---
title: "വൈദ്യുതി പ്രതിസന്ധി റിപ്പോർട്ട്; ഫയലിൽ ഒപ്പിടാൻ സമ്മർദ്ദമുണ്ടായിരുന്നു, കാര്യങ്ങൾ പഠിച്ച ശേഷമേ ഒപ്പിടൂ എന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ"
english_title: "CM Says He Faced Pressure to Sign File on Power Crisis Report"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/391123/power-crisis-report-pressure-to-sign-file"
published_at: "2026-11-11T11:10:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af4017722c08_cm-pressure-sign-file-power-crisis-report-new.jpg"
keywords: ["KeralaNews", "PowerCrisis", "KSEB", "VDSatheesan", "Thiruvananthapuram", "KeralaPolitics", "ElectricityPurchase"]
---

# വൈദ്യുതി പ്രതിസന്ധി റിപ്പോർട്ട്; ഫയലിൽ ഒപ്പിടാൻ സമ്മർദ്ദമുണ്ടായിരുന്നു, കാര്യങ്ങൾ പഠിച്ച ശേഷമേ ഒപ്പിടൂ എന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ

> **Lead Summary:** **തിരുവനന്തപുരം: **നവംബറിൽ വലിയ വൈദ്യുതി പ്രതിസന്ധിയുണ്ടാകുമെന്ന റിപ്പോർട്ട് ചൂണ്ടിക്കാട്ടി ഫയലിൽ ഒപ്പിടാൻ സമ്മർദം ഉണ്ടായിരുന്നുവെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ പറഞ്ഞു. കാര്യങ്ങൾ പഠിക്കാതെ ഒപ്പിടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മന്ത്രിസഭാ യോഗത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

## Article Content

**തിരുവനന്തപുരം: **നവംബറിൽ വലിയ വൈദ്യുതി പ്രതിസന്ധിയുണ്ടാകുമെന്ന റിപ്പോർട്ട് ചൂണ്ടിക്കാട്ടി ഫയലിൽ ഒപ്പിടാൻ സമ്മർദം ഉണ്ടായിരുന്നുവെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ പറഞ്ഞു. കാര്യങ്ങൾ പഠിക്കാതെ ഒപ്പിടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മന്ത്രിസഭാ യോഗത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

എം.ജി.രാജമാണിക്യം കെഎസ്ഇബി ചെയർമാനായിരുന്നപ്പോൾ നവംബർ മുതൽ ദീർഘകാല പവർക്കട്ട് ഉണ്ടാകുമെന്ന് പറഞ്ഞ് റിപ്പോർട്ട് ലഭിച്ചിരുന്നുവെന്നും പിന്നീട് വന്ന ടീം ഇപ്പോൾ പ്രതിസന്ധിയില്ലെന്ന് റിപ്പോർട്ട് നൽകിയതായും അദ്ദേഹം പറഞ്ഞു. വൈദ്യുതി വാങ്ങുന്നതുമായി ബന്ധപ്പെട്ട വിവാദത്തിലും മുഖ്യമന്ത്രി പ്രതികരിച്ചു.

വൈദ്യുതി മന്ത്രി അയച്ച ഫയലിൽ രണ്ട് ഓപ്ഷനുകളുണ്ടായിരുന്നുവെന്നും ഹിമാചലിന്റെ വൈദ്യുതി 14.50 രൂപയ്ക്കും ജിഎൻഎയുടെ വൈദ്യുതി 8.63, 8.90 രൂപ നിരക്കിലും ലഭ്യമാകുമെന്നുമായിരുന്നു അതിൽ പറഞ്ഞിരുന്നതെന്നും അദ്ദേഹം പറഞ്ഞു. രാജസ്ഥാന് ഹിമാചലിന്റെ വൈദ്യുതി നൽകിയ കാര്യം തന്നെ ആ ഫയലിൽ പരാമർശിച്ചിരുന്നുവെന്നും, താരതമ്യം ചെയ്തപ്പോൾ ജിഎൻഎയാണ് നല്ലതെന്ന് തീരുമാനിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

എന്നാൽ ജിഎൻഎയുമായി കരാർ ഒപ്പിട്ടില്ലെന്നും തുടർന്ന് ഇപ്പോൾ വൈദ്യുതി ആവശ്യമുണ്ടോയെന്ന് പരിശോധിക്കാൻ തീരുമാനിച്ചുവെന്നും അദ്ദേഹം പറഞ്ഞു. നവംബറിലും ഡിസംബറിലും ആവശ്യമില്ലെന്ന് കണ്ടെത്തിയതായും, അതിനുശേഷം വേണ്ടിവരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മാർച്ചോടെ എൻടിപിസി വൈദ്യുതി നൽകാമെന്ന് അറിയിച്ചതായും 5.18 രൂപയ്ക്കാണ് അവർ നൽകാമെന്ന് പറഞ്ഞതെന്നും മുഖ്യമന്ത്രി പറഞ്ഞു. അതിനാൽ ഏപ്രിൽ, മെയ് മാസങ്ങളിൽ ജിഎൻഎയിൽനിന്ന് വാങ്ങേണ്ടെന്ന നിലപാടിലേക്കാണ് എത്തിയതെന്നും ഏറ്റവും കുറഞ്ഞ നിരക്കുള്ള ഉറവിടത്തിൽ നിന്നേ വാങ്ങുകയുള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കെഎസ്ഇബിയുടെ ആദ്യ ടീം ദീർഘകാല പ്രതിസന്ധിയുണ്ടാകുമെന്ന റിപ്പോർട്ടാണ് നൽകിയതെന്നും പിന്നീട് വന്ന ടീം ആവശ്യമില്ലെന്ന് റിപ്പോർട്ട് നൽകിയതായും മുഖ്യമന്ത്രി പറഞ്ഞു. വൻ പ്രതിസന്ധി വരാനുണ്ടെന്ന വാർത്തകൾ സൃഷ്ടിച്ച് ഒപ്പിടീക്കാനുള്ള സമ്മർദ ശ്രമം ഉണ്ടായെന്നും, ഫയൽ പിടിച്ചുവെച്ചതല്ല, പഠിക്കുകയായിരുന്നു എന്നും അദ്ദേഹം വ്യക്തമാക്കി. ഇത്തരമൊരു റിപ്പോർട്ട് കെഎസ്ഇബി നൽകിയത് സംബന്ധിച്ച് അന്വേഷണം നടത്തുമോ എന്ന കാര്യത്തിൽ മുഖ്യമന്ത്രി വ്യക്തത വരുത്തിയില്ല; പരിശോധിക്കണം എന്നാണ് പറഞ്ഞത്.

V.D. Satheesan said he faced pressure to sign a file citing an impending power crisis, but insisted he would not approve it without studying the details. He said later reports indicated there was no immediate shortage, and the government would buy power only if and when needed at the lowest available rate.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/391123/power-crisis-report-pressure-to-sign-file)