---
title: "മൂന്ന് മക്കൾക്ക് അമ്മ നഷ്ടമായി...! 'മക്കൾ സ്കൂളിൽ പോയതിന് പിന്നാലെ വീട്ടിൽ അരുംകൊല'; പോലീസ് ക്വാർട്ടേഴ്സിൽ വനിതാ ഹോം ഗാർഡിനെ ഭർത്താവ് കൊലപ്പെടുത്തി, പ്രതി അറസ്റ്റിൽ"
english_title: "Woman Home Guard Killed by Husband in Police Quarters; Three Children Left Motherless"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/391242/woman-home-guard-killed-police-quarters"
published_at: "2026-11-12T07:33:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af51f2fdf885_woman-home-guard-killed-police-quarters.jpg"
keywords: ["TelanganaNews", "DomesticViolence", "PoliceQuarters", "HomeGuard", "MurderCase"]
---

# മൂന്ന് മക്കൾക്ക് അമ്മ നഷ്ടമായി...! 'മക്കൾ സ്കൂളിൽ പോയതിന് പിന്നാലെ വീട്ടിൽ അരുംകൊല'; പോലീസ് ക്വാർട്ടേഴ്സിൽ വനിതാ ഹോം ഗാർഡിനെ ഭർത്താവ് കൊലപ്പെടുത്തി, പ്രതി അറസ്റ്റിൽ

> **Lead Summary:** ഹൈദരാബാദ്: കുടുംബവഴക്കിനെ തുടർന്ന് 43 കാരിയായ വനിതാ ഹോം ഗാർഡിനെ ഭർത്താവ് കൊലപ്പെടുത്തി. തെലങ്കാനയിലെ നൽഗൊണ്ട ജില്ലാ ആസ്ഥാനത്തെ പൊലീസ് ക്വാർട്ടേഴ്‌സിലാണ് സംഭവം. നൽഗൊണ്ട ജില്ലാ പൊലീസ് ആസ്ഥാനത്ത് ഹോം ഗാർഡായിരുന്ന മഹബൂബ് ബീ ആണ് കൊല്ലപ്പെട്ടത്.

## Article Content

ഹൈദരാബാദ്: കുടുംബവഴക്കിനെ തുടർന്ന് 43 കാരിയായ വനിതാ ഹോം ഗാർഡിനെ ഭർത്താവ് കൊലപ്പെടുത്തി. തെലങ്കാനയിലെ നൽഗൊണ്ട ജില്ലാ ആസ്ഥാനത്തെ പൊലീസ് ക്വാർട്ടേഴ്‌സിലാണ് സംഭവം. നൽഗൊണ്ട ജില്ലാ പൊലീസ് ആസ്ഥാനത്ത് ഹോം ഗാർഡായിരുന്ന മഹബൂബ് ബീ ആണ് കൊല്ലപ്പെട്ടത്.

നൽഗൊണ്ട വൺ ടൗൺ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള റൂറൽ പൊലീസ് സ്റ്റേഷന് എതിർവശത്തെ ക്വാർട്ടേഴ്സിലായിരുന്നു ഇവർ കുടുംബസമേതം താമസിച്ചിരുന്നത്. പൊലീസിന്റെ പ്രാഥമിക അന്വേഷണ പ്രകാരം, ചൊവ്വാഴ്ച രാവിലെ മക്കൾ സ്കൂളിൽ പോയതിനു പിന്നാലെ മഹബൂബ് ബീയും ഭർത്താവ് സതീഷും തമ്മിൽ വാക്കുതർക്കമുണ്ടായി.

തർക്കം രൂക്ഷമായതോടെ സതീഷ് ഭാര്യയെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. ഈ ആക്രമണമാണ് മരണത്തിൽ കലാശിച്ചത്. ‘സതീഷ് മഹബൂബ് ബീയുടെ കഴുത്ത് ഞെരിക്കുകയും തല പലതവണ തറയിലിടിക്കുകയും ചെയ്തു.

തലയ്ക്കേറ്റ ഗുരുതരമായ പരുക്കും രക്തസ്രാവവുമാണ് മരണകാരണം. അവർ സംഭവസ്ഥലത്തുതന്നെ മരിച്ചു’ – പൊലീസ് വ്യക്തമാക്കി.

2012 ലായിരുന്നു ഇവരുടെ വിവാഹം. രണ്ടു പെൺമക്കളും ഒരു മകനുമടക്കം മൂന്ന് കുട്ടികളാണ് ഇവർക്കുള്ളത്. മുൻപ് ഹോം ഗാർഡായി ജോലി ചെയ്തിരുന്ന സതീഷിനെ വർഷങ്ങൾക്ക് മുമ്പ് സർവീസിൽ നിന്ന് പിരിച്ചുവിട്ടിരുന്നു. കുടുംബപരമായ പ്രശ്നങ്ങളെച്ചൊല്ലി ദമ്പതികൾക്കിടയിൽ പതിവായി വഴക്കുണ്ടാകാറുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

കുടുംബവഴക്കിനൊപ്പം ഭർത്താവിന്റെ മദ്യപാന ശീലവുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. വിവരമറിഞ്ഞ് നൽഗൊണ്ട വൺ ടൗൺ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

മഹബൂബ് ബീയുടെ സഹോദരന്റെ പരാതിയിൽ കൊലപാതകക്കുറ്റത്തിന് കേസെടുത്ത പൊലീസ്, പ്രതിയായ സതീഷിനെ അറസ്റ്റ് ചെയ്തു. കൊലപാതകത്തിലേക്ക് നയിച്ച കൃത്യമായ സാഹചര്യങ്ങളെക്കുറിച്ച് വിശദമായ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് അറിയിച്ചു.

A 43-year-old woman home guard was allegedly killed by her husband in the police quarters at Nalgonda district headquarters in Telangana. Police said the attack followed a domestic dispute after the couple’s children left for school, and the accused has been arrested.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/391242/woman-home-guard-killed-police-quarters)