---
title: "'16 വീഴ്ചകൾ ചൂണ്ടിക്കാട്ടി, പക്ഷേ തെളിവുകളെവിടെ?'; തൃശ്ശൂർ പൂരം കലക്കൽ അന്വേഷണ റിപ്പോർട്ട് ആഭ്യന്തര വകുപ്പ് മടക്കി"
english_title: "Thrissur Pooram report returned by Home Department over lack of evidence"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/391678/thrissur-pooram-report-returned-home-department"
published_at: "2026-11-15T07:06:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af90db74c7c4_thrissur-pooram-report-returned-home-department.jpg"
keywords: ["ThrissurPooram", "HomeDepartment", "CrimeBranch", "KeralaNews", "PoliticalControversy"]
---

# '16 വീഴ്ചകൾ ചൂണ്ടിക്കാട്ടി, പക്ഷേ തെളിവുകളെവിടെ?'; തൃശ്ശൂർ പൂരം കലക്കൽ അന്വേഷണ റിപ്പോർട്ട് ആഭ്യന്തര വകുപ്പ് മടക്കി

> **Lead Summary:** തിരുവനന്തപുരം: തൃശ്ശൂർ പൂരം കലക്കലുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ട് ആഭ്യന്തര വകുപ്പ് മടക്കി. റിപ്പോർട്ടിൽ അവ്യക്തതയും തെളിവുകളുടെ അഭാവവും ഉണ്ടെന്ന വിലയിരുത്തലാണ് വകുപ്പിന് ഉള്ളത്.

## Article Content

തിരുവനന്തപുരം: തൃശ്ശൂർ പൂരം കലക്കലുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ട് ആഭ്യന്തര വകുപ്പ് മടക്കി. റിപ്പോർട്ടിൽ അവ്യക്തതയും തെളിവുകളുടെ അഭാവവും ഉണ്ടെന്ന വിലയിരുത്തലാണ് വകുപ്പിന് ഉള്ളത്.

പൊലീസ് വീഴ്ച സംബന്ധിച്ച് കൃത്യമായ വിവരങ്ങളില്ലെന്നും ആഭ്യന്തര വകുപ്പ് അറിയിച്ചു. പൊലീസ്-ദേവസ്വം ഏകോപനമില്ലായ്മയാണ് പൂരം അലങ്കോലപ്പെടാൻ കാരണമെന്നായിരുന്നു റിപ്പോർട്ടിലെ പ്രധാന നിരീക്ഷണം. എന്നാൽ അതിന് പിന്തുണയ്ക്കുന്ന തെളിവുകൾ ഉൾപ്പെടുത്തണമെന്ന് നിർദ്ദേശിച്ചാണ് റിപ്പോർട്ട് മടക്കിയത്.

റിപ്പോർട്ടിൽ 16 വീഴ്ചകളാണ് ചൂണ്ടിക്കാട്ടിയിരുന്നത്. പക്ഷേ അവയിൽ പലതിനും തെളിവില്ലെന്നാണ് ആഭ്യന്തര വകുപ്പിന്റെ നിലപാട്. ക്രൈം ബ്രാഞ്ച് മേധാവി എച്ച്. വെങ്കിടേഷിന്റെ റിപ്പോർട്ടാണ് പൊലീസ് മേധാവി സർക്കാരിന് സമർപ്പിച്ചത്.

തിരുവമ്പാടി ദേവസ്വത്തിലെ 8 ഭാരവാഹികൾക്കെതിരെ കുറ്റപത്രം സമർപ്പിക്കാൻ അനുമതി തേടിയായിരുന്നു റിപ്പോർട്ട്. എന്നാൽ എഡിജിപി എം.ആർ. അജിത്കുമാറിന്റെ ഇടപെടൽ സംബന്ധിച്ച് റിപ്പോർട്ടിൽ കാര്യമായ വിവരങ്ങളില്ലെന്നും സൂചനയുണ്ട്.

പൂരം കലക്കലുമായി ബന്ധപ്പെട്ട് ത്രിതല അന്വേഷണമാണ് കഴിഞ്ഞ എൽഡിഎഫ് സർക്കാർ പ്രഖ്യാപിച്ചത്. ഡിജിപിയും ഇന്റലിജൻസ് മേധാവിയും നടത്തിയ അന്വേഷണ റിപ്പോർട്ടുകൾ നേരത്തെ സർക്കാരിന് കൈമാറിയിരുന്നു. മാസങ്ങൾക്കുശേഷമാണ് ക്രൈംബ്രാഞ്ച് മേധാവിയുടെ റിപ്പോർട്ടും എത്തിയത്. 2024ലെ തൃശൂർപൂരവുമായി ബന്ധപ്പെട്ട ആരോപണങ്ങൾ വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു.

Kerala’s Home Department has returned the investigation report on the Thrissur Pooram disruption, citing ambiguity and a lack of evidence. The report had pointed to police-devaswom coordination failures and listed 16 lapses, but officials said supporting proof was not adequately included.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/391678/thrissur-pooram-report-returned-home-department)