---
title: "'കേരളത്തിന്റെ വൈദ്യുതി ആവശ്യകത ദിനംപ്രതി ഉയരുകയാണ്; ജി.എൻ.എയിൽ നിന്ന് വൈദ്യുതി വാങ്ങുന്നതിൽ അപ്രായോഗികതകളുണ്ട്'-  മന്ത്രി സണ്ണി ജോസഫ്"
english_title: "No Change in GNA Deal Stance, Says Minister Sunny Joseph"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/391435/gna-power-deal-minister-sunny-joseph-new"
published_at: "2026-11-13T11:39:00+05:30"
category: "Politics"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af6aa88552ad_gna-power-deal-minister-sunny-joseph-new.jpg"
keywords: ["KeralaPower", "SunnyJoseph", "KSEB", "ElectricityDeal", "SinnarPower", "PowerPurchase"]
---

# 'കേരളത്തിന്റെ വൈദ്യുതി ആവശ്യകത ദിനംപ്രതി ഉയരുകയാണ്; ജി.എൻ.എയിൽ നിന്ന് വൈദ്യുതി വാങ്ങുന്നതിൽ അപ്രായോഗികതകളുണ്ട്'-  മന്ത്രി സണ്ണി ജോസഫ്

> **Lead Summary:** **തിരുവനന്തപുരം: (https://truevisionnews.com/**) ജി.എന്‍.എയില്‍ നിന്ന് വൈദ്യുതി വാങ്ങുന്നതില്‍ ചില അപ്രായോഗികതകളുണ്ടെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ് പറഞ്ഞു. കേരളത്തിന്റെ വൈദ്യുതി ആവശ്യകത ദിനംപ്രതി ഉയരുകയാണെന്നും കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 1000 മെഗാവാട്ടിന്റെ വര്‍ധനവുണ്ടായെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

## Article Content

**തിരുവനന്തപുരം: (https://truevisionnews.com/**) ജി.എന്‍.എയില്‍ നിന്ന് വൈദ്യുതി വാങ്ങുന്നതില്‍ ചില അപ്രായോഗികതകളുണ്ടെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ് പറഞ്ഞു. കേരളത്തിന്റെ വൈദ്യുതി ആവശ്യകത ദിനംപ്രതി ഉയരുകയാണെന്നും കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 1000 മെഗാവാട്ടിന്റെ വര്‍ധനവുണ്ടായെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

10 വര്‍ഷത്തെ അപേക്ഷിച്ച് ആവശ്യം ഇരട്ടിയിലധികമായി. എന്നാല്‍ അതിനനുസരിച്ച് ഉത്പാദനം വര്‍ധിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു. കേരളത്തില്‍ പ്രത്യേകിച്ച് രാത്രിയാണ് വൈദ്യുതി കൂടുതല്‍ വേണ്ടിവരുന്നതെന്നും അതിനായി കൂടുതല്‍ പദ്ധതികള്‍ വേണമെന്നും അദ്ദേഹം വ്യക്തമാക്കി. സോളാര്‍ മാത്രം കൊണ്ട് ആവശ്യകത നിറവേറ്റാനാവില്ലെന്നും മന്ത്രി പറഞ്ഞു.

പകല്‍ ഉല്‍പാദിപ്പിക്കുന്ന സോളാര്‍ വൈദ്യുതി രാത്രി ഉപയോഗിക്കാനായി ബാറ്ററി സ്റ്റോറേജ് സംവിധാനം വേണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സോളാര്‍ പദ്ധതി ജനകീയമാക്കാനും വികേന്ദ്രീകരിക്കാനുമായി ബജറ്റില്‍ 100 കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്നും സബ്സിഡിയും ബാങ്ക് വായ്പയും നല്‍കുന്ന കാര്യം സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

വൈദ്യുതി വകുപ്പ് മുഖ്യമന്ത്രിയില്‍ സമ്മര്‍ദ്ദം ചെലുത്തിയിട്ടില്ലെന്നും സണ്ണി ജോസഫ് വ്യക്തമാക്കി. ജി.എന്‍.എ കരാര്‍ ഇപ്പോള്‍ നിലവിലില്ലെന്നും സിന്നാര്‍ വൈദ്യുതി കുറഞ്ഞ വിലയില്‍ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. മഹാരാഷ്ട്രയിലെ സിന്നാര്‍ താപവൈദ്യുത നിലയത്തില്‍ നിന്നാണ് കേരളത്തിലേക്ക് വൈദ്യുതി എത്തുന്നത്. ഡിസംബര്‍, ജനുവരി മാസങ്ങളില്‍ ആദ്യഘട്ടമായി 270 മെഗാവാട്ട് വൈദ്യുതി ലഭിക്കും.

ഫെബ്രുവരി മുതല്‍ ഇത് 540 മെഗാവാട്ടായി ഉയരും. യൂണിറ്റിന് ഏകദേശം 5.18 രൂപ മുതല്‍ 5.40 രൂപ വരെയുള്ള നിരക്കിലാണ് വൈദ്യുതി ലഭ്യമാകുന്നത്. 25 വര്‍ഷത്തേക്കുള്ള ദീര്‍ഘകാല വൈദ്യുതിവാങ്ങല്‍ കരാറിലാണ് കെ.എസ്.ഇ.ബിയും എന്‍.ടി.പി.സിയും ഒപ്പുവയ്ക്കുന്നത്. കായംകുളം എന്‍.ടി.പി.സി നിലയവുമായുള്ള കരാര്‍ സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷന്‍ മൂന്ന് വര്‍ഷത്തേക്ക് കൂടി നീട്ടിയതും ആശ്വാസമായി.

ഇതിലൂടെ ഒഡിഷയിലെ താല്‍ച്ചര്‍ നിലയത്തില്‍ നിന്നുള്ള 180 മെഗാവാട്ട് വൈദ്യുതി കേരളത്തിന് തുടര്‍ന്നും ലഭിക്കും. പുറത്തുനിന്ന് കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങേണ്ട സാമ്പത്തികബാധ്യത കുറയ്ക്കാനും വരുംമാസങ്ങളില്‍ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള സാധ്യതകള്‍ ഒഴിവാക്കാനും ഈ കരാറുകള്‍ സഹായിക്കുമെന്ന് അധികൃതര്‍ വിലയിരുത്തുന്നു.

Electricity Minister Sunny Joseph said there is no change in the government’s stance on the GNA power purchase deal, adding that some practical issues remain in buying power from GNA. He said Kerala’s power demand is rising sharply and the state is pursuing cheaper long-term supply options, including power from the Sinnar plant and continued availability from Talcher.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/391435/gna-power-deal-minister-sunny-joseph-new)