---
title: "അടുക്കളക്കത്തി സമീപത്ത്, സന്തോഷവും സമാധാനവുമുണ്ടെന്ന് കരുതിയ വീട്ടിൽ ദുരന്തം; ജ്യോതിയുടെയും നവീന്റെയും മരണത്തിൽ വിറങ്ങലിച്ച് നാട്"
english_title: "Mattannur Incident: Mother and Son Found Dead at Home"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/391043/mattannur-mother-son-found-dead"
published_at: "2026-11-10T17:33:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af30937e41ca_mattannur-mother-son-found-dead.jpg"
keywords: ["MattannurIncident", "KannurCrime", "Jyothi", "NaveenKrishna", "KeralaNews"]
---

# അടുക്കളക്കത്തി സമീപത്ത്, സന്തോഷവും സമാധാനവുമുണ്ടെന്ന് കരുതിയ വീട്ടിൽ ദുരന്തം; ജ്യോതിയുടെയും നവീന്റെയും മരണത്തിൽ വിറങ്ങലിച്ച് നാട്

> **Lead Summary:** കണ്ണൂർ: രക്തത്തിൽ കുളിച്ച നിലയിൽ അമ്മയുടെയും മകന്റെയും മൃതദേഹങ്ങൾ. സമീപത്ത് അടുക്കളയിൽ ഉപയോഗിക്കുന്ന കത്തി... മട്ടന്നൂരിൽ അധ്യാപികയേയും മകനെയും കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വിറങ്ങലിച്ച് നാട്.

## Article Content

കണ്ണൂർ: രക്തത്തിൽ കുളിച്ച നിലയിൽ അമ്മയുടെയും മകന്റെയും മൃതദേഹങ്ങൾ. സമീപത്ത് അടുക്കളയിൽ ഉപയോഗിക്കുന്ന കത്തി... മട്ടന്നൂരിൽ അധ്യാപികയേയും മകനെയും കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വിറങ്ങലിച്ച് നാട്.

ജ്യോതിയുടെ ഭർത്താവ് ജയകൃഷ്ണൻ പുറത്തുപോയ സമയത്താണ് സംഭവം നടന്നതെന്നാണ് വിവരം. വീടിന്റെ രണ്ടാംനിലയിൽ കോണിപ്പടിയോട് ചേർന്നാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. സമീപത്ത് അടുക്കളയിൽ ഉപയോഗിക്കുന്ന കത്തിയും ഉണ്ടായിരുന്നു.

പോലീസിന്റെ പ്രാഥമിക നിഗമനത്തിൽ, അമ്മയെ കൊലപ്പെടുത്തിയ ശേഷം നവീൻ സ്വയം കുത്തി മരിച്ചതാകാമെന്നാണ് സംശയം. പുറത്തുനിന്ന് ആരെങ്കിലും വീട്ടിലേക്ക് എത്തിയതായി സൂചനയൊന്നും ലഭിച്ചിട്ടില്ലെന്നും പറയുന്നു.

തില്ലങ്കേരി സി.എച്ച്. മുഹമ്മദ് കോയ സ്മാരക സ്കൂളിലെ റിട്ട. ഹെഡ്മിസ്ട്രസാണ് കൊല്ലപ്പെട്ട ജ്യോതി. മകൻ നവീൻ കൃഷ്ണൻ വീട്ടിലിരുന്ന് പി.എസ്.സി പരീക്ഷകൾക്കായി തയ്യാറെടുക്കുകയായിരുന്നു. മൂത്ത മകൻ നവനീത് എറണാകുളത്ത് സ്വകാര്യ സ്ഥാപനത്തിലാണ് ജോലി ചെയ്യുന്നത്.

നവീന്റെ കഴുത്തിന് മുറിവേറ്റ നിലയിലായിരുന്നെന്ന് സംഭവസ്ഥലത്തെത്തിയ പ്രദേശവാസികളിലൊരാൾ പറഞ്ഞു. ജ്യോതിയുടെ മുഖം രക്തത്തിൽ കുളിച്ച നിലയിലായിരുന്നു. രാവിലെ ജ്യോതിയും മകനും തമ്മിൽ വാക്കേറ്റമുണ്ടായതായി വിവരവുമുണ്ട്.

രാവിലെ ഒൻപതുമണിയോടെ വീട്ടിനുള്ളിൽനിന്ന് ജയകൃഷ്ണന്റെ കരച്ചിൽ കേട്ട് സമീപവാസികൾ എത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. രക്തത്തിൽ കുളിച്ചുകിടന്ന ജ്യോതിയേയും നവീനിനേയും താഴേക്ക് ഇറക്കി ആംബുലൻസ് വിളിച്ചു. ആംബുലൻസ് ഡ്രൈവർ എത്തിയപ്പോൾ പൾസ് കിട്ടിയില്ല. തുടർന്ന് പോലീസിനെ വിവരം അറിയിച്ചു.

പോലീസെത്തിയാണ് മൃതദേഹങ്ങൾ തലശ്ശേരി സർക്കാർ ആശുപത്രിയിലേക്ക് മാറ്റിയത്. ശാന്തമായ കുടുംബമായിരുന്നെന്നും എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടായിരുന്നെന്ന് ആർക്കും അറിയില്ലായിരുന്നെന്നും പ്രദേശവാസികളിലൊരാൾ പറഞ്ഞു.

A retired school headmistress and her son were found dead with stab wounds at their home in Mattannur, Kannur. Police suspect the son may have killed his mother before taking his own life, though the investigation is ongoing.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/391043/mattannur-mother-son-found-dead)