---
title: "പിഴ ഒഴിവായി മാഫിയക്ക്, ബാക്കിയായത് ഉരുൾപൊട്ടലിന്റെ ഭീതിയും വീട് നഷ്ടപ്പെട്ടവരുടെ കണ്ണീരും"
english_title: "Government Eases Quarry Mafia Fines, Triggering Anger in the Hills"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/391702/quarry-fine-relief-hill-protest"
published_at: "2026-11-15T11:36:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af94d1fe5f22_quarry-fine-relief-hill-protest.jpg"
keywords: ["QuarryMafia", "KeralaPolitics", "IllegalMining", "EnvironmentalRisk", "WesternGhats"]
---

# പിഴ ഒഴിവായി മാഫിയക്ക്, ബാക്കിയായത് ഉരുൾപൊട്ടലിന്റെ ഭീതിയും വീട് നഷ്ടപ്പെട്ടവരുടെ കണ്ണീരും

> **Lead Summary:** കോഴിക്കോട് : കോടികളുടെ പിഴ വെറും ലക്ഷങ്ങളാക്കി കുറച്ച് ക്വാറി മാഫിയകളെ സർക്കാർ രക്ഷിച്ചപ്പോൾ, മലയോരത്ത് പിഴയടക്കാനുള്ളത് ബാക്കിയായത് സാധാരണക്കാരുടെ ജീവിതമാണ്. പാറ പൊട്ടിച്ചുണ്ടാക്കിയ ലാഭം മാഫിയയുടെ പോക്കറ്റിലേക്ക് പോയി, പക്ഷേ ഉരുൾപൊട്ടലിന്റെ ഭീതിയും പൊടിപടലവും വീടിന്റെ വിള്ളലും ബാക്കിയായത് അവിടെ ജീവിക്കുന്ന മനുഷ്യർക്ക്.

## Article Content

കോഴിക്കോട് : കോടികളുടെ പിഴ വെറും ലക്ഷങ്ങളാക്കി കുറച്ച് ക്വാറി മാഫിയകളെ സർക്കാർ രക്ഷിച്ചപ്പോൾ, മലയോരത്ത് പിഴയടക്കാനുള്ളത് ബാക്കിയായത് സാധാരണക്കാരുടെ ജീവിതമാണ്. പാറ പൊട്ടിച്ചുണ്ടാക്കിയ ലാഭം മാഫിയയുടെ പോക്കറ്റിലേക്ക് പോയി, പക്ഷേ ഉരുൾപൊട്ടലിന്റെ ഭീതിയും പൊടിപടലവും വീടിന്റെ വിള്ളലും ബാക്കിയായത് അവിടെ ജീവിക്കുന്ന മനുഷ്യർക്ക്.

സംസ്ഥാന വ്യവസായ വകുപ്പിന്റെ G.O. (MS) No: 68/2026/ID, തീയതി 16.09.2026 എന്ന ഉത്തരവാണ് ഇപ്പോൾ മലയോര ഗ്രാമങ്ങളിൽ അമർഷമായി പുകയുന്നത്.

**ഒരു ലക്ഷത്തിന്റെ പിഴ 5,000 ആയി, 5 കോടി 5 ലക്ഷമായി**

മുൻപ് ചുമത്തിയ പിഴ എത്രയെന്ന് നോക്കൂ:

- 1 ലക്ഷം പിഴയുണ്ടായിരുന്നവർ ഇനി അടക്കേണ്ടത് വെറും 5,000 രൂപ

- 5 ലക്ഷം പിഴയുള്ളവർക്ക് 25,000 രൂപ

- 25 ലക്ഷം അടക്കേണ്ടവർക്ക് 1 ലക്ഷം രൂപ

- 50 ലക്ഷം മുതൽ 5 കോടി വരെ പിഴ ചുമത്തപ്പെട്ട വൻകിടക്കാർക്ക് വെറും 5 ലക്ഷം രൂപ അടച്ചാൽ എല്ലാ ബാധ്യതയിൽ നിന്നും മോചനം!

അനധികൃത ഖനനത്തിലൂടെ കോടികൾ കൊയ്തവർക്ക് ഇത് ആഘോഷമാണ്. ഖജനാവിന് നഷ്ടം കോടികൾ. പക്ഷേ ആ നഷ്ടത്തേക്കാൾ വലുതാണ് പരിസ്ഥിതിക്കുണ്ടായ നഷ്ടം എന്നാണ് നാട്ടുകാർ പറയുന്നത്.

