---
title: "'ഭദ്രകീർത്തിയുടെ ആരോപണം ശരിവയ്ക്കുന്നു': 'ബൈക്കുമായി സ്കൂളിലും പോയിട്ടുണ്ട്, മുൻപും കാറോടിച്ചിട്ടുണ്ട്'; ചേരാനല്ലൂർ അപകടക്കേസിൽ 17കാരന്റെ നിർണായക മൊഴി, ക്രൈംബ്രാഞ്ചിന് പുതിയ തെളിവുകൾ"
english_title: "Cheranalloor Crash Case: Teen’s Statement Backs Bhadrakeerthi’s Claim"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/391442/cheranalloor-crash-case-teen-statement"
published_at: "2026-11-13T12:08:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af6b108ccd76_cheranalloor-crash-case-teen-statement.jpg"
keywords: ["CheranalloorCase", "TeenDriver", "CrimeBranch", "HighCourt", "KeralaNews"]
---

# 'ഭദ്രകീർത്തിയുടെ ആരോപണം ശരിവയ്ക്കുന്നു': 'ബൈക്കുമായി സ്കൂളിലും പോയിട്ടുണ്ട്, മുൻപും കാറോടിച്ചിട്ടുണ്ട്'; ചേരാനല്ലൂർ അപകടക്കേസിൽ 17കാരന്റെ നിർണായക മൊഴി, ക്രൈംബ്രാഞ്ചിന് പുതിയ തെളിവുകൾ

> **Lead Summary:** കൊച്ചി: ചേരാനല്ലൂര്‍ വാഹനാപകടക്കേസില്‍ പ്രതിയായ പതിനേഴുകാരന്റെ മൊഴി വീണ്ടും രേഖപ്പെടുത്തി അന്വേഷണ സംഘം. വ്യാഴാഴ്ചയാണ് മൊഴി രേഖപ്പെടുത്തിയത്. പിതാവിന്റെ സാന്നിധ്യത്തില്‍ അല്ലാതെ മൊഴി രേഖപ്പെടുത്താന്‍ ജില്ലാ ക്രൈം ബ്രാഞ്ച് കോടതിയില്‍ നിന്ന് അനുമതി വാങ്ങിയിരുന്നു.

## Article Content

കൊച്ചി: ചേരാനല്ലൂര്‍ വാഹനാപകടക്കേസില്‍ പ്രതിയായ പതിനേഴുകാരന്റെ മൊഴി വീണ്ടും രേഖപ്പെടുത്തി അന്വേഷണ സംഘം. വ്യാഴാഴ്ചയാണ് മൊഴി രേഖപ്പെടുത്തിയത്. പിതാവിന്റെ സാന്നിധ്യത്തില്‍ അല്ലാതെ മൊഴി രേഖപ്പെടുത്താന്‍ ജില്ലാ ക്രൈം ബ്രാഞ്ച് കോടതിയില്‍ നിന്ന് അനുമതി വാങ്ങിയിരുന്നു.

സോഷ്യല്‍ ബാക്ക്‌ഗ്രൗണ്ട് റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന് മുന്നോടിയായിട്ടാണ് പതിനേഴുകാരന്റെ മൊഴി വീണ്ടും രേഖപ്പെടുത്തിയത്. മുന്‍പും വാഹനം ഓടിച്ചിട്ടുണ്ടെന്നാണ് പ്രതി മൊഴി നല്‍കിയിരിക്കുന്നത്. കാറും ബൈക്കും ഓടിച്ചിട്ടുണ്ട്. ബൈക്കുമായി സ്‌കൂളില്‍ പോയിട്ടുണ്ടെന്നും പതിനേഴുകാരന്‍ സമ്മതിച്ചു.

പ്രതി മുന്‍പ് വാഹനം ഓടിച്ചിരുന്നതുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ചിന് നേരത്തെ തെളിവ് ലഭിച്ചിരുന്നു. ഇത് ശരിവെക്കുന്നതാണ് മൊഴി. പതിനേഴുകാരന്‍ ബൈക്ക് ഓടിച്ച് സ്‌കൂളില്‍ പോയിരുന്നുവെന്ന് ജയബാലകൃഷ്ണന്റെ മകള്‍ ഭദ്രകീര്‍ത്തി മുന്‍പ് ആരോപിച്ചിരുന്നു. പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ അന്വേഷണ സംഘം ഉടന്‍ സോഷ്യല്‍ ബാക്ക്‌ഗ്രൗണ്ട് റിപ്പോര്‍ട്ട് നല്‍കും.

കേസില്‍ പതിനേഴുകാരന് ജാമ്യം അനുവദിച്ച ഉത്തരവ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് ജയബാലകൃഷ്ണന്റെ കുടുംബം ഹൈക്കോടതിയെ സമീപിച്ചിരുന്നു. ജാമ്യം നല്‍കി പ്രതിയെ വിട്ടത് നീതിന്യായ വ്യവസ്ഥയുടെ വിശ്വാസ്യതയെ തന്നെ ചോദ്യം ചെയ്യും.

