---
title: "നാട്ടിലെ മാന്യൻ, പോലീസുകാരുടെ അടുത്ത സുഹൃത്ത്; കുറ്റ്യാടിയിലെ പ്രമുഖ വ്യാപാരി ലഹരിക്കേസിൽ പിടിയിൽ, വീട്ടിൽ നിന്ന് കണ്ടെത്തിയത് വൻ എംഡിഎംഎ ശേഖരം"
english_title: "Prominent Kutyadi Trader Arrested in Drug Case; Huge MDMA Cache Seized at Home"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/391694/kutyadi-trader-arrested-drug-case-mdma-cache"
published_at: "2026-11-15T10:34:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af93df9bf522_kutyadi-trader-arrested-drug-case-mdma-cache.jpg"
keywords: ["KeralaNews", "DrugBust", "MDMA", "Kozhikode", "PoliceInvestigation"]
---

# നാട്ടിലെ മാന്യൻ, പോലീസുകാരുടെ അടുത്ത സുഹൃത്ത്; കുറ്റ്യാടിയിലെ പ്രമുഖ വ്യാപാരി ലഹരിക്കേസിൽ പിടിയിൽ, വീട്ടിൽ നിന്ന് കണ്ടെത്തിയത് വൻ എംഡിഎംഎ ശേഖരം

> **Lead Summary:** കോഴിക്കോട് (കുറ്റ്യാടി ): വില്‍പനയ്ക്കത്തിച്ച വൻ ലഹരിമരുന്നുശേഖരവുമായി ബെംഗളൂരുവിൽ ഹോട്ടൽ വ്യാപാരിയായ കുറ്റ്യാടി സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. മൊകേരി മാവുള്ളചാലിൽ പ്രദീപനാണ് പിടിയിലായത്.

## Article Content

കോഴിക്കോട് (കുറ്റ്യാടി ): വില്‍പനയ്ക്കത്തിച്ച വൻ ലഹരിമരുന്നുശേഖരവുമായി ബെംഗളൂരുവിൽ ഹോട്ടൽ വ്യാപാരിയായ കുറ്റ്യാടി സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. മൊകേരി മാവുള്ളചാലിൽ പ്രദീപനാണ് പിടിയിലായത്.

മൊകേരി കോളേജ് റോഡിൽ ഇന്നലെ രാത്രി ഒമ്പതരയോടെ കുറ്റ്യാടി പൊലീസും ഡാൻസാഫ് സംഘവും പ്രദീപനെ തടഞ്ഞുനിർത്തി നടത്തിയ ദേഹപരിശോധനയിൽ 1.80 ഗ്രാം എംഡിഎംഎ കണ്ടെത്തി. തുടർന്ന് ഇയാളുടെ വീട്ടിൽ പൊലീസ് നടത്തിയ റെയ്ഡിൽ 104 ഗ്രാം എംഡിഎംഎ കൂടി പിടികൂടി.

നേരത്തെ കുറ്റ്യാടി ബസ് സ്റ്റാൻഡിൽ കൂൾബാറും തുണിക്കടയും നടത്തിയിരുന്നു പ്രദീപൻ. പൊലീസുകാരുമായും പൊലീസ് സ്റ്റേഷനുമായും ഈ വഴി നല്ല ബന്ധവുമുണ്ടായിരുന്നു. കുറ്റ്യാടിയിലെ വ്യാപാരസ്ഥാപനങ്ങൾ അവസാനിപ്പിച്ചാണു ബെംഗളൂരുവിലെ ഹോട്ടൽ രംഗത്തേക്ക് ചുവടുമാറിയത്. ഇതിനുശേഷവും ഇയാൾ പൊലീസുമായുള്ള സൗഹൃദം തുടർന്നിരുന്നു.

അടുത്തിടെയാണ് ലഹരിഇടപാടുകളിൽ ഇയാൾക്ക് ബന്ധമുണ്ടെന്ന സൂചന ഡാൻസാഫ് സംഘത്തിന് ലഭിക്കുന്നത്. ഇടയ്ക്കിടെ മാത്രം നാട്ടിൽ വരുന്ന പ്രദീപനെക്കുറിച്ചുള്ള പുതിയ വിവരങ്ങൾ തുടക്കത്തിൽ പൊലീസുകാർക്കുപോലും വിശ്വാസമായിരുന്നില്ല.

കഴിഞ്ഞ ദിവസം നാട്ടിലെത്തിയ പ്രദീപൻ രാത്രി നടക്കാനിറങ്ങിയതായിരുന്നു. നേരത്തെതന്നെ നിരീക്ഷണത്തിലായിരുന്ന ഇയാളെ സർക്കാർ ആർട്സ് കോളേജിനു സമീപത്തുവെച്ച് ഡാൻസാഫ് സംഘം വളഞ്ഞ് ദേഹപരിശോധന നടത്തുകയായിരുന്നു.

തുടർന്ന് വീട്ടിലെത്തിച്ചും പരിശോധന നടത്തി. വീടിനോടു ചേർന്നുള്ള തൊടിയിൽ പ്ലാസ്റ്റിക് കവറിലാക്കി ഒളിപ്പിച്ച നിലയിലായിരുന്നു 104 ഗ്രാം എംഡിഎംഎ പിടികൂടിയത്.

പ്രദീപന്റെ അറസ്റ്റിൽ ഞെട്ടിയിരിക്കുകയാണ് മൊകേരിക്കാർ. ബെംഗളൂരുവിൽ നല്ല നിലയിൽ ബിസിനസ് നടത്തുന്ന, എല്ലാവരുമായി ബന്ധം കാത്തുസൂക്ഷിക്കുന്ന പ്രദീപൻ ലഹരിക്കേസിൽ അറസ്റ്റിലായത് അവിശ്വസനീയതയോടെയാണ് നാട്ടുകാർ കേട്ടത്.

നേരത്തെ കേസുകളിലൊന്നും ഉൾപ്പെട്ടിട്ടില്ലാത്തയാളുകൂടിയാണ് പ്രദീപൻ. കസ്റ്റഡിയിലെടുത്ത പൊലീസ് വാഹനം വീട്ടുമുറ്റത്ത് എത്തിയപ്പോഴാണ് ഭാര്യയും മക്കളും ഇയാളുടെ ലഹരികച്ചവടം അറിയുന്നത് തന്നെ. ഇയാൾ ലഹരി നൽകിയവരെ കണ്ടെത്താൻ പൊലീസ് അന്വേഷണം തുടരുകയാണ്.

A Kutyadi native who ran a hotel business in Bengaluru was arrested by police and DANSAF with MDMA in his possession. A further search at his home led to the recovery of 104 grams of MDMA, and police are investigating his links and suppliers.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/391694/kutyadi-trader-arrested-drug-case-mdma-cache)