---
title: "അഞ്ച് വർഷത്തിന് ശേഷം വി.ഡി. സതീശൻ പെരുന്നയിലേക്ക്; എല്ലാ അഭിപ്രായ ഭിന്നതകളും പരസ്പരം പറഞ്ഞ് അവസാനിപ്പിച്ചെന്ന് ജി. സുകുമാരൻ നായർ"
english_title: "Satheesan-Sukumaran Nair feud ends; CM to attend Mannam Jayanthi"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/391423/satheesan-sukumaran-nair-feud-ends-new"
published_at: "2026-11-13T10:42:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af69d3ce1fef_satheesan-sukumaran-nair-feud-ends-new.jpg"
keywords: ["VDSatheesan", "GSukumaranNair", "NSS", "KeralaNews", "MannamJayanthi"]
---

# അഞ്ച് വർഷത്തിന് ശേഷം വി.ഡി. സതീശൻ പെരുന്നയിലേക്ക്; എല്ലാ അഭിപ്രായ ഭിന്നതകളും പരസ്പരം പറഞ്ഞ് അവസാനിപ്പിച്ചെന്ന് ജി. സുകുമാരൻ നായർ

> **Lead Summary:** ** **ചങ്ങനാശ്ശേരിയിലെ പെരുന്നയിൽ നടക്കുന്ന മന്നംജയന്തി ആഘോഷത്തിൽ മുഖ്യമന്ത്രി വി.ഡി.സതീശൻ എത്തുമെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ അറിയിച്ചു. സതീശനുമായുള്ള എല്ലാ അഭിപ്രായ ഭിന്നതകളും പരസ്പരം പറഞ്ഞ് അവസാനിപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു.

## Article Content

** **ചങ്ങനാശ്ശേരിയിലെ പെരുന്നയിൽ നടക്കുന്ന മന്നംജയന്തി ആഘോഷത്തിൽ മുഖ്യമന്ത്രി വി.ഡി.സതീശൻ എത്തുമെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ അറിയിച്ചു. സതീശനുമായുള്ള എല്ലാ അഭിപ്രായ ഭിന്നതകളും പരസ്പരം പറഞ്ഞ് അവസാനിപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു.

> മുഖ്യമന്ത്രിയെ ഫോണിൽ വിളിച്ച് ക്ഷണിച്ചെന്നും കത്തയച്ചെന്നും സുകുമാരൻ നായർ പറഞ്ഞു. വരാമെന്ന് മറുപടി ലഭിച്ചതായും അദ്ദേഹം വ്യക്തമാക്കി. “നടത്തിയ പരാമർശങ്ങൾ അതത് സാഹചര്യത്തിൽ പറഞ്ഞതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഞാനത് മറക്കുകയും ചെയ്തു” എന്നും സുകുമാരൻ നായർ കൂട്ടിച്ചേർത്തു.

അഞ്ച് വർഷത്തിന് ശേഷമാണ് വി.ഡി.സതീശൻ പെരുന്നയിലെത്തുന്നത്. ജനുവരി ഒന്ന്, രണ്ട് തീയതികളിലായാണ് എൻഎസ്എസ് ആസ്ഥാനത്ത് മന്നം ജയന്തി ആഘോഷങ്ങൾ നടക്കുന്നത്. 2021-ൽ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ സതീശൻ നടത്തിയ ഒരു പ്രസ്താവനയാണ് ഇരുവരുടെയും പരസ്യ തർക്കത്തിന് തുടക്കമായത്.

രാഷ്ട്രീയ നേതാക്കൾ സാമുദായിക നേതാക്കളുടെ ‘തിണ്ണ നിരങ്ങാൻ’ പോകരുതെന്നും, സമുദായ നേതാക്കൾ ഇരിക്കാൻ പറയുമ്പോൾ രാഷ്ട്രീയക്കാർ കിടക്കരുതെന്നുമുള്ള പരാമർശം സുകുമാരൻ നായരെ ചൊടിപ്പിച്ചിരുന്നു. മറ്റ് കോൺഗ്രസ് നേതാക്കളിൽ നിന്ന് വ്യത്യസ്തമായി സതീശൻ പെരുന്നയിലെ എൻഎസ്എസ് ആസ്ഥാനം സന്ദർശിക്കാൻ തയ്യാറാകാതിരുന്നതും അകൽച്ച കൂട്ടി.

2026 നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പായി ഇരുവരും തമ്മിലുള്ള പോര് വീണ്ടും പരസ്യമായിരുന്നു. സമുദായ സംഘടനകൾ രാഷ്ട്രീയ പാർട്ടികളുടെ കാര്യങ്ങളിൽ ഇടപെടേണ്ടതില്ലെന്ന സതീശന്റെ നിലപാടിനെതിരെ സുകുമാരൻ നായർ രംഗത്തെത്തുകയും, ഈ രീതിയിൽ മുന്നോട്ട് പോയാൽ കോൺഗ്രസിന് തിരിച്ചടി നേരിടുമെന്നും മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു.

യുഡിഎഫ് വിജയിച്ചതിന് പിന്നാലെ വി.ഡി.സതീശനെ മുഖ്യമന്ത്രിയാക്കാനുള്ള കോൺഗ്രസ് തീരുമാനത്തെയും സുകുമാരൻ നായർ പരസ്യമായി വിമർശിച്ചിരുന്നു. മുഖ്യമന്ത്രിയെ കാണാൻ രണ്ടുതവണ സമയം ചോദിച്ചിട്ടും അനുവദിച്ചില്ലെന്ന് ഇക്കഴിഞ്ഞ ജൂണിൽ അദ്ദേഹം ആരോപിച്ചിരുന്നു. എന്നാൽ കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിച്ചിട്ടില്ലെന്നും ബജറ്റ് തിരക്കുകൾക്കിടയിൽ ഫോൺ എടുക്കാൻ കഴിയാതിരുന്നപ്പോൾ പിന്നീട് തിരിച്ചുവിളിച്ച് സൗഹാർദപരമായി സംസാരിച്ചിരുന്നുവെന്നും മുഖ്യമന്ത്രി പിന്നീട് വിശദീകരിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/391423/satheesan-sukumaran-nair-feud-ends-new)