പ്രതിയെ ഒബ്സര്‍വേഷന്‍ ഹോമില്‍ അയക്കണം. കേവലം അശ്രദ്ധമൂലമല്ല അപകടമുണ്ടായത്. മനുഷ്യജീവന് വിലകല്‍പ്പിക്കാത്ത മനോഭാവമാണ് പ്രതി കാട്ടിയത്. പ്രതിയുടെ പിതാവ് ഉന്നത സ്വാധീനമുള്ള ജുഡീഷ്യല്‍ ഓഫീസറാണ്. തെളിവ് നശിപ്പിക്കപ്പെടാമെന്നും കുടുംബം ചൂണ്ടിക്കാട്ടിയിരുന്നു.

പതിനേഴുകാരന് ജാമ്യം നല്‍കിയതിനെതിരെ ജയബാലകൃഷ്ണന്റെ കുടുംബം അടക്കം നല്‍കിയ അപ്പീലുകള്‍ നേരത്തേ എറണാകുളം പ്രത്യേക സെഷന്‍സ് കോടതി തള്ളിയിരുന്നു. ഇതിനെതിരെയാണ് ജയബാലകൃഷ്ണന്റെ കുടുംബം ഹൈക്കോടതിയെ സമീപിച്ചത്.

കുടുംബത്തിന്റെ ഹര്‍ജിയില്‍ ഹൈക്കോടതി നോട്ടീസ് അയയ്ക്കുകയും സര്‍ക്കാരിന്റെ വിശദീകരണം തേടുകയും ചെയ്തിട്ടുണ്ട്. ഹര്‍ജി ഒരാഴ്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കും.

പൊലീസിന്റെയും പ്രോസിക്യൂഷന്റെയും വീഴ്ചകളെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടായിരുന്നു പതിനേഴുകാരന് ജാമ്യം നല്‍കിയതിനെതിരെ സമര്‍പ്പിച്ച അപ്പീലുകള്‍ എറണാകുളം പ്രത്യേക സെഷന്‍സ് കോടതി തള്ളിയത്. അപ്പീലുകളില്‍ ഗുരുതര വീഴ്ചയുള്ളതായി കോടതി നിരീക്ഷിച്ചിരുന്നു.

പിഴ ചുമത്താതിരിക്കാന്‍ പ്രോസിക്യൂഷന്‍ കാരണം ബോധിപ്പിക്കണമെന്ന് കോടതി പറഞ്ഞിരുന്നു. എന്ത് അടിസ്ഥാനത്തിലാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതെന്ന് കോടതി ചോദിച്ചിരുന്നു. ഗുരുതര കുറ്റം അല്ലെങ്കില്‍ ജുവനൈലിനെതിരെ എഫ്ഐആര്‍ ഇടാനാകില്ല. ജുവനൈല്‍ കേസുകളില്‍ കുറഞ്ഞത് ഏഴ് വര്‍ഷം തടവ് കിട്ടുന്ന കുറ്റങ്ങള്‍ക്ക് മാത്രമേ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കൂ എന്നും കോടതി പറഞ്ഞിരുന്നു

ഒക്ടോബര്‍ 25 പുലര്‍ച്ച രണ്ടരയോടെയാണ് ചേരാനല്ലൂര്‍ കണ്ടെയ്‌നര്‍ റോഡില്‍ പതിനേഴുകാരന്‍ ഓടിച്ച ബെന്‍സ് കാറിടിച്ച് മാഞ്ഞാലി സ്വദേശി ജയബാലകൃഷ്ണന്‍ മരിച്ചത്. ഇതിന് പിന്നാലെ പതിനേഴുകാരനെ കസ്റ്റഡിയിലെടുത്തു. കാര്‍ ഓടിക്കാനുള്ള ആഗ്രഹം കാരണം വീട്ടുകാരുടെ അറിവില്ലാതെയാണ് താന്‍ വാഹനവുമായി പുറത്തിറങ്ങിയതെന്നായിരുന്നു കുട്ടി പൊലീസിന് നല്‍കിയ മൊഴി.

ഇരുട്ടും മഴയുമുള്ള സമയമായതിനാല്‍ റോഡില്‍ വാഹനങ്ങള്‍ കണ്ടിരുന്നില്ല. സ്‌കൂട്ടര്‍ ശ്രദ്ധയില്‍പ്പെട്ടിരുന്നില്ലെന്നും പതിനേഴുകാരന്‍ മൊഴി നല്‍കിയിരുന്നു. പൊലീസ് പിന്നീട് പതിനേഴുകാരനെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. ഇത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

ഇതിനെതിരെ ജയബാലകൃഷ്ണന്റെ കുടുംബം രംഗത്തെത്തുകയും ചെയ്തിരുന്നു. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല കടുത്ത അതൃപ്തി അറിയിച്ചതിന് പിന്നാലെയാണ് പൊലീസ് കടുത്ത നടപടിയിലേക്ക് പോലും കടന്നത്. ഇതിന് പിന്നാലെ രാത്രി വൈകിയാണ് 17കാരനെതിരെ നരഹത്യാവകുപ്പ് ചുമത്തിയത്.

In the Cheranalloor road accident case, the 17-year-old accused has reportedly admitted to driving a bike to school and operating a car earlier, strengthening the family’s allegations. The Crime Branch says the statement will help prepare the social background report as the High Court examines the bail challenge.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/391442/cheranalloor-crash-case-teen-statement)