---
title: "നാടൻ ബോംബ് കടിച്ച് യുവാവിന് ദാരുണാന്ത്യം"
english_title: "Man Dies After Biting Homemade Bomb Mistaking It for a Sweet"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/391547/man-dies-after-biting-homemade-bomb"
published_at: "2026-11-14T08:35:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af7d0a57a18d_man-dies-after-biting-homemade-bomb.jpg"
keywords: ["CrimeNews", "MadhyaPradesh", "Bhopal", "PoliceCase", "Explosion"]
---

# നാടൻ ബോംബ് കടിച്ച് യുവാവിന് ദാരുണാന്ത്യം

> **Lead Summary:** ഭോപാലിൽ രസഗുളയെന്നു കരുതി വായിലിട്ട് കടിച്ച നാടൻ ബോംബ് പൊട്ടിത്തെറിച്ച് 35-കാരൻ മരിച്ചു. മധ്യപ്രദേശിലെ ദിൻഡോരി ജില്ലയിൽ ചന്ത ഗ്രാമത്തിലെ രാജേന്ദ്ര ബറൗട്ടിയയാണ് മരിച്ചത്.

## Article Content

ഭോപാലിൽ രസഗുളയെന്നു കരുതി വായിലിട്ട് കടിച്ച നാടൻ ബോംബ് പൊട്ടിത്തെറിച്ച് 35-കാരൻ മരിച്ചു. മധ്യപ്രദേശിലെ ദിൻഡോരി ജില്ലയിൽ ചന്ത ഗ്രാമത്തിലെ രാജേന്ദ്ര ബറൗട്ടിയയാണ് മരിച്ചത്.

സുഹൃത്തായ രാം ഭഗത് ബറോട്ടിയയ്ക്കെതിരേ പോലീസ് നരഹത്യയ്ക്കും സ്ഫോടകവസ്തു നിയമപ്രകാരവും കേസ് എടുത്തു. തമാശയ്ക്കിടെയുണ്ടായ സംഭവമാണോ, അതോ കൊലപ്പെടുത്താനുള്ള ഉദ്ദേശ്യത്തോടെയാണോ ബോംബ് നൽകിയതെന്നതും പോലീസ് അന്വേഷിക്കുന്നു.

ദീപാവലി ആഘോഷങ്ങൾക്കിടെ ചൊവ്വാഴ്ച രാത്രി എട്ടോടെയായിരുന്നു സംഭവം. ഗ്രാമവാസികൾക്കൊപ്പം തീ കായുന്നതിനിടെ രാം ഭഗത് രസഗുളയുടെ രൂപത്തിലുള്ള പന്നിപ്പടക്കം രാജേന്ദ്രയുടെ വായിൽ വെച്ചുകൊടുക്കുകയായിരുന്നു എന്നാണ് പോലീസിന് ലഭിച്ച വിവരം.

ഇരുവരും തമാശപറഞ്ഞ് സംസാരിക്കുന്നതിനിടെയാണ് സംഭവം നടന്നതെന്ന് പോലീസ് പറയുന്നു. രസഗുളയാണെന്ന് കരുതി രാജേന്ദ്ര അത് കടിച്ചതോടെ ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ രാജേന്ദ്രയെ ഉടൻ ദിൻഡോരി ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കാട്ടുപന്നികളെ വേട്ടയാടുന്നതിനായി ഈ മേഖലയിലെ ചില ഗ്രാമീണരും ആദിവാസി വിഭാഗങ്ങളും ഇത്തരം നാടൻ ബോംബുകൾ നിർമിക്കാറുണ്ടെന്നും പോലീസ് പറയുന്നു.

മാവ് കുഴച്ച് ഉരുട്ടിയശേഷം അതിനുള്ളിൽ പടക്കങ്ങളിൽനിന്നോ ക്വാറികളിൽനിന്നോ ശേഖരിക്കുന്ന വെടിമരുന്ന് നിറച്ചാണ് ഇവ തയ്യാറാക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പോലീസ് ശേഖരിച്ചുവരികയാണ്.

A 35-year-old man died in Madhya Pradesh’s Dindori district after a country-made bomb exploded when he bit into it, mistaking it for a rasgulla. Police have booked his friend under culpable homicide and explosives laws while investigating whether the act was a prank or deliberate.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/391547/man-dies-after-biting-homemade-bomb)