---
title: "'കുന്നിടിച്ചാൽ ഞങ്ങളുടെ ജീവിതം തകരും'; കരിങ്കൽ ഖനനത്തിനെതിരെ ചിറ്റാരി ഊരുകൂട്ടത്തിൽ പ്രമേയം പാസാക്കി"
english_title: "Our Lives Will Collapse If the Hill Is Quarried: Chittari Urukoottam Passes Resolution Against Black Stone Mining"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/391201/chittari-urukoottam-opposes-black-stone-mining"
published_at: "2026-11-11T18:46:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af46b2504831_chittari-urukoottam-opposes-black-stone-mining.jpg"
keywords: ["BlackStoneMining", "KozhikodeNews", "TribalRights", "QuarryProtest", "KeralaNews"]
---

# 'കുന്നിടിച്ചാൽ ഞങ്ങളുടെ ജീവിതം തകരും'; കരിങ്കൽ ഖനനത്തിനെതിരെ ചിറ്റാരി ഊരുകൂട്ടത്തിൽ പ്രമേയം പാസാക്കി

> **Lead Summary:** കോഴിക്കോട് : വാണിമേൽ ഗ്രാമ പഞ്ചായത്തിൽ ചിറ്റാരിയിൽ നടക്കുന്ന വൻകിട കരിങ്കൽ ഖനന നീക്കത്തിനെതിരെ ചിറ്റാരി, കുണ്ടിൽവളപ്പ് ഉന്നതികളിലെ ഊരുകൂട്ടം പ്രമേയം പാസാക്കി.

## Article Content

കോഴിക്കോട് : വാണിമേൽ ഗ്രാമ പഞ്ചായത്തിൽ ചിറ്റാരിയിൽ നടക്കുന്ന വൻകിട കരിങ്കൽ ഖനന നീക്കത്തിനെതിരെ ചിറ്റാരി, കുണ്ടിൽവളപ്പ് ഉന്നതികളിലെ ഊരുകൂട്ടം പ്രമേയം പാസാക്കി.

മുന്നൂറിലധികം ആദിവാസി കുടുംബങ്ങൾ താമസിക്കുകയും, ഒരു വെൽഫെയർ സ്‌കൂൾ പ്രവർത്തിക്കുകയും ചെയ്യുന്ന ഉന്നതികൾക്ക് മുകളിൽ ചെങ്കുത്തായ കുന്നിൽ ഖനനം നടത്തിയാൽ വലിയ ദുരന്തത്തിന് കാരണമാകുമെന്ന് ഉന്നതിക്കാർ ഭയക്കുന്നു.

മഴക്കാലത്ത് ദുരന്തഭീഷണിയെത്തുടർന്ന് ഈ ഉന്നതികളിൽ നിന്ന് കുടുംബങ്ങളെ അധികാരികൾ ഒഴിപ്പിക്കുന്നത് പതിവാണ്. ഖനനം നടന്നാൽ കുടിവെള്ള സ്രോതസുകൾ ഇല്ലാതാകുമെന്നും, തങ്ങളുടെ ആവാസവ്യവസ്ഥ നഷ്ടപ്പെടുമെന്നും, ഊരിലെ സമൂഹം വലിയ ഭയപ്പാടിലാണ് ജീവിക്കുന്നതെന്നും ആയതിനാൽ ഖനനത്തിന് അനുവദിച്ചിട്ടുള്ള എല്ലാ അനുമതികളും റദ്ദ് ചെയ്യണമെന്നും ഖനന നീക്കം അവസാനിപ്പിക്കാനും അധികാരികൾ തയ്യാറാവണമെന്നും പ്രമേയം പാസാക്കി.

ഖനനത്തിനെതിരെ ജനങ്ങൾ നടത്തിയ സമരത്തെത്തുടർന്ന് ആദിവാസി ഊരിനുള്ളിൽ കടന്ന് നിരപരാധികളായ മൂന്ന് ചെറുപ്പക്കാരെ അറസ്റ്റ് ചെയ്ത് ജയിലിലടച്ച വളയം പോലീസിന്റെ നിലപാടിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയും, അന്യായ നടപടി സ്വീകരിച്ചവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും പ്രമേയം ആവശ്യപ്പെട്ടു.

ഊരുമൂപ്പൻ വാഴയിൽ ചെറിയചന്തു അധ്യക്ഷത വഹിച്ചു. ഉഷാ കരുണാകരൻ, കെ.വി. ഓമന എന്നിവർ പ്രമേയങ്ങൾ അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. പ്രദീപ് കുമാർ, വൈസ് പ്രസിഡന്റ് എൻ.കെ. മുർഷിന, ബ്ലോക്ക് മെമ്പർ കെ.ടി. ബാബു, ഊരുമൂപ്പൻ വാട്ടയിൽ ചെറിയചന്തു, പഞ്ചായത്ത് അസി. സെക്രട്ടറി ഷാജി, ട്രൈബൽ ഓഫീസർ, എസ്.ടി. പ്രൊമോട്ടർമാർ എന്നിവർ സംസാരിച്ചു. വാർഡ് മെമ്പർ സി.പി. നാണു സ്വാഗതം പറഞ്ഞു.

The Chittari and Kundilvalappu tribal hamlets in Kozhikode’s Vanimel grama panchayat passed a resolution opposing a proposed large-scale black stone quarry. Residents warned that mining on the steep hill could trigger disaster, destroy water sources, and threaten the livelihoods of more than 300 tribal families.

The resolution also condemned police action against three young men arrested during protests and demanded withdrawal of all quarry-related permissions. Community leaders and local officials attended the meeting, where speakers urged authorities to stop the project immediately.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/391201/chittari-urukoottam-opposes-black-stone-mining)