---
title: "വിവാഹവീട്ടിൽ കണ്ണീരായി ദുരന്തം; ക്ഷണക്കത്ത് നൽകാനിറങ്ങിയ പ്രതിശ്രുത വധുവും ബന്ധുവും ലോറിയിടിച്ച് മരിച്ചു"
english_title: "Bride-to-Be and Relative Killed in Truck Crash While Delivering Wedding Invites"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/391347/bride-to-be-relative-killed-truck-crash"
published_at: "2026-11-12T19:08:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af5c1e18c787_bride-to-be-relative-killed-truck-crash.jpg"
keywords: ["BengaluruCrash", "TruckAccident", "WeddingTragedy", "RoadSafety", "IndiaNews"]
---

# വിവാഹവീട്ടിൽ കണ്ണീരായി ദുരന്തം; ക്ഷണക്കത്ത് നൽകാനിറങ്ങിയ പ്രതിശ്രുത വധുവും ബന്ധുവും ലോറിയിടിച്ച് മരിച്ചു

> **Lead Summary:** ബെംഗളൂരു: വിവാഹക്ഷണക്കത്ത് നൽകാനായി വീട്ടിൽനിന്നിറങ്ങിയ പ്രതിശ്രുത വധുവും ബന്ധുവായ വിദ്യാർഥിനിയും ലോറിയിടിച്ച് മരിച്ചു. ബെംഗളൂരു സ്വദേശിനിയും സോഫ്റ്റ്‌വെയർ എൻജിനീയറുമായ സിന്ധുശ്രീ , ബന്ധുവും അവസാന വർഷ ഡിപ്ലോമ വിദ്യാർഥിനിയുമായ വിദ്യ എന്നിവരാണ് മരിച്ചത്. ബെംഗളൂരുവിലെ ദീപാംജലിനഗറിലായിരുന്നു അപകടം. വിവാഹാഘോഷങ്ങൾക്ക് ദിവസങ്ങൾ മാത്രം ശേഷിക്കെയുണ്ടായ ദുരന്തം കുടുംബത്തെ കണ്ണീരിലാഴ്ത്തി.

## Article Content

ബെംഗളൂരു: വിവാഹക്ഷണക്കത്ത് നൽകാനായി വീട്ടിൽനിന്നിറങ്ങിയ പ്രതിശ്രുത വധുവും ബന്ധുവായ വിദ്യാർഥിനിയും ലോറിയിടിച്ച് മരിച്ചു. ബെംഗളൂരു സ്വദേശിനിയും സോഫ്റ്റ്‌വെയർ എൻജിനീയറുമായ സിന്ധുശ്രീ , ബന്ധുവും അവസാന വർഷ ഡിപ്ലോമ വിദ്യാർഥിനിയുമായ വിദ്യ എന്നിവരാണ് മരിച്ചത്. ബെംഗളൂരുവിലെ ദീപാംജലിനഗറിലായിരുന്നു അപകടം. വിവാഹാഘോഷങ്ങൾക്ക് ദിവസങ്ങൾ മാത്രം ശേഷിക്കെയുണ്ടായ ദുരന്തം കുടുംബത്തെ കണ്ണീരിലാഴ്ത്തി.

വ്യാഴാഴ്ച സിന്ധുശ്രീയുടെ ഹൽദി, വളയിടൽ ചടങ്ങുകൾ നടക്കാനിരിക്കുകയായിരുന്നു. ഞായറാഴ്ചത്തെ വിവാഹ സൽക്കാരത്തിനായി വീട്ടിൽ വിപുലമായ ഒരുക്കങ്ങളും നടത്തിയിരുന്നു. ഇതിനിടെയാണ് ബന്ധുവിന് വിവാഹക്ഷണക്കത്ത് നൽകാനായി സിന്ധുശ്രീ വീട്ടിൽനിന്നിറങ്ങിയത്. അയൽവാസിയുടെ സ്കൂട്ടർ വാങ്ങിയാണ് സിന്ധുശ്രീയും വിദ്യയും യാത്ര തിരിച്ചതെന്ന് പോലീസ് പറഞ്ഞു.

ദീപാംജലിനഗറിൽ എത്തിയപ്പോൾ ഇവർ സഞ്ചരിച്ച സ്കൂട്ടറിൽ ലോറി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ ഇരുവരുടെയും ശരീരത്തിലൂടെ ലോറിയുടെ ചക്രങ്ങൾ കയറിയിറങ്ങിയെന്നാണ് പോലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയത്. അപകടത്തിൽ ഇരുവരും മരിച്ചു.

അപകടത്തിന് പിന്നാലെ ലോറി ഡ്രൈവർ സ്ഥലത്തുനിന്ന് ഓടിരക്ഷപ്പെട്ടു. ഇയാളെ കണ്ടെത്താനുള്ള തിരച്ചിൽ പോലീസ് ഊർജിതമാക്കിയിട്ടുണ്ട്.

മകൾക്കായി വിവാഹാഘോഷങ്ങൾ ഒരുക്കിയിരുന്ന പിതാവ് നഞ്ചുണ്ടപ്പയുടെ വാക്കുകൾ കേട്ടുനിന്നവരെയും കണ്ണീരിലാഴ്ത്തി. 'ഇന്ന് എന്റെ മകളുടെ ഹൽദി ചടങ്ങുകൾ നടക്കേണ്ടതായിരുന്നു. എന്നാൽ ഇപ്പോൾ അവളെ ചിതയിലേക്കയക്കാനുള്ള ഒരുക്കത്തിലാണ് ഞാൻ. ഞായറാഴ്ചയായിരുന്നു വിവാഹ സൽക്കാരം. വീട് മുഴുവൻ കല്യാണത്തിരക്കിലായിരുന്നു. ഇപ്പോൾ എല്ലാം തീർന്നു' — മോർച്ചറിക്ക് മുന്നിൽ നഞ്ചുണ്ടപ്പ കണ്ണീരോടെ പറഞ്ഞു.

A bride-to-be and her relative died after a truck hit their scooter in Bengaluru while they had stepped out to deliver wedding invitation cards. The tragedy struck just days before the wedding, leaving the family devastated and the truck driver on the run.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/391347/bride-to-be-relative-killed-truck-crash)