---
title: "'ഇനി ഒരു കൈകൊണ്ട് ഞാനെന്ത് ചെയ്യും?'; ലൈംഗികാതിക്രമം എതിർത്ത യുവതിയെ ട്രെയിനിൽനിന്ന് തള്ളിയിട്ടു, ഇടതുകൈ നഷ്ടമായി, 53കാരൻ അറസ്റ്റിൽ"
english_title: "53-Year-Old Arrested After Pushing Woman Off Moving Train in Mumbai"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/391349/woman-pushed-from-train-loses-left-hand"
published_at: "2026-11-12T19:32:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af5c728d9a34_woman-pushed-from-train-loses-left-hand.jpg"
keywords: ["MumbaiCrime", "TrainAssault", "WomenSafety", "SexualHarassment", "PoliceArrest"]
---

# 'ഇനി ഒരു കൈകൊണ്ട് ഞാനെന്ത് ചെയ്യും?'; ലൈംഗികാതിക്രമം എതിർത്ത യുവതിയെ ട്രെയിനിൽനിന്ന് തള്ളിയിട്ടു, ഇടതുകൈ നഷ്ടമായി, 53കാരൻ അറസ്റ്റിൽ

> **Lead Summary:** മുംബൈ: പീഡനശ്രമത്തെ എതിർത്ത യുവതിയെ ഓടുന്ന ലോക്കൽ ട്രെയിനിൽനിന്ന് ട്രാക്കിലേക്ക് തള്ളിയിട്ട 53കാരൻ അറസ്റ്റിൽ. നായ്ഗാവ് ഈസ്റ്റ് സ്വദേശിയായ ജിതേന്ദ്ര ഹിർമുഖെ ആണ് പിടിയിലായത്.

## Article Content

മുംബൈ: പീഡനശ്രമത്തെ എതിർത്ത യുവതിയെ ഓടുന്ന ലോക്കൽ ട്രെയിനിൽനിന്ന് ട്രാക്കിലേക്ക് തള്ളിയിട്ട 53കാരൻ അറസ്റ്റിൽ. നായ്ഗാവ് ഈസ്റ്റ് സ്വദേശിയായ ജിതേന്ദ്ര ഹിർമുഖെ ആണ് പിടിയിലായത്.

സംഭവത്തിൽ ഗുരുതരമായി പരുക്കേറ്റ യുവതിയുടെ ഇടതുകൈ നഷ്ടമായി. തലയ്ക്കേറ്റ പരുക്കിനെ തുടർന്ന് 16 തുന്നലുകളും ഇടേണ്ടിവന്നു. യുവതിയെ ട്രെയിനിൽനിന്ന് തള്ളിയിട്ടശേഷം യാതൊരു ഭാവവ്യത്യാസവുമില്ലാതെ പ്രതി നടന്നുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

മുംബൈയിലെ ബോറിവലിയിൽനിന്ന് വിരാറിലേക്ക് പോവുകയായിരുന്ന ലോക്കൽ ട്രെയിനിലാണ് സംഭവം. യാത്രയ്ക്കിടെ പ്രതി തന്റെ ശരീരത്തിൽ ദുരുദ്ദേശ്യത്തോടെ സ്പർശിക്കുകയും മോശമായി പെരുമാറുകയും ചെയ്തതായി യുവതി പരാതിയിൽ പറയുന്നു. യുവതി ഇത് ചോദ്യം ചെയ്തതോടെ ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി.

ട്രെയിനിലുണ്ടായിരുന്ന മറ്റ് യാത്രക്കാർ പ്രശ്നത്തിൽ ഇടപെടാൻ ശ്രമിച്ചെങ്കിലും പ്രതി യുവതിയെ അസഭ്യം പറയുകയും ചെരിപ്പുകൊണ്ട് അടിക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു.

