---
title: "'അമ്മയുടെ മങ്ങിയ ഓർമകൾക്ക് പുതുജീവൻ നൽകാൻ മകളുടെ സ്നേഹസമ്മാനം'; ഐഐടിയിലെ ജോലി ഉപേക്ഷിച്ച് മകൾ വികസിപ്പിച്ച ഉപകരണം, പിറന്നത് ആയിരങ്ങൾക്ക് പ്രതീക്ഷയാക്കുന്ന 'ന്യൂമി'"
english_title: "Aparna’s ‘Neumi’ Device Offers Hope for Memory Loss Patients"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/391399/aparna-newmi-memory-device-stroke"
published_at: "2026-11-13T08:21:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af67d77717ef_aparna-newmi-memory-device-stroke.jpg"
keywords: ["NewmiDevice", "StrokeRecovery", "AparnaRVm", "KeralaStartup", "HealthTech"]
---

# 'അമ്മയുടെ മങ്ങിയ ഓർമകൾക്ക് പുതുജീവൻ നൽകാൻ മകളുടെ സ്നേഹസമ്മാനം'; ഐഐടിയിലെ ജോലി ഉപേക്ഷിച്ച് മകൾ വികസിപ്പിച്ച ഉപകരണം, പിറന്നത് ആയിരങ്ങൾക്ക് പ്രതീക്ഷയാക്കുന്ന 'ന്യൂമി'

> **Lead Summary:** കോഴിക്കോട്: മസ്തിഷ്കാഘാതത്തെ തുടർന്ന് ഓർമ്മത്തകരാർ വന്ന അമ്മയ്ക്ക് വേണ്ടി മകൾ അപർണ ആർ.വി.എം. വികസിപ്പിച്ച ‘ന്യൂമി’ എന്ന ഉപകരണം ഇപ്പോൾ സമാന പ്രശ്നങ്ങൾ നേരിടുന്നവർക്കും പ്രതീക്ഷയാകുന്നു.

## Article Content

കോഴിക്കോട്: മസ്തിഷ്കാഘാതത്തെ തുടർന്ന് ഓർമ്മത്തകരാർ വന്ന അമ്മയ്ക്ക് വേണ്ടി മകൾ അപർണ ആർ.വി.എം. വികസിപ്പിച്ച ‘ന്യൂമി’ എന്ന ഉപകരണം ഇപ്പോൾ സമാന പ്രശ്നങ്ങൾ നേരിടുന്നവർക്കും പ്രതീക്ഷയാകുന്നു.

കോഴിക്കോട് മീഞ്ചന്ത ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജിൽ പ്രൊഫസറായ ഷീബാ ദിവാകരന് മസ്തിഷ്കാഘാതത്തെ തുടർന്ന് ഉണ്ടായ ഓർമ്മക്കുറവാണ് ഈ കണ്ടുപിടിത്തത്തിന് പിന്നിലെ പ്രചോദനം.

ഡൽഹി ഐ.ഐ.ടി.യിൽ നിന്ന് കൊഗ്നിറ്റീവ് സയൻസിൽ എം.എസ്‌സി. പാസായ അപർണ, പഠിച്ച ശാസ്ത്രം അമ്മയ്ക്കായി എങ്ങനെ പ്രയോജനപ്പെടുത്താമെന്ന ചിന്തയിലാണ് ഈ ഉപകരണം വികസിപ്പിച്ചത്. ഒരുവർഷത്തെ പഠനവും ഗവേഷണവും കഴിഞ്ഞാണ് ‘ന്യൂമി’ രൂപപ്പെടുത്തിയത്.

മസ്തിഷ്കപ്രശ്നങ്ങൾ കാരണം ഓർമ്മത്തകരാർ സംഭവിച്ചവർക്ക് ജീവിതം പഴയതുപോലെ തിരിച്ചുപിടിക്കാൻ സഹായിക്കുന്ന സോഫ്റ്റ്‌വേർ-ഹാർഡ്‌വേർ ഉപകരണമാണ് ന്യൂമി. മസ്തിഷ്കത്തിന്റെ വിവിധ ഭാഗങ്ങളെ ഉത്തേജിപ്പിക്കുന്ന ഗെയിമുകൾ ഇതിലുണ്ട്.

രോഗികളുടെ നിത്യജീവിതത്തിലെ കാര്യങ്ങൾ ഗെയിമുകളാക്കി മാറ്റി, അവ തത്സമയം ചലനാത്മകമായി ക്രമീകരിച്ചാണ് നഷ്ടപ്പെട്ട ന്യൂറൽ കണക്‌ഷനുകൾ പുനഃസ്ഥാപിക്കാൻ ശ്രമിക്കുന്നത്.

ന്യൂമി ന്യൂറോടെക് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ സി.ഇ.ഒ.യാണ് അപർണ. വെള്ളിയാഴ്ച ഹഡിൽ ഗ്ലോബൽ വേദിയിൽ ഈ ഉപകരണം പരിചയപ്പെടുത്തും. 2025 സെപ്റ്റംബറിൽ കോഴിക്കോട് ആസ്ഥാനമായി രൂപവത്കരിച്ച കമ്പനിക്ക് ഐവി ക്യാപ് വെഞ്ച്വേഴ്സിന്റെ രണ്ടുകോടി രൂപയുടെ നിക്ഷേപവും ലഭിച്ചിട്ടുണ്ട്.

ഷീബ ഇപ്പോൾ ആരോഗ്യവതിയായി കോളേജിൽ പോകുന്നുണ്ട്. അച്ഛൻ ആർ.വി.എം. ദിവാകരൻ കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ മലയാളവിഭാഗം പ്രൊഫസറാണ്. സഹോദരൻ അഭയദേവ് ബി.ടെക്. വിദ്യാർഥിയാണ്.

ഡൽഹി ഐ.ഐ.ടി.യിലെ ടെക്നോളജി സീനിയർ എക്സിക്യുട്ടീവ് ജോലി ഉപേക്ഷിച്ചാണ് അപർണ ന്യൂമി വികസിപ്പിക്കാൻ സമയം കണ്ടെത്തിയത്. ബിറ്റ്സ് പിലാനിയുടെ വനിതാസംരംഭക പദ്ധതിയിലൂടെ ഈ സംരംഭത്തിന് 15 ലക്ഷം രൂപയുടെ ഇൻകുബേഷൻ ഫണ്ടും ലഭിച്ചിരുന്നു.

Aparna R.V.M. developed the Neumi device inspired by her mother’s memory loss after a stroke. The software-hardware system uses games to stimulate different parts of the brain and help patients rebuild lost neural connections. The Kozhikode-based startup has also secured funding and will present the device at Huddle Global.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/391399/aparna-newmi-memory-device-stroke)