---
title: "പ്രവാസി തൊഴിലാളികൾ നാട്ടിലേക്ക് അയക്കുന്ന പണത്തിനു നിയന്ത്രണം ആലോചനയിൽ"
english_title: "Oman Shura Council Reviews Proposal to Link Remittances to Income"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/391343/oman-shura-council-reviews-proposal-to-link-remittances-to-income"
published_at: "2026-11-12T18:53:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af5be14971c6_oman-shura-council-reviews-proposal-to-link-remittances-to-income.jpg"
keywords: ["OmanShuraCouncil", "ExpatriateRemittances", "MigrantWorkers", "OmanNews", "GulfNews"]
---

# പ്രവാസി തൊഴിലാളികൾ നാട്ടിലേക്ക് അയക്കുന്ന പണത്തിനു നിയന്ത്രണം ആലോചനയിൽ

> **Lead Summary:** മസ്‌കത്ത്: ഒമാനിൽനിന്ന് പ്രവാസി തൊഴിലാളികൾ നാട്ടിലേക്ക് അയക്കുന്ന പണം അവരുടെ വരുമാനത്തിന് അനുസൃതമായി നിയന്ത്രിക്കണമെന്ന നിർദേശം ശൂറാ കൗൺസിലിന്റെ പരിഗണനയിൽ. ദേശീയ സമ്പദ് വ്യവസ്ഥയുടെ സംരക്ഷണം ലക്ഷ്യമിട്ടാണ് ഈ ആവശ്യം ഉയർന്നിരിക്കുന്നത്.

## Article Content

മസ്‌കത്ത്: ഒമാനിൽനിന്ന് പ്രവാസി തൊഴിലാളികൾ നാട്ടിലേക്ക് അയക്കുന്ന പണം അവരുടെ വരുമാനത്തിന് അനുസൃതമായി നിയന്ത്രിക്കണമെന്ന നിർദേശം ശൂറാ കൗൺസിലിന്റെ പരിഗണനയിൽ. ദേശീയ സമ്പദ് വ്യവസ്ഥയുടെ സംരക്ഷണം ലക്ഷ്യമിട്ടാണ് ഈ ആവശ്യം ഉയർന്നിരിക്കുന്നത്.

ശൂറാ കൗൺസിലിന്റെ പത്താം ടേമിലെ മൂന്നാം വാർഷിക സമ്മേളനത്തിന്റെ ഭാഗമായി ചേർന്ന 21-ാമത് യോഗത്തിലാണ് വിഷയം ചർച്ചയായത്. എന്നാൽ, പ്രവാസികൾക്ക് നാട്ടിലേക്ക് അയക്കാവുന്ന പണത്തിന് പരിധി നിശ്ചയിക്കാനോ പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനോ ഇതുവരെ തീരുമാനമായിട്ടില്ല.

ബന്ധപ്പെട്ട സർക്കാർ വകുപ്പുകളിൽനിന്ന് കൂടുതൽ വിവരങ്ങളും വിശദീകരണവും തേടാനുള്ള അപേക്ഷ മാത്രമാണ് നിലവിൽ പരിഗണനയിലുള്ളത്. വിഷയത്തിൽ കൂടുതൽ വ്യക്തത വരുത്താനും വിശദമായ പഠന റിപ്പോർട്ടുകൾ ലഭ്യമാക്കാനും കൗൺസിൽ ബ്യൂറോ ആവശ്യപ്പെട്ടിട്ടുണ്ട്.

അനധികൃത പണമിടപാടുകൾ, സാമ്പത്തിക തട്ടിപ്പുകൾ, നികുതി വെട്ടിപ്പ് എന്നിവ തടയുന്നതിനൊപ്പം ഔദ്യോഗിക തൊഴിൽ കരാറുകൾക്ക് പുറത്തു ജോലി ചെയ്യുന്നവരെ കണ്ടെത്താനും ഇതിലൂടെ സാധിക്കുമെന്നാണ് വിലയിരുത്തൽ. ബന്ധപ്പെട്ട സർക്കാർ വകുപ്പുകളോടും ധനകാര്യ സ്ഥാപനങ്ങളോടും വിശദീകരണം തേടിയ ശേഷം മാത്രമേ തുടർനടപടി ഉണ്ടാകൂ എന്ന് നിലവിലെ ചർച്ചകൾ സൂചിപ്പിക്കുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/391343/oman-shura-council-reviews-proposal-to-link-remittances-to-income)