---
title: "'പാടവരമ്പിൽ വിചാരണ ചെയ്ത് പിള്ളേരെ വെട്ടിക്കൊല്ലുന്നതല്ലേ ഇയാളുടെ വിദ്യ, ഇനിയും ആ പണിയുമായി ഇറങ്ങിയാൽ പിള്ളേരുടെ പിച്ചും മാന്തും കിട്ടും'- പി. ജയരാജന് ജിന്റോ ജോണിന്റെ മുന്നറിയിപ്പ്"
english_title: "Jinto John Warns P. Jayarajan Over ‘Fieldside Killing’ Remark"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/391158/jinto-john-warns-p-jayarajan"
published_at: "2026-11-11T13:20:00+05:30"
category: "Politics"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af41f79d6cab_jinto-john-warns-p-jayarajan.jpg"
keywords: ["KeralaPolitics", "Congress", "CPM", "JintoJohn", "PJayarajan"]
---

# 'പാടവരമ്പിൽ വിചാരണ ചെയ്ത് പിള്ളേരെ വെട്ടിക്കൊല്ലുന്നതല്ലേ ഇയാളുടെ വിദ്യ, ഇനിയും ആ പണിയുമായി ഇറങ്ങിയാൽ പിള്ളേരുടെ പിച്ചും മാന്തും കിട്ടും'- പി. ജയരാജന് ജിന്റോ ജോണിന്റെ മുന്നറിയിപ്പ്

> **Lead Summary:** കൊച്ചി: അടൂരിലെ കോൺഗ്രസിന്റെ കുറുവാ സംഘത്തെ നേരിടാൻ സി.പി.എമ്മിന് ചില വിദ്യകളുണ്ടെന്ന പി. ജയരാജന്റെ പ്രസ്താവനക്കെതിരെ കോൺഗ്രസ് നേതാവ് ഡോ. ജിന്റോ ജോൺ.

## Article Content

കൊച്ചി: അടൂരിലെ കോൺഗ്രസിന്റെ കുറുവാ സംഘത്തെ നേരിടാൻ സി.പി.എമ്മിന് ചില വിദ്യകളുണ്ടെന്ന പി. ജയരാജന്റെ പ്രസ്താവനക്കെതിരെ കോൺഗ്രസ് നേതാവ് ഡോ. ജിന്റോ ജോൺ.

പാടവരമ്പിൽ വിചാരണ ചെയ്ത് പിള്ളേരെ വെട്ടിക്കൊല്ലുന്നത് അല്ലേ ഇയാളുടെ ഒരു വിദ്യയെന്നും ഇനിയും ആ പണിയുമായി ഇറങ്ങിയാൽ പിള്ളേരുടെ പിച്ചും മാന്തും കിട്ടിയിട്ട് പിന്നെയിരുന്ന് മോങ്ങിയിട്ട് കാര്യമില്ലെന്നും ജിന്റോ ജോൺ ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു.

കണ്ണൂർ തളിപ്പറമ്പിലെ എം.എസ്.എഫ് പ്രവർത്തകൻ അരിയിൽ ഷുക്കൂറിനെ വയലിൽ വിചാരണ നടത്തി വെട്ടിക്കൊന്ന കേസിൽ പ്രതിയാണ് പി. ജയരാജൻ. ഇത് ചൂണ്ടിക്കാട്ടിയാണ് ജിന്റോയുടെ കുറിപ്പ്.

‘പാടവരമ്പിൽ വിചാരണ ചെയ്ത് പിള്ളേരെ വെട്ടിക്കൊല്ലുന്നത് അല്ലേ ഇയാളുടെ ഒരു വിദ്യ. ആ കേസിൽ ജയിലിൽ പോകാതിരിക്കാൻ കണ്ണൂർ മുതൽ തിരുവനന്തപുരം വരെ ബോധക്കേട് അഭിനയിച്ച് ആംബുലൻസിൽ കിടന്നുള്ള യാത്ര മറ്റൊരു വിദ്യ.