ട്രെയിൻ നായ്ഗാവ് സ്റ്റേഷനിലെത്തിയപ്പോഴും തർക്കം തുടർന്നു. ഇതിനിടെയാണ് പ്രതി യുവതിയെ ട്രെയിനിൽനിന്ന് പുറത്തേക്ക് തള്ളിയിട്ടത്. രണ്ട് കോച്ചുകൾക്കിടയിലെ വിടവിലേക്ക് വീണ യുവതി പ്ലാറ്റ്ഫോമിലേക്ക് കയറാൻ ശ്രമിക്കുന്നതിനിടെ ട്രെയിൻ മുന്നോട്ടുനീങ്ങി. ഇതോടെ ഇടതുകൈ ട്രെയിനിന്റെ ചക്രങ്ങൾക്കടിയിൽപ്പെടുകയായിരുന്നു.

ഗുരുതരമായി പരുക്കേറ്റ യുവതിയെ സ്ഥലത്തുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥനും യാത്രക്കാരും ചേർന്ന് പ്ലാറ്റ്ഫോമിലേക്ക് വലിച്ചുകയറ്റി. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരുക്ക് ഗുരുതരമായതിനാൽ ഇടതുകൈ മുട്ടിന് താഴെവച്ച് മുറിച്ചുമാറ്റേണ്ടിവന്നു.

സംഭവത്തെ തുടർന്നുണ്ടായ ബഹളത്തിനിടെ പ്രതി സ്ഥലത്തുനിന്ന് രക്ഷപ്പെട്ടെങ്കിലും മണിക്കൂറുകൾക്കകം പോലീസ് ഇയാളെ പിടികൂടുകയായിരുന്നു.

സംഭവത്തെക്കുറിച്ച് യുവതി നടത്തിയ വെളിപ്പെടുത്തൽ ഏറെ വേദനാജനകമാണ്. 'ബോറിവലിയിൽനിന്നാണ് ഞാൻ ട്രെയിനിൽ കയറിയത്. നായ്ഗാവ് സ്റ്റേഷൻ എത്താറായപ്പോൾ അയാൾ എന്നെ മോശമായി സ്പർശിക്കാൻ തുടങ്ങി.

ഞാൻ അത് ചോദ്യം ചെയ്തു. നിന്റെ വീട്ടിൽ അമ്മയും പെങ്ങളുമൊന്നുമില്ലേയെന്ന് ചോദിച്ചു. എന്നാൽ അയാൾ പിന്മാറിയില്ല. തുടർന്ന് എന്നെ അസഭ്യം പറയുകയും ചെരിപ്പുകൊണ്ട് അടിക്കുകയും ചെയ്തു. പിന്നാലെയാണ് ട്രെയിനിൽനിന്ന് പുറത്തേക്ക് തള്ളിയിട്ടത്' — യുവതി പറഞ്ഞു.

'എനിക്ക് നീതി വേണം. എന്റെ ജീവിതം മുഴുവൻ തകർന്നുപോയി. വീട്ടിലെ കാര്യങ്ങളെല്ലാം ഒറ്റയ്ക്ക് നോക്കിനടത്തിയിരുന്നത് ഞാനാണ്. ഇനി ഒരു കൈകൊണ്ട് എനിക്ക് എന്തുചെയ്യാൻ കഴിയും? തലയിൽ 16 തുന്നലുകളുണ്ട്. ജീവിതത്തിലേക്ക് തിരിച്ചുവരാൻ എല്ലാവരും പ്രാർഥിക്കണം. അയാൾക്ക് തക്കതായ ശിക്ഷ ലഭിക്കണം' — യുവതി കണ്ണീരോടെ പറഞ്ഞു.

അതേസമയം, പ്രതിക്കെതിരെ വധശ്രമക്കുറ്റം ചുമത്താത്തതിൽ അതൃപ്തി പ്രകടിപ്പിച്ച് യുവതിയുടെ കുടുംബം രംഗത്തെത്തി. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് കൂടുതൽ ശക്തമായ വകുപ്പുകൾ ചുമത്തണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. പ്രതിക്കെതിരെ കൂടുതൽ കടുത്ത വകുപ്പുകൾ ചുമത്തുമെന്ന് പോലീസ് ഉറപ്പുനൽകിയതായാണ് വിവരം.

A 53-year-old man has been arrested for allegedly pushing a young woman off a moving local train in Mumbai after she resisted his sexual advances. The victim suffered severe injuries, lost her left hand below the elbow, and required 16 stitches to her head. CCTV footage reportedly shows the accused walking away calmly after the attack.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/391349/woman-pushed-from-train-loses-left-hand)