**2015ന് ശേഷം മല കാർന്നുതിന്നു**

2015ന് ശേഷം തുടങ്ങിയ ഭൂരിഭാഗം ക്വാറികളും പരിസ്ഥിതി ആഘാത പഠനമോ കൃത്യമായ സർവേയോ ഇല്ലാതെയാണ് മലകൾ കാർന്നുതിന്നതെന്നാണ് ആരോപണം. ഹരിത ട്രൈബ്യൂണലും ഹൈക്കോടതിയും പലതവണ താക്കീത് നൽകിയിട്ടും ഖനനം നിന്നില്ല. വിപണി മൂല്യത്തിന് അനുസരിച്ച് കനത്ത പിഴ ചുമത്തണമെന്നായിരുന്നു അന്നത്തെ നിലപാട്.

ഇപ്പോൾ ആ പിഴ തന്നെ വെള്ളമാക്കി കുറച്ചിരിക്കുകയാണ്.

**ഉരുൾപൊട്ടൽ മുന്നറിയിപ്പിനിടയിലും ഇളവ്**

പശ്ചിമഘട്ട മേഖലകളിലും മലയോരങ്ങളിലും അമിത ഖനനം ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും കാരണമായിട്ടുണ്ടെന്ന കേന്ദ്ര പരിസ്ഥിതി വകുപ്പിന്റെ മുന്നറിയിപ്പ് നിലനിൽക്കെയാണ് ഈ ആനുകൂല്യം പ്രഖ്യാപിച്ചതെന്നാണ് പരിസ്ഥിതി പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നത്.

വീടിന്റെ ചുമരിൽ വിള്ളൽ വീണ് രാത്രി ഉറങ്ങാൻ പേടിച്ച് കഴിയുന്ന കുടുംബങ്ങൾ, കിണറിലെ വെള്ളം വറ്റി കുടിവെള്ളത്തിന് അലയുന്നവർ, പൊടി ശ്വസിച്ച് ശ്വാസം മുട്ടുന്ന കുട്ടികൾ - ഇവരുടെ കഥ ആരും കേൾക്കുന്നില്ലെന്ന് നാട്ടുകാർ പറയുന്നു.

**ആരോപണം രാഷ്ട്രീയത്തിലേക്ക്**

വൻകിട ക്വാറികളിൽ നിക്ഷേപമുള്ള ഉന്നതരെയും രാഷ്ട്രീയ സ്വാധീനമുള്ളവരെയും സംരക്ഷിക്കാനാണ് ഖജനാവിന് ഭീമമായ നഷ്ടമുണ്ടാക്കുന്ന ഈ തീരുമാനമെന്ന ആരോപണം ശക്തമാണ്.

ഇതിന് പിന്നാലെ കേരള മൈനിങ് ആൻഡ് ഓണേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റും സി.പി.എം. നേതാവുമായിരുന്ന എം.കെ. ബാബു പാർട്ടിയിൽ നിന്ന് രാജിവെച്ച് മുസ്ലിം ലീഗിൽ ചേർന്നതായുള്ള വാർത്തകളും ഈ ആനുകൂല്യവുമായി ബന്ധിപ്പിച്ച് വിമർശനം ഉയരുന്നുണ്ട്.

ഉത്തരവ് അടിയന്തരമായി റദ്ദാക്കണമെന്നും വിഷയം ഉന്നതതല ഏജൻസിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നും ആവശ്യപ്പെട്ട് വിവിധ കോണുകളിൽ പ്രതിഷേധം ശക്തമാകുകയാണ്.

പിഴ കുറച്ചതുകൊണ്ട് മാഫിയയുടെ കടം തീർന്നേക്കാം. പക്ഷേ മല ഇടിഞ്ഞ് വീട് നഷ്ടപ്പെട്ടവന്റെ കടം ആരാണ് തീർക്കുക? എന്ന ചോദ്യമാണ് ഇന്ന് മലയോരം ഉയർത്തുന്നത്.

The Kerala government’s order reducing penalties on quarry operators has triggered sharp criticism from environmental activists and hill residents. They argue the move shields illegal miners while exposing vulnerable communities to landslides, dust pollution and structural damage to homes.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/391702/quarry-fine-relief-hill-protest)