---
title: "വളർമതിയെ കൊണ്ടുപോയത് മൃഗീയമായി, സർക്കാർ കാട്ടാളത്തപരമായ നിലപാടാണ് സ്വീകരിക്കുന്നതെന്ന്  എം.വി. ഗോവിന്ദൻ"
english_title: "Valarmathi Protest: Police Action Was Brutal, Says M.V. Govindan"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/391323/valarmathi-protest-police-action-brutal-govindan-new"
published_at: "2026-11-12T15:31:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af59080a4fca_valarmathi-protest-police-action-brutal-govindan-new.jpg"
keywords: ["MVGovindan", "ValarmathiProtest", "KeralaNews", "LPSTProtest", "Thiruvananthapuram", "KeralaPolitics", "PoliceAction"]
---

# വളർമതിയെ കൊണ്ടുപോയത് മൃഗീയമായി, സർക്കാർ കാട്ടാളത്തപരമായ നിലപാടാണ് സ്വീകരിക്കുന്നതെന്ന്  എം.വി. ഗോവിന്ദൻ

> **Lead Summary:** **തിരുവനന്തപുരം: **എൽ.പി.എസ്.ടി. റാങ്ക് ഹോൾഡേഴ്‌സ് സമരസമിതി നേതാവ് വളർമതിയെ പോലീസ് വളരെ മൃഗീയമായാണ് കൊണ്ടുപോയതെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു. ഗാന്ധിമാർഗത്തിൽ നിരാഹാരസമരം നടത്തിയ അവരെ ബലപ്രയോഗത്തിലൂടെയാണ് പോലീസ് നേരിട്ടതെന്നും അദ്ദേഹം വിമർശിച്ചു.

## Article Content

**തിരുവനന്തപുരം: **എൽ.പി.എസ്.ടി. റാങ്ക് ഹോൾഡേഴ്‌സ് സമരസമിതി നേതാവ് വളർമതിയെ പോലീസ് വളരെ മൃഗീയമായാണ് കൊണ്ടുപോയതെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു. ഗാന്ധിമാർഗത്തിൽ നിരാഹാരസമരം നടത്തിയ അവരെ ബലപ്രയോഗത്തിലൂടെയാണ് പോലീസ് നേരിട്ടതെന്നും അദ്ദേഹം വിമർശിച്ചു.

നിരാഹാരം പോലും ചെയ്യാൻ സർക്കാർ അനുവദിക്കുന്നില്ലെന്ന് എം.വി. ഗോവിന്ദൻ പറഞ്ഞു. ഇതിനെല്ലാം ഉത്തരവാദി മുഖ്യമന്ത്രി വി.ഡി. സതീശനാണെന്നും അദ്ദേഹം ആരോപിച്ചു. സർക്കാർ കാട്ടാളത്തപരമായ നിലപാടാണ് സ്വീകരിക്കുന്നതെന്നും ഗോവിന്ദൻ പറഞ്ഞു.

ഏതെങ്കിലും പാർട്ടിയോ സംസ്ഥാനമോ മാത്രമല്ല, എല്ലാവരുടെയും പിന്തുണ അവർക്ക് ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇപ്പോൾ എന്തുചെയ്യാൻ പറ്റുമെന്നതാണ് നോക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഒരാഴ്ചകൊണ്ട് പ്രശ്‌നം പരിഹരിക്കുമെന്നാണ് അന്ന് സതീശൻ പറഞ്ഞതെന്നും, ഇപ്പോൾ എന്തായെന്നും ഗോവിന്ദൻ ചോദിച്ചു.

എൽ.പി.എസ്.ടി. റാങ്ക് ലിസ്റ്റിൽ ഇടംപിടിച്ചിട്ടും സ്കൂളുകളിൽ നിയമനം ലഭിക്കാത്തതിൽ പ്രതിഷേധിച്ചാണ് തിരുവനന്തപുരം സെക്രട്ടേറിയറ്റിന് മുന്നിൽ വളർമതിയുടെ നേതൃത്വത്തിലുള്ള റാങ്ക് പട്ടികയിൽ ഉൾപ്പെട്ടവർ സമരം നടത്തുന്നത്. റാങ്ക് പട്ടികയിൽ വേഗത്തിൽ നിയമനം നടത്തണമെന്നതാണ് പ്രധാന ആവശ്യം.

നിരാഹാരസമരം 16 ദിവസം പിന്നിട്ടതോടെ കഴിഞ്ഞ ദിവസം പോലീസ് സമരപ്പന്തൽ പൊളിക്കുകയും വളർമതിയെ ബലംപ്രയോഗിച്ച് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തിരുന്നു. അതിനുശേഷമാണ് എം.വി. ഗോവിന്ദൻ വളർമതിയെ സന്ദർശിച്ച് പ്രതികരിച്ചത്.

M.V. Govindan condemned the police action against Valarmathi, calling it brutal and accusing the government of blocking even a hunger strike. He said the authorities used force against the LPS T rank holders’ protest in Thiruvananthapuram and demanded swift resolution of the issue.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/391323/valarmathi-protest-police-action-brutal-govindan-new)