---
title: "'88 വയസ്സ്, അഞ്ച് തലമുറ, 47 പേരുടെ സ്നേഹത്തണൽ'; നാദാപുരത്തെ മറിയം ഹജ്ജുമ്മയ്ക്ക് അപൂർവ സൗഭാഗ്യം"
english_title: "At 88, Maryam Hajjumma Witnesses Five Generations of Her Family"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/391696/maryam-hajjumma-five-generations-family"
published_at: "2026-11-15T11:00:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af9442b0bb7a_maryam-hajjumma-five-generations-family.jpg"
keywords: ["KeralaNews", "FamilyStory", "Nadapuram", "FiveGenerations", "HumanInterest"]
---

# '88 വയസ്സ്, അഞ്ച് തലമുറ, 47 പേരുടെ സ്നേഹത്തണൽ'; നാദാപുരത്തെ മറിയം ഹജ്ജുമ്മയ്ക്ക് അപൂർവ സൗഭാഗ്യം

> **Lead Summary:** കോഴിക്കോട് (നാദാപുരം): അഞ്ച് തലമുറകളെ ഒരുമിച്ച് കാണുക... അതൊരു ഭാഗ്യമാണ്. ചീക്കോന്നുമ്മലിലെ മറിയം ഹജ്ജുമ്മയ്ക്ക് ആ ഭാഗ്യം കിട്ടി. 88-ാം വയസ്സിലും ഓർമ്മയും ചുറുചുറുക്കുമായി ജീവിക്കുന്ന ഈ ഉമ്മയ്ക്ക് ചുറ്റും ഇപ്പോൾ അഞ്ച് തലമുറകളിലായി 47 പേരടങ്ങുന്ന വലിയൊരു കുടുംബമുണ്ട്.

## Article Content

കോഴിക്കോട് (നാദാപുരം): അഞ്ച് തലമുറകളെ ഒരുമിച്ച് കാണുക... അതൊരു ഭാഗ്യമാണ്. ചീക്കോന്നുമ്മലിലെ മറിയം ഹജ്ജുമ്മയ്ക്ക് ആ ഭാഗ്യം കിട്ടി. 88-ാം വയസ്സിലും ഓർമ്മയും ചുറുചുറുക്കുമായി ജീവിക്കുന്ന ഈ ഉമ്മയ്ക്ക് ചുറ്റും ഇപ്പോൾ അഞ്ച് തലമുറകളിലായി 47 പേരടങ്ങുന്ന വലിയൊരു കുടുംബമുണ്ട്.

ചീക്കോന്നുമ്മലിലെ അതിപുരാതന തറവാടായ കിഴക്കയിൽ വീട്ടിലെ പരേതരായ സൂപ്പി ഹാജിയുടെയും കല്യാറമ്പത്ത് ആയിഷ ദമ്പതികളുടെയും എട്ട് മക്കളിൽ ഇളയവളാണ് മറിയം ഹജ്ജുമ്മ. പരേതനായ വാര്യാംകണ്ടി അമ്മദ് മാസ്റ്ററുടെ ഭാര്യയാണ്. അമ്മദ് മാസ്റ്റർ പാതിരിപ്പറ്റ മീത്തൽ വയൽ സ്കൂളിലെ അധ്യാപകനായിരുന്നു.

**അഞ്ച് മക്കൾ, 47 പേരുടെ കുടുംബം**

മറിയം ഹജ്ജുമ്മയ്ക്ക് അഞ്ച് മക്കൾ - രണ്ട് ആണും മൂന്ന് പെണ്ണും. അവരുടെ മക്കളും പേരമക്കളും അവരുടെ മക്കളുമായി ഇപ്പോൾ കുടുംബം 47 പേരായി വളർന്നു.

മൂത്ത മകൾ ആസ്യയുടെ താവഴിയിലൂടെയാണ് ഹജ്ജുമ്മ നാലാം തലമുറയെ കണ്ടത്. ഇപ്പോൾ അഞ്ചാം തലമുറയെയും കണ്ടു.

കഴിഞ്ഞ ആഴ്ച ചെറുതായി ഒന്ന് വീണതോടെയാണ് ഹജ്ജുമ്മ കിടപ്പിലായത്. ഇളയ മകൻ ബഷീറിനൊപ്പം ചെറിയ കൈവേലി സ്റ്റേഡിയത്തിന് സമീപമുള്ള തറവാട് വീട്ടിലാണ് താമസം. ബെഡിലായ വിവരമറിഞ്ഞ് മൂത്ത മകൾ ആസ്യയും, അവരുടെ മകൾ സീനത്തും, സീനത്തിന്റെ മകൻ അനീസ് ബാബുവും, അവന്റെ മകൻ അർഹാൻ അയാനും ഇന്നലെ കാണാനെത്തി.

അപ്പോഴാണ് ആ അപൂർവ്വ കാഴ്ച ഉണ്ടായത് - അഞ്ച് തലമുറകൾ ഒരേ ഫ്രെയിമിൽ!

**പഴമയും പുതുമയും ഒരുമിച്ച്**

88 വയസ്സിലും സ്വന്തം കാര്യങ്ങൾ സ്വയം ചെയ്തിരുന്ന ഹജ്ജുമ്മ വരുന്നവരോട് വിശേഷങ്ങൾ പറഞ്ഞും പഴയകാല കഥകൾ പങ്കുവെച്ചുമാണ് കഴിഞ്ഞിരുന്നത്. പഴയകാല രീതികൾക്കൊപ്പം പുതിയ ജീവിതശൈലിയെയും ഉൾക്കൊണ്ടാണ് അവർ കാര്യങ്ങൾ നീക്കിയിരുന്നത്.

ഡോക്ടർമാർ, അധ്യാപകർ, ബിസിനസുകാർ, പൊതുപ്രവർത്തകർ, സർക്കാർ ജീവനക്കാർ, പത്രപ്രവർത്തകർ... ജീവിതത്തിന്റെ നാനാതുറകളിലും മറിയം ഹജ്ജുമ്മയുടെ പിൻമുറക്കാർ സേവനമനുഷ്ഠിക്കുന്നുണ്ട്.

കുന്നുമ്മൽ, നരിപ്പറ്റ, വാണിമേൽ എന്നീ മൂന്ന് പഞ്ചായത്തുകളിലായാണ് ഭൂരിഭാഗം കുടുംബക്കാരുമുള്ളത്.

അഞ്ച് തലമുറയെ നേരിൽ കണ്ടപ്പോൾ ബന്ധുക്കൾക്കും കൗതുകമേറി. ആ അപൂർവ്വ നിമിഷം എല്ലാവർക്കും മറക്കാനാവാത്ത ഓർമ്മയായി.

Maryam Hajjumma of Nadapuram had a rare family moment as five generations gathered in one frame, marking an unforgettable occasion for her relatives. The 88-year-old, who now has a family of 47 across five generations, was visited by her eldest daughter, granddaughter, great-grandson and great-great-grandson after she took ill.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/391696/maryam-hajjumma-five-generations-family)