടേജ് ലൈനിൽ തൊട്ടുനിൽക്കുന്ന നിലയിലായിരുന്നുവെന്നും ഇതേക്കുറിച്ച് പലതവണ പരാതിപ്പെട്ടിട്ടും അധികൃതർ നടപടിയെടുത്തില്ലെന്നുമാണ് നാട്ടുകാരുടെ ആരോപണം.

സംഭവത്തിൽ വൈദ്യുതി മന്ത്രി സണ്ണി ജോസഫ് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. അടിയന്തരമായി അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ തിരൂരങ്ങാടി ഡെപ്യൂട്ടി ചീഫ് എൻജിനീയർക്ക് നിർദേശം നൽകി.

സംഭവത്തിൽ കെ.എസ്.ഇ.ബിക്ക് വീഴ്ചയുണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കാനും വീഴ്ച കണ്ടെത്തിയാൽ ഉത്തരവാദികൾക്കെതിരെ കർശന നടപടി സ്വീകരിക്കാനും മന്ത്രി നിർദേശം നൽകി. ഒരു വർഷത്തിലധികമായി പ്രവർത്തനരഹിതമായി കിടക്കുന്നതും അറ്റകുറ്റപ്പണികൾ നടത്താത്തതുമായ വൈദ്യുതി ലൈനുകൾ അഴിച്ചുമാറ്റാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ നടപടി സ്വീകരിക്കേണ്ടതാണെന്ന് മന്ത്രി വ്യക്തമാക്കി.

**ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;**

***മലപ്പുറം തിരൂരങ്ങാടിയിൽ വൈദ്യുത പോസ്റ്റിന്റെ സ്റ്റേ വയറിൽ നിന്നും ഷോക്കേറ്റ് 14 വയസ്സുള്ള ജുനൈദ് എന്ന കുട്ടിക്ക് ജീവഹാനിയുണ്ടായത് വളരെ സങ്കടകരമാണ്. ഒരിക്കലും സംഭവിക്കരുതാത്തതാണ് സംഭവിച്ചത്. പൊതുജനസമക്ഷം മാപ്പ് പറയുന്നു.***

***പൊതുജനങ്ങളുടെയും ജീവനക്കാരുടെയും സുരക്ഷ അതിപ്രധാനമായാണ് കെ.എസ്.ഇ.ബി പരിഗണിക്കുന്നത്. ഇത്തരം അപകടങ്ങൾ ഇനി ആവർത്തിക്കാതിരിക്കാൻ കാര്യക്ഷമമായ നടപടികൾ ഉണ്ടാകും.***

***അപകടമുണ്ടാകാനുണ്ടായ സാഹചര്യം നിഷ്പക്ഷമായും കൃത്യമായും തിരൂരങ്ങാടി ഇലക്ട്രിക്കൽ സർക്കിൾ ഡെപ്യൂട്ടി ചീഫ് എൻജിനീയറുടെ നേതൃത്വത്തിൽ അന്വേഷിച്ച് ഉത്തരവാദികളായവർക്കെതിരെ കർശന നടപടി ഉണ്ടാകും.***

***എല്ലാ ലൈനുകളും പട്രോളിംഗ് നടത്തി അപകടസാധ്യത കണ്ടെത്തി ഒഴിവാക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കും.***

***ഇത്തരം അപകടങ്ങൾ ഒഴിവാക്കുന്നതിന് വൈദ്യുതി സംബന്ധമായ അപകടസാധ്യത ശ്രദ്ധയിൽപ്പെട്ടാൽ ഫോട്ടോയും വിശദാംശങ്ങളും 94 96 01 01 01 എന്ന നമ്പരിൽ വാട്സാപ് ചെയ്ത് മാന്യ ഉപഭോക്താക്കൾ സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.***

***ഇനിയൊരിക്കൽക്കൂടി ഇത്തരമൊരു അപകടം ആവർത്തിക്കാതെയിരിക്കാൻ വേണ്ട എല്ലാ നടപടികളും ആത്മാർത്ഥമായി സ്വീകരിക്കും.***

***ജുനൈദിന് ആദരാഞ്ജലികൾ അർപ്പിക്കുന്നു.***

***കെ.എസ്.ഇ.ബി മാനേജ്മെന്റിന്റെയും ജീവനക്കാരുടെയും പേരിൽ ജുനൈദിന്റെ മാതാപിതാക്കളുടെയും ബന്ധുക്കളുടെയും കൂട്ടുകാരുടെയും പൊതുജനങ്ങളുടെയും മുമ്പാകെ ഒരിക്കൽക്കൂടി മാപ്പ് പറയുന്നു.***

KSEB has publicly apologised over the death of 14-year-old Junaid, who was electrocuted after touching a stay wire in Tirurangadi, Malappuram. The utility said it will conduct a detailed inquiry, take strict action against those responsible, and implement measures to prevent such accidents from recurring.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/391755/kseb-apologizes-junaid-death)