---
title: "ചേരാനല്ലൂർ അപകട കേസ്: കേവലം അശ്രദ്ധയല്ല, മനുഷ്യജീവന് വിലകൽപ്പിക്കാത്ത മനോഭാവമാണ് പ്രതി കാട്ടിയത്; 17കാരന്റെ ജാമ്യ ഉത്തരവ് റദ്ദാക്കണമെന്ന് ഭദ്രകീർത്തി ഹൈക്കോടതിയിൽ"
english_title: "Cheranalloor Accident Case: Bhadrakeerthi Moves High Court to Cancel Teen’s Bail"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/391217/cheranalloor-accident-case-bail-cancellation"
published_at: "2026-11-11T20:51:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af48a019e7b2_cheranalloor-accident-case-bail-cancellation.jpg"
keywords: ["CheranalloorCase", "HighCourt", "BailCancellation", "RoadAccident", "KeralaNews"]
---

# ചേരാനല്ലൂർ അപകട കേസ്: കേവലം അശ്രദ്ധയല്ല, മനുഷ്യജീവന് വിലകൽപ്പിക്കാത്ത മനോഭാവമാണ് പ്രതി കാട്ടിയത്; 17കാരന്റെ ജാമ്യ ഉത്തരവ് റദ്ദാക്കണമെന്ന് ഭദ്രകീർത്തി ഹൈക്കോടതിയിൽ

> **Lead Summary:** കൊച്ചി: ചേരാനല്ലൂരിൽ 56കാരന്റെ ജീവനെടുത്ത വാഹനാപകടത്തിൽ വാഹനം ഓടിച്ച 17കാരനായ പ്രതിക്ക് ജാമ്യം അനുവദിച്ച ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മരിച്ച ജയബാലകൃഷ്ണന്റെ മകൾ ഭദ്രകീർത്തി ഹൈക്കോടതിയെ സമീപിച്ചു.

## Article Content

കൊച്ചി: ചേരാനല്ലൂരിൽ 56കാരന്റെ ജീവനെടുത്ത വാഹനാപകടത്തിൽ വാഹനം ഓടിച്ച 17കാരനായ പ്രതിക്ക് ജാമ്യം അനുവദിച്ച ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മരിച്ച ജയബാലകൃഷ്ണന്റെ മകൾ ഭദ്രകീർത്തി ഹൈക്കോടതിയെ സമീപിച്ചു.

ഒരാൾക്ക് ജീവൻ നഷ്ടപ്പെട്ട കേസാണെന്നും പ്രതിക്ക് ജാമ്യം നൽകി വിട്ടത് നീതിന്യായ വ്യവസ്ഥയുടെ വിശ്വാസ്യതയെത്തന്നെ ചോദ്യം ചെയ്യുമെന്നും പ്രതിയെ ഒബ്സെർവഷൻ ഹോമിൽ അയക്കണമെന്നും ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയെ സമീപിച്ചത്.

കേവലം അശ്രദ്ധ മൂലമല്ല അപകടമുണ്ടായതെന്നും മനുഷ്യജീവന് വിലകൽപ്പിക്കാത്ത മനോഭാവമാണ് പ്രതി കാട്ടിയതെന്നും ചൂണ്ടിക്കാട്ടുന്നു. കുട്ടിയുടെ പിതാവ് ഉന്നത സ്വാധീനമുള്ള ജൂഡിഷ്യൽ ഓഫീസറാണെന്നും ഇതുകൊണ്ട് തെളിവ് നശിപ്പിക്കപ്പെടുമെന്നും കോടതിയെ ഓർമിപ്പിച്ചു. അപകടമുണ്ടായതിന് ശേഷം പൊലീസിന് സംഭവിച്ച വീഴ്ചകളും ചൂണ്ടിക്കാട്ടി.

ഒക്‌ടോബർ 25നായിരുന്നു ചേരാനല്ലൂരിൽ അഡീഷണൽ ജില്ലാ ജഡ്‌ജിയുടെ മകനായ പതിനേഴുകാരൻ അമിതവേഗത്തിൽ ഓടിച്ച ബെൻസ്‌ കാറിടിച്ച്‌ സ്‌കൂട്ടർ യാത്രികനായ മാഞ്ഞാലി പുത്തൻപറമ്പിൽ ജയബാലകൃഷ്‌ണൻ (55) മരിച്ചത്‌. സംഭവത്തിനുപിന്നാലെ കേസ്‌ അട്ടിമറിക്കാനുള്ള ശ്രമങ്ങളുണ്ടായി.

പതിനേഴുകാരനെ ദുർബലവകുപ്പുകൾ ചുമത്തി ജാമ്യത്തിൽ വിട്ടു. പ്രതിഷേധം ഉയർന്നതോടെയാണ്‌ കുറ്റകരമായ നരഹത്യ ചുമത്തിയത്‌. സംഭവമറിഞ്ഞെത്തിയ ഇരിങ്ങാലക്കുട അഡീഷണൽ ജില്ലാ ജഡ്‌ജി പൊലീസ്‌ സ്‌റ്റേഷനിൽ ധിക്കാരപരമായി പെരുമാറിയത്‌ വിവാദമായിരുന്നു.

ഗുരുതരമായ വകുപ്പ് ചുമത്താത്തതിനാൽ പതിനേഴുകാരന് സ്റ്റേഷൻ ജാമ്യം ലഭിക്കാനുള്ള സാഹചര്യം ഒരുക്കുകയായിരുന്നു. കാറോടിക്കാനുള്ള ആഗ്രഹം മൂലം വീട്ടുകാരുടെ അറിവില്ലാതെയാണ് താൻ വാഹനവുമായി പുറത്തിറങ്ങിയതെന്നാണ് കുട്ടി പൊലീസിന് നൽകിയ മൊഴി.

ഇരുട്ടും മഴയുമുള്ള സമയമായതിനാൽ റോഡിൽ വാഹനങ്ങൾ കണ്ടിരുന്നില്ലെന്നും സ്കൂട്ടർ ശ്രദ്ധയിൽപ്പെട്ടിരുന്നില്ലെന്നുമായിരുന്നു പതിനേഴുകാരന്റെ മൊഴി. പ്രതിയുടെ പിതാവ് അഡീഷണല്‍ ജില്ലാ ജഡ്ജി റിനോ ഫ്രാന്‍സിസിനെ പ്രതി ചേർത്തെങ്കിലും പിന്നീട് മുൻകൂർ ജാമ്യം ഹൈക്കോടതി അനുവദിച്ചിരുന്നു.

ഈ കേസില്‍ അസാധാരണമായി എന്താണ് ഉള്ളതെന്ന് ചോദിച്ച കോടതി, എല്ലാ കേസുകളിലും ഇത്തരത്തിൽ വിശദമായ എതിർ സത്യവാങ്മൂലം നൽകുന്നുണ്ടോയെന്നും എഡിജിപി അടക്കം ഹാജരാകാൻ മാത്രം എന്താണ് ഈ കേസിന് പ്രത്യേകതയുള്ളതെന്നും വിമർശിച്ചിരുന്നു. പിന്നാലെ കോടതിയിൽ വിശ്വാസമില്ലായെന്ന് വ്യക്തമാക്കി ഭദ്രകീർത്തി രം​ഗത്തെത്തിയിരുന്നു.

Bhadrakeerthi, daughter of the man killed in the Cheranalloor road accident, has approached the High Court seeking cancellation of the 17-year-old accused’s bail. She argues that the case reflects not mere negligence but a disregard for human life, and has asked that the accused be sent to an observation home.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/391217/cheranalloor-accident-case-bail-cancellation)