---
title: "ദീപാവലി ആഘോഷം കണ്ണീരിൽ മുങ്ങി; കയ്യിലിരുന്ന പടക്കം നെഞ്ചിൽ പതിച്ച് പത്തുവയസുകാരന് ദാരുണാന്ത്യം, ചികിത്സയിൽ അനാസ്ഥയെന്ന് കുട്ടിയുടെ അമ്മ"
english_title: "Diwali Celebration Turns Tragic as 10-Year-Old Dies After Firecracker Hits Chest"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/390893/diwali-firecracker-tragedy-delhi-boy-dies"
published_at: "2026-11-09T16:28:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af1a7f3a6449_diwali-firecracker-tragedy-delhi-boy-dies.jpg"
keywords: ["DiwaliTragedy", "FirecrackerAccident", "DelhiNews", "HospitalNegligence", "FireSafety"]
---

# ദീപാവലി ആഘോഷം കണ്ണീരിൽ മുങ്ങി; കയ്യിലിരുന്ന പടക്കം നെഞ്ചിൽ പതിച്ച് പത്തുവയസുകാരന് ദാരുണാന്ത്യം, ചികിത്സയിൽ അനാസ്ഥയെന്ന് കുട്ടിയുടെ അമ്മ

> **Lead Summary:** ഡല്‍ഹി: ദീപാവലി ആഘോഷത്തിനിടെ കയ്യിലിരുന്ന് പടക്കം പൊട്ടി പത്തുവയസുകാരന് ദാരുണാന്ത്യം. ഡല്‍ഹിയിലെ നറേലയില്‍ ഇന്നലെ രാത്രിയിലാണ് സംഭവം. കുടുംബാംഗങ്ങള്‍ക്കൊപ്പം ആഘോഷത്തില്‍ പങ്കെടുത്ത റിഷിയെന്ന കുട്ടിയാണ് മരിച്ചത്.

## Article Content

ഡല്‍ഹി: ദീപാവലി ആഘോഷത്തിനിടെ കയ്യിലിരുന്ന് പടക്കം പൊട്ടി പത്തുവയസുകാരന് ദാരുണാന്ത്യം. ഡല്‍ഹിയിലെ നറേലയില്‍ ഇന്നലെ രാത്രിയിലാണ് സംഭവം. കുടുംബാംഗങ്ങള്‍ക്കൊപ്പം ആഘോഷത്തില്‍ പങ്കെടുത്ത റിഷിയെന്ന കുട്ടിയാണ് മരിച്