ഇനിയും ആ പണിയുമായി ഇറങ്ങിയാൽ പിള്ളേരുടെ പിച്ചും മാന്തും കിട്ടിയിട്ട് പിന്നെയിരുന്ന് മോങ്ങിയിട്ട് കാര്യമില്ല. ഈ വയ്യാത്ത കാലത്ത് വല്ല കാരണഭൂതൻ തിരുവാതിരയോ വ്യക്തിപൂജയോ ഒക്കെയായി കഴിയുന്നതാണ് നല്ലത്. പണ്ടത്തെ പോലെയല്ല ചുറ്റും സിസിടിവി കാമറയുണ്ട്.

കണ്ണൂരിലെ കുറുവ സംഘം കേരളം കൊള്ളയടിച്ചത് കൈയ്യോടെ പൊക്കിയപ്പോൾ ഭരണം പോയേ ഉള്ളൂ. കൊലയാളികളുടെ വിദ്യയുമായി ഇനിയും ഇറങ്ങിയാൽ പിന്നെ യമരാജന്റെ 'വിദ്യാ'ഭ്യാസ വകുപ്പിന് തന്നെ ചിലപ്പോൾ പിള്ളേര് ബന്ദ് പ്രഖ്യാപിക്കും... പിന്നെ ബോധമില്ലായ്മ അഭിനയിച്ച് ആംബുലൻസിൽ തന്നെ കഴിയേണ്ടിവരും. അല്ല, ബോധമുണ്ടെങ്കിൽ ഈമാതിരി വിദ്യകളുമായി ഇറങ്ങില്ലല്ലോ!’ -ജിന്റോ ജോൺ പറഞ്ഞു.

അടൂർ പോലീസ് സ്റ്റേഷൻ നിയമവിരുദ്ധ പ്രവർത്തനങ്ങളുടെ കേന്ദ്രമാണെന്നും കോൺഗ്രസിന്റെ കുറുവാ സംഘത്തെ അടിച്ചോടിക്കേണ്ട പൊലീസ് നോക്കി നിന്നുവെന്നുമായിരുന്നു കഴിഞ്ഞ ദിവസം ജയരാജൻ പറഞ്ഞത്. ‘അടൂരിലെ കുറുവാ സംഘം കസ്റ്റഡിയിലുള്ള കുറ്റാരോപിതനെ ആക്രമിച്ചു.

ജില്ലാ പഞ്ചായത്ത് അംഗം സ്റ്റേഷനിലെത്തി കുറ്റാരോപിതനെ ചീത്തവിളിച്ചു. പോലീസ് ഉദ്യോഗസ്ഥനെയും ആക്രമിച്ചു. കോൺഗ്രസുകാർക്കെതിരെ തക്കതായ വകുപ്പ് ചുമത്തി കേസെടുത്തില്ല. വനിതാ നേതാവ് കുറ്റാരോപിനെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു.

അടൂരിലെ ക്രമസമാധാന നില വഷളാകും. അന്ന് പോലീസ് ആയിരിക്കും ഉത്തരവാദികൾ എന്ന് മനസിലാകും. പൊലീസ് കേസെടുത്തത് കണ്ടാൽ അറിയാവുന്ന ആളുകൾക്കെതിരെയാണ്. കണ്ടാൽ അറിയാവുന്നവരല്ല അവർ, കൊണ്ടാലറിയാവുന്നവരാണ്.

മുൻ എംഎൽഎയാണ് തിരശ്ശീലയ്ക്ക് പിന്നിൽ. കോൺഗ്രസിന്റെ നേതാക്കളോട് ഇദ്ദേഹത്തെപ്പറ്റി ചോദിച്ചാൽ സ്ത്രീകളിൽ നിന്നും വന്ന പരാതിയിൽ പുറത്താക്കി എന്ന് പറയും. പക്ഷേ അടൂർ എംഎൽഎ ഓഫീസിൽ നിന്നും ഉപദേശം തേടുന്നത് അദ്ദേഹത്തോടാണ്’ -പി ജയരാജൻ പറഞ്ഞു.

Congress leader Dr. Jinto John has warned CPM leader P. Jayarajan over his remarks on dealing with the Congress ‘Kurava gang’ in Adoor. Jinto’s Facebook post referred to the Ariyil Shukoor murder case and said such tactics would no longer work in the age of CCTV and public scrutiny.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/391158/jinto-john-warns-p-jayarajan)