---
title: "നാടൻപാട്ടിന് അണിയേണ്ടിയിരുന്ന വസ്ത്രം അന്ത്യയാത്രയിൽ പുതപ്പായി; ജുവൽ ലക്ഷ്മിക്ക് കണ്ണീരോടെ വിടനൽകി വളയം"
english_title: "Jewel Lakshmi's Final Journey Draped in the Dress Meant for Folk Song Event"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/391229/jewel-lakshmi-final-journey-folk-song-dress"
published_at: "2026-11-11T23:03:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af4a7687adde_jewel-lakshmi-final-journey-folk-song-dress.jpg"
keywords: ["KeralaNews", "KozhikodeNews", "SchoolFestival", "StudentDeath", "Valayam", "Jewel Lakshmi"]
---

# നാടൻപാട്ടിന് അണിയേണ്ടിയിരുന്ന വസ്ത്രം അന്ത്യയാത്രയിൽ പുതപ്പായി; ജുവൽ ലക്ഷ്മിക്ക് കണ്ണീരോടെ വിടനൽകി വളയം

> **Lead Summary:** നാദാപുരം(കോഴിക്കോട്): നാദാപുരം ഉപജില്ലാ സ്കൂൾ കലോത്സവത്തിലെ നാടൻപാട്ട് മത്സരവേദിയിൽ അണിയാൻ കരുതിവെച്ചിരുന്ന വസ്ത്രം ഒടുവിൽ അന്ത്യയാത്രയിൽ പുതപ്പായി. പഠനത്തിലും കലാരംഗത്തും ഒരുപോലെ മികവ് പുലർത്തിയിരുന്ന വളയം ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനി ജുവൽ ലക്ഷ്മിക്ക് സഹപാഠികളും അധ്യാപകരും നാട്ടുകാരും കണ്ണീരോടെ വിടനൽകി.

## Article Content

നാദാപുരം(കോഴിക്കോട്): നാദാപുരം ഉപജില്ലാ സ്കൂൾ കലോത്സവത്തിലെ നാടൻപാട്ട് മത്സരവേദിയിൽ അണിയാൻ കരുതിവെച്ചിരുന്ന വസ്ത്രം ഒടുവിൽ അന്ത്യയാത്രയിൽ പുതപ്പായി. പഠനത്തിലും കലാരംഗത്തും ഒരുപോലെ മികവ് പുലർത്തിയിരുന്ന വളയം ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനി ജുവൽ ലക്ഷ്മിക്ക് സഹപാഠികളും അധ്യാപകരും നാട്ടുകാരും കണ്ണീരോടെ വിടനൽകി.

ബുധനാഴ്ച രാത്രി ഒമ്പതുമണിയോടെ വീട്ടുവളപ്പിൽ മൃതദേഹം സംസ്കരിച്ചു. വിദേശത്തായിരുന്ന സഹോദരങ്ങളായ ഉദിത്തും വേദസും നാട്ടിലെത്തിയ ശേഷമായിരുന്നു സംസ്കാരച്ചടങ്ങുകൾ. ജുവലിന്റെ അപ്രതീക്ഷിത വേർപാടിന്റെ നടുക്കത്തിൽനിന്ന് ഇനിയും മുക്തമായിട്ടില്ല വളയം ഗ്രാമം.

ചൊവ്വാഴ്ച രാത്രിയാണ് ജുവൽ ലക്ഷ്മിയെ വീടിന്റെ ടെറസിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻ വടകരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ച് വളയം പോലീസ് അന്വേഷണം തുടരുകയാണ്. വിദ്യാർഥിനിയുടെ പെരുമാറ്റത്തിൽ അസ്വാഭാവികമായി ഒന്നും ശ്രദ്ധയിൽപ്പെട്ടിരുന്നില്ലെന്നാണ് സ്കൂൾ അധികൃതർ പറയുന്നത്.

ബുധനാഴ്ച ഇരിങ്ങണ്ണൂർ ഹയർസെക്കൻഡറി സ്കൂളിൽ ആരംഭിച്ച നാദാപുരം ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ വളയം സ്കൂളിനെ പ്രതിനിധീകരിച്ച് വിവിധ മത്സരങ്ങളിൽ പങ്കെടുക്കേണ്ടതായിരുന്നു ജുവൽ. കഴിഞ്ഞ ദിവസം വരെ കലോത്സവത്തിനായുള്ള പരിശീലനങ്ങളിൽ സജീവമായിരുന്ന ജുവൽ, പെൺകുട്ടികളുടെ നാടൻപാട്ട് സംഘത്തിന്റെ ലീഡറുമായിരുന്നു.

മത്സരത്തിനാവശ്യമായ വസ്ത്രങ്ങൾ ഉൾപ്പെടെ എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയിരുന്നു. എന്നാൽ കലോത്സവ വേദിയിൽ അണിയേണ്ടിയിരുന്ന അതേ വസ്ത്രം അന്ത്യയാത്രയിൽ പുതപ്പിക്കേണ്ടിവന്നത് സഹപാഠികൾക്കും അധ്യാപകർക്കും ഹൃദയഭേദകമായ അനുഭവമായി.

ചൊവ്വാഴ്ച ജുവൽ സ്കൂളിൽ എത്തിയിരുന്നില്ല. അത്യാവശ്യ കാര്യമുള്ളതിനാൽ ക്ലാസിൽ പങ്കെടുക്കാൻ കഴിയില്ലെന്ന് അധ്യാപികയ്ക്ക് വാട്സ്ആപ്പിലൂടെ സന്ദേശം അയച്ചിരുന്നു. പിറ്റേന്ന് കലോത്സവ വേദിയിൽ പാട്ടുമായി എത്തേണ്ടിയിരുന്ന കൂട്ടുകാരിയുടെ വിയോഗവാർത്തയാണ് സഹപാഠികളെ തേടിയെത്തിയത്.

വളയം പരദേവത ക്ഷേത്രത്തിന് സമീപം താമസിക്കുന്ന എക്സൈസ് ഉദ്യോഗസ്ഥൻ കുറ്റിക്കാട്ടിൽ കിഴക്കേടത്ത് ഷാജിയുടെയും വളയം കുറ്റിക്കാട് യു.പി. സ്കൂൾ അധ്യാപിക രബിഷയുടെയും മകളാണ് ജുവൽ ലക്ഷ്മി.

പാട്ടും ചിരിയുമായി വീട്ടിലും വിദ്യാലയത്തിലും സജീവമായിരുന്ന ജുവൽ പഠനത്തോടൊപ്പം കലാപ്രവർത്തനങ്ങളിലും മികവ് തെളിയിച്ചിരുന്നു. സഹപാഠികൾക്കും അധ്യാപകർക്കും ഏറെ പ്രിയപ്പെട്ട വിദ്യാർഥിനിയായിരുന്നു ജുവൽ. അപ്രതീക്ഷിത വിയോഗം കുടുംബത്തെയും വിദ്യാലയത്തെയും നാടിനെയാകെ ദുഃഖത്തിലാഴ്ത്തി.

ബുധനാഴ്ച രാവിലെ വളയം പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുനൽകി. തുടർന്ന് വളയം ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ പൊതുദർശനത്തിന് വെച്ചു. പ്രിയപ്പെട്ട കൂട്ടുകാരിയെ അവസാനമായി ഒരുനോക്ക് കാണാൻ സഹപാഠികളും അധ്യാപകരും നാട്ടുകാരും ഉൾപ്പെടെ നിരവധി പേരാണ് സ്കൂളിലെത്തിയത്.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. പ്രദീഷ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ്. പ്രീത, വൈസ് പ്രസിഡന്റ് എം. ദിവാകരൻ, എ.ഇ.ഒ. സനൂപ്, പ്രിൻസിപ്പൽ കെ.എം. ജമീല, പ്രധാനാധ്യാപകൻ ടി. മഹേഷ്, പി.ടി.എ. പ്രസിഡന്റ് പി.പി. സജിലേഷ്, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളായ പി.പി. ചാത്തു, കെ.എൻ. ദാമോദരൻ, സി. ചന്ദ്രൻ, രവീഷ് വളയം, പി.കെ. ശങ്കരൻ, സി.എച്ച്. ശങ്കരൻ, സി.വി. കുഞ്ഞബ്ദുള്ള തുടങ്ങിയവർ സ്കൂളിലെത്തി അന്ത്യാഞ്ജലിയർപ്പിച്ചു.

Jewel Lakshmi, a Class 8 student of Valayam Government Higher Secondary School in Kozhikode, was laid to rest after her sudden death at home. The dress she had kept ready for a folk song competition at the Nadapuram school arts festival was used to cover her body, leaving her classmates, teachers and villagers heartbroken.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/391229/jewel-lakshmi-final-journey-folk-song-dress)