---
title: "മരണപ്പെട്ടാൽ രണ്ട് ലക്ഷം ധനസഹായം; ശബരിമല തീർത്ഥാടകർക്ക് ഇൻഷ്വറൻസ് പരിരക്ഷയുമായി ദേവസ്വം ബോർഡ്"
english_title: "Devaswom Board Announces Insurance Cover for Sabarimala Pilgrims"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/391494/sabarimala-pilgrims-insurance-cover"
published_at: "2026-11-13T17:42:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af6ffafd6cd3_sabarimala-pilgrims-insurance-cover.jpg"
keywords: ["Sabarimala", "DevaswomBoard", "LICInsurance", "PilgrimageSafety", "KeralaNews"]
---

# മരണപ്പെട്ടാൽ രണ്ട് ലക്ഷം ധനസഹായം; ശബരിമല തീർത്ഥാടകർക്ക് ഇൻഷ്വറൻസ് പരിരക്ഷയുമായി ദേവസ്വം ബോർഡ്

> **Lead Summary:** പത്തനംതിട്ട: ശബരിമല തീർത്ഥാടകർക്ക് ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്താൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനിച്ചു. എൽ ഐ സിയുമായി സഹകരിച്ച് നടപ്പിലാക്കുന്ന പദ്ധതിയിലൂടെ, തീർത്ഥാടനത്തിനിടെ മരണപ്പെടുന്നവർക്ക് രണ്ട് ലക്ഷം രൂപ ഇൻഷുറൻസ് തുക ലഭിക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

## Article Content

പത്തനംതിട്ട: ശബരിമല തീർത്ഥാടകർക്ക് ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്താൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനിച്ചു. എൽ ഐ സിയുമായി സഹകരിച്ച് നടപ്പിലാക്കുന്ന പദ്ധതിയിലൂടെ, തീർത്ഥാടനത്തിനിടെ മരണപ്പെടുന്നവർക്ക് രണ്ട് ലക്ഷം രൂപ ഇൻഷുറൻസ് തുക ലഭിക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

വെർച്വൽ ക്യൂ, സ്പോട്ട് ബുക്കിംഗ് എന്നിവ വഴി ദർശനത്തിന് എത്തുന്ന തീർത്ഥാടകർക്കാണ് ഈ ആനുകൂല്യം ലഭിക്കുക. തീർത്ഥാടകർ ശബരിമലയിൽ എത്തുന്നതിന്റെ തലേദിവസം മുതൽ മൂന്ന് ദിവസത്തേക്കായിരിക്കും ഇൻഷുറൻസ് പരിരക്ഷ ലഭിക്കുക.

മണ്ഡല - മകരവിളക്ക് തീർത്ഥാടനത്തിനായുള്ള എല്ലാ ഒരുക്കങ്ങളും നട തുറക്കുന്നതിന് മുൻപായി പൂർത്തിയാകുമെന്നും കെ ജയകുമാർ വ്യക്തമാക്കി. തീർത്ഥാടക കേന്ദ്രീകൃതമായ തീരുമാനങ്ങളാണ് ബോർഡ് സ്വീകരിച്ചിരിക്കുന്നത്.

എല്ലാ മരാമത്ത് പണികളും പൂർത്തിയായിക്കഴിഞ്ഞു. മലകയറുമ്പോൾ വിശ്രമിക്കാൻ ഇരിപ്പിടങ്ങളില്ലെന്ന പരാതി പരിഹരിക്കുന്നതിനായി 200 സ്റ്റെയിൻലെസ് സ്റ്റീൽ കസേരകൾ സ്ഥാപിച്ചു. കൂടാതെ നിലയ്ക്കലിൽ രണ്ടായിരത്തോളം പേർക്ക് ഒരേസമയം വിശ്രമിക്കാൻ സാധിക്കുന്ന രണ്ട് വലിയ പന്തലുകളും ഏർപ്പെടുത്തിയിട്ടുണ്ട്.

വഴിപാടുകൾക്ക് ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനത്തിന് പ്രാധാന്യം നൽകുമെന്നും എല്ലാ ഡോളി സർവീസുകളും ഇനി മുതൽ പ്രീ - പെയ്ഡ് ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഈ മാസം 17 - ന് നട തുറക്കുമ്പോൾ 50 ലക്ഷം ടിൻ അരവണ കരുതൽ ശേഖരമായി ഉണ്ടാകുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് അറിയിച്ചു.

അരവണ നിർമ്മാണത്തിന് ആവശ്യമായ ശർക്കരയുടെ കാര്യത്തിൽ നിലവിൽ ആശങ്കകളില്ല. നെയ്യ് മിൽമയിൽ നിന്നാണ് വാങ്ങുന്നത്. നേരത്തെ മുറികൾ ബുക്ക് ചെയ്യുന്നതിനുണ്ടായിരുന്ന സാങ്കേതിക പ്രശ്നങ്ങൾ പൂർണ്ണമായും പരിഹരിച്ചിട്ടുണ്ടെന്നും നിലവിൽ തടസ്സങ്ങളൊന്നുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ശുചിമുറികൾ ടെൻഡർ ആകുന്നത് വരെ ദേവസ്വം നേരിട്ട് കൈകാര്യം ചെയ്യും. ഓരോ മണിക്കൂർ ഇടവിട്ട് വൃത്തിയാക്കും. 200 ൽ അധികം തൊഴിലാളികളെ ഇതിനായി നിയോഗിച്ചു. അരവണയും അപ്പവും പോസ്റ്റൽ വഴി ലഭിക്കാൻ ഇത്തവണ മുതൽ ക്രമീകരണമുണ്ടാകും. പോസ്റ്റൽ വകുപ്പുമായി സഹകരിച്ചാണ് നടപടിയെന്നും ദേവസ്വം പ്രസിഡന്‍റ് വ്യക്തമാക്കി.

The Travancore Devaswom Board has announced insurance coverage for Sabarimala pilgrims in partnership with LIC. Pilgrims who die during the journey will be eligible for Rs 2 lakh, with the cover valid from one day before arrival to three days after.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/391494/sabarimala-pilgrims-insurance-cover)