---
title: "മെസ്സിയുടെ പേരിലെ സ്പോൺസർഷിപ്പ് ഇടപാട്: മുൻ മന്ത്രി വി. അബ്ദുറഹ്മാനെ പ്രതി ചേർക്കാം, അനുമതി നൽകി ​ഗവർണർ"
english_title: "Governor Clears Prosecution Against V. Abdurahiman in Messi Case"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/391338/governor-clears-prosecution-v-abdurahiman-messi-case"
published_at: "2026-11-12T18:12:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af5b53142ba1_governor-clears-prosecution-v-abdurahiman-messi-case.jpg"
keywords: ["VAbdurahiman", "LionelMessi", "KeralaNews", "SITInvestigation", "CPM"]
---

# മെസ്സിയുടെ പേരിലെ സ്പോൺസർഷിപ്പ് ഇടപാട്: മുൻ മന്ത്രി വി. അബ്ദുറഹ്മാനെ പ്രതി ചേർക്കാം, അനുമതി നൽകി ​ഗവർണർ

> **Lead Summary:** തിരുവനന്തപുരം: മെസ്സിയെയും അർജന്റീന ടീമിനെയും കേരളത്തിലെത്തിക്കാമെന്ന പേരിൽ നടന്ന തട്ടിപ്പ് കേസിൽ മുൻ കായിക മന്ത്രി വി. അബ്ദുറഹ്മാനെതിരെ പ്രോസിക്യൂഷൻ നടത്താൻ ഗവർണർ അനുമതി നൽകി. അഴിമതി തടയൽ നിയമപ്രകാരം അബ്ദുറഹ്മാനെ പ്രോസിക്യൂട്ട് ചെയ്യാനുള്ള ഫയലാണ് ഗവർണർ അംഗീകരിച്ചത്.

## Article Content

തിരുവനന്തപുരം: മെസ്സിയെയും അർജന്റീന ടീമിനെയും കേരളത്തിലെത്തിക്കാമെന്ന പേരിൽ നടന്ന തട്ടിപ്പ് കേസിൽ മുൻ കായിക മന്ത്രി വി. അബ്ദുറഹ്മാനെതിരെ പ്രോസിക്യൂഷൻ നടത്താൻ ഗവർണർ അനുമതി നൽകി. അഴിമതി തടയൽ നിയമപ്രകാരം അബ്ദുറഹ്മാനെ പ്രോസിക്യൂട്ട് ചെയ്യാനുള്ള ഫയലാണ് ഗവർണർ അംഗീകരിച്ചത്.

റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനിക്ക് അന്യായമായ സാമ്പത്തിക ലാഭമുണ്ടാക്കാൻ അബ്ദുറഹ്മാൻ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തെന്നാണ് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയത്. മെസ്സിയെയും അർജന്റീന ടീമിനെയും കേരളത്തിലേക്ക് കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട സ്പോൺസർഷിപ്പ് കരാർ നൽകിയതിൽ വൻ ക്രമക്കേടും ഗൂഢാലോചനയും നടന്നതായും എസ്‌ഐടി വ്യക്തമാക്കി.

ടെൻഡർ നടപടികൾ പാലിക്കാതെയാണ് കരാർ നൽകിയതെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. തട്ടിപ്പ് നടന്ന സമയത്ത് അബ്ദുറഹ്മാൻ മന്ത്രിയായിരുന്നതിനാൽ അഴിമതി നിരോധന നിയമത്തിലെ 17എ പ്രകാരം മുൻകൂർ അനുമതി ആവശ്യമായിരുന്നു.

ഈ കേസിൽ ആന്റോ അഗസ്റ്റിൻ, റിപ്പോർട്ടർ കമ്പനി, അബ്ദുറഹ്മാന്റെ മുൻ പ്രൈവറ്റ് സെക്രട്ടറി സി. സത്യപാലൻ, മുൻ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് യു. ഷറഫലി എന്നിവരാണ് മറ്റ് പ്രതികൾ. മന്ത്രി ആവശ്യപ്പെട്ട പ്രകാരമാണ് സ്പോൺസർഷിപ്പ് റിപ്പോർട്ടർ കമ്പനിക്ക് നൽകിയതെന്ന് സി. സത്യപാലൻ പ്രത്യേക അന്വേഷണ സംഘത്തിന് മൊഴി നൽകിയിരുന്നു.

രണ്ടാം പിണറായി സർക്കാരിലെ മുൻ മന്ത്രി അഴിമതി കേസിൽ പ്രതിയാകുന്നതോടെ എൽ.ഡി.എഫും സി.പി.എമ്മും പ്രതിരോധത്തിലായിരിക്കുകയാണ്. നേരത്തെ അബ്ദുറഹ്മാനെതിരായ ആരോപണം സി.പി.എം തള്ളിക്കളഞ്ഞിരുന്നു; കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന നിലപാടുമായിരുന്നു പാർട്ടി സ്വീകരിച്ചത്.

Governor has granted permission to prosecute former Sports Minister V. Abdurahiman in the alleged fraud linked to claims of bringing Messi and the Argentina team to Kerala. The SIT says the sponsorship deal was marred by irregularities, conspiracy and misuse of office, with other accused also named in the case.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/391338/governor-clears-prosecution-v-abdurahiman-messi-case)