---
title: "കുടുങ്ങി, ഇനി രക്ഷയില്ല...! വാഴക്കുല ലഹരി കടത്ത്: കൊച്ചിയിലെ പ്രമുഖരിലേക്ക് അന്വേഷണം, ധനേഷിന്റെ അക്കൗണ്ടുകൾ പരിശോധിക്കുന്നു"
english_title: "Banana Bunch Drug Smuggling Probe Widens to Kochi Elites"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/391105/banana-bunch-drug-smuggling-probe-"
published_at: "2026-11-11T09:16:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af3e5fd79ddd_banana-bunch-drug-smuggling-probe-.jpg"
keywords: ["DrugSmuggling", "MDMACase", "KochiProbe", "BankAccountProbe", "KeralaPolice", "MDMAProbe", "KochiCrime", "BankAccounts"]
---

# കുടുങ്ങി, ഇനി രക്ഷയില്ല...! വാഴക്കുല ലഹരി കടത്ത്: കൊച്ചിയിലെ പ്രമുഖരിലേക്ക് അന്വേഷണം, ധനേഷിന്റെ അക്കൗണ്ടുകൾ പരിശോധിക്കുന്നു

> **Lead Summary:** **കൊച്ചി: **വാഴക്കുലയ്ക്കുള്ളിൽ ഒളിപ്പിച്ച് വൻതോതിൽ എം.ഡി.എം.എ. കടത്തിയ കേസിൽ പ്രധാന പ്രതി ധനേഷിന്റെ ലഹരി ശൃംഖലയെക്കുറിച്ച് പൊലീസിന് നിർണായക വിവരങ്ങൾ ലഭിച്ചു. കേസിൽ പിടിയിലായ ഹരികൃഷ്ണൻ, ധനേഷിന്റെ സ്ഥിരം കാരിയറാണെന്ന് പൊലീസ് കണ്ടെത്തി. ധനേഷ് ലഹരി കൈമാറിയിരുന്ന പ്രമുഖരെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും കേസിൽ കൂടുതൽ പേർ ഉടൻ പിടിയിലാകുമെന്നുമാണ് സൂചന.

## Article Content

**കൊച്ചി: **വാഴക്കുലയ്ക്കുള്ളിൽ ഒളിപ്പിച്ച് വൻതോതിൽ എം.ഡി.എം.എ. കടത്തിയ കേസിൽ പ്രധാന പ്രതി ധനേഷിന്റെ ലഹരി ശൃംഖലയെക്കുറിച്ച് പൊലീസിന് നിർണായക വിവരങ്ങൾ ലഭിച്ചു. കേസിൽ പിടിയിലായ ഹരികൃഷ്ണൻ, ധനേഷിന്റെ സ്ഥിരം കാരിയറാണെന്ന് പൊലീസ് കണ്ടെത്തി. ധനേഷ് ലഹരി കൈമാറിയിരുന്ന പ്രമുഖരെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും കേസിൽ കൂടുതൽ പേർ ഉടൻ പിടിയിലാകുമെന്നുമാണ് സൂചന.

ധനേഷിനെയും ഹരികൃഷ്ണനെയും പൊലീസ് ഉടൻ കസ്റ്റഡിയിൽ വാങ്ങും. ലഹരിയുടെ ഉറവിടം തേടി ബംഗളൂരു, മൈസൂരു എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം വ്യാപിപ്പിക്കാനാണ് പൊലീസിന്റെ തീരുമാനം. 2023 മുതലാണ് വാഴക്കുലയ്ക്കുള്ളിൽ ഒളിപ്പിച്ച് ധനേഷ് എസ്. നായർ എം.ഡി.എം.എ. കടത്ത് ആരംഭിച്ചത്. കർണാടകയിൽ ആറ് ഏക്കറോളം വരുന്ന വാഴത്തോട്ടം ഇയാൾക്കുണ്ട്.

സ്വന്തമായും കാരിയർമാർ വഴിയും ഇയാൾ കൊച്ചിയിലേക്ക് വൻതോതിൽ ലഹരിമരുന്ന് എത്തിച്ചിരുന്നു. ലഹരി കടത്താനായി ആളുകളെ ഇയാൾ ബംഗളൂരുവിലേക്ക് വിളിച്ചുവരുത്താറാണ് പതിവെന്ന് ചോദ്യം ചെയ്യലിൽ മൊഴി ലഭിച്ചിട്ടുണ്ട്. നൈജീരിയൻ സ്വദേശികളിൽ നിന്ന് കിലോക്കണക്കിന് എം.ഡി.എം.എ. ശേഖരിച്ച് ചില്ലറ വിൽപ്പന നടത്തുന്നതാണ് ധനേഷിന്റെ രീതി.

2023-ൽ സംസ്ഥാന സർക്കാരിന്റെ മികച്ച യുവകർഷകനുള്ള പുരസ്കാരം ലഭിച്ച വ്യക്തി കൂടിയാണ് ധനേഷ്. ഇയാളുടെ ലഹരിബന്ധം പുറത്തുവന്നതോടെ ധനേഷിന്റെ പശ്ചാത്തലം വിശദമായി പരിശോധിക്കാൻ കൃഷിവകുപ്പ് തീരുമാനിച്ചിട്ടുണ്ട്. ധനേഷ് പിടിയിലായതോടെ ഇയാളുടെ വിപണി ശൃംഖലയിലുള്ള പലരും ഒളിവിൽ പോയിട്ടുണ്ട്.

പ്രതികളുടെ ബാങ്ക് അക്കൗണ്ടുകൾ കേന്ദ്രീകരിച്ചുള്ള അന്വേഷണം പൊലീസ് ആരംഭിച്ചു. ധനേഷിനെയും ഇയാളുടെ സുഹൃത്തുക്കളായ ഹരികൃഷ്ണൻ, ഷിനു എന്നിവരെയും കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യുന്നതോടെ കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Police have uncovered crucial links in the MDMA smuggling network allegedly run by prime accused Dhanesh, who is said to have concealed drugs inside banana bunches. Investigators are now examining his bank accounts and expanding the probe to Bengaluru and Mysuru, with more arrests expected soon.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/391105/banana-bunch-drug-smuggling-probe-)