---
title: "എസ്.എസ്.ആർ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു; ഡിസംബർ 11 വരെ തിരുത്തൽ അവസരം"
english_title: "SSR Draft Voter List Published in Kerala; Corrections Till Dec 11"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/391348/kerala-ssr-draft-voter-list-published"
published_at: "2026-11-12T19:21:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af5c4909e877_kerala-ssr-draft-voter-list-published.jpg"
keywords: ["KeralaNews", "VoterList", "ElectionCommission", "Thiruvananthapuram", "LatestNews"]
---

# എസ്.എസ്.ആർ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു; ഡിസംബർ 11 വരെ തിരുത്തൽ അവസരം

> **Lead Summary:** തിരുവനന്തപുരം:സംസ്ഥാനത്ത് പ്രത്യേക സംക്ഷിപ്ത വോട്ടർ പട്ടിക പുതുക്കലിന്റെ (എസ്.എസ്.ആർ) ഭാഗമായി കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. പട്ടിക സംബന്ധിച്ച പരാതികളും ആക്ഷേപങ്ങളും തിരുത്തലുകളും ഇന്നു മുതൽ ഡിസംബർ 11 വരെ സമർപ്പിക്കാമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഡോ. സജിത് ബാബു അറിയിച്ചു.

## Article Content

തിരുവനന്തപുരം:സംസ്ഥാനത്ത് പ്രത്യേക സംക്ഷിപ്ത വോട്ടർ പട്ടിക പുതുക്കലിന്റെ (എസ്.എസ്.ആർ) ഭാഗമായി കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. പട്ടിക സംബന്ധിച്ച പരാതികളും ആക്ഷേപങ്ങളും തിരുത്തലുകളും ഇന്നു മുതൽ ഡിസംബർ 11 വരെ സമർപ്പിക്കാമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഡോ. സജിത് ബാബു അറിയിച്ചു.

കരട് പട്ടിക പ്രകാരം സംസ്ഥാനത്ത് ആകെ 2.73 കോടിയിലധികം വോട്ടർമാരാണുള്ളത്. ഇതിൽ 1.40 കോടിയിലധികം സ്ത്രീ വോട്ടർമാരും 1.33 കോടിയിലധികം പുരുഷ വോട്ടർമാരും ഉൾപ്പെടുന്നു. ട്രാൻസ്‌ജെൻഡർ വോട്ടർമാർ 269 പേരാണ്.

കന്നിവോട്ടർമാരായി 18-19 പ്രായപരിധിയിലുള്ള 4.07 ലക്ഷം പേരും പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. പ്രവാസി വോട്ടർമാരെയും കരട് പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പുതിയ പേരുകൾ ചേർക്കുന്നതിനും നിലവിലുള്ള വിവരങ്ങളിലെ തെറ്റുകൾ തിരുത്തുന്നതിനും അനർഹരായവരെ പട്ടികയിൽ നിന്ന് ഒഴിവാക്കുന്നതിനുമായാണ് കരട് പട്ടിക പ്രസിദ്ധീകരിച്ചതെന്ന് തെരഞ്ഞെടുപ്പ് വകുപ്പ് അറിയിച്ചു.

നിലവിൽ വോട്ടർ പട്ടികയിൽ പേരുള്ളവർ പ്രത്യേക ഫോമുകളൊന്നും പൂരിപ്പിച്ച് നൽകേണ്ടതില്ല. എന്നാൽ പട്ടികയിൽ പേര് ഉൾപ്പെടാത്തവരും 18 വയസ്സ് പൂർത്തിയായ പുതുതായി പേര് ചേർക്കാൻ ആഗ്രഹിക്കുന്നവരും നിശ്ചിത ഫോമുകൾ സമർപ്പിക്കണം. ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർ (ERO) കാര്യാലയങ്ങളിലും ബൂത്ത് ലെവൽ ഓഫീസർമാർ (BLO) മുഖേനയും കരട് വോട്ടർ പട്ടിക പരിശോധനയ്ക്കായി ലഭ്യമാകും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/391348/kerala-ssr-draft-voter-list-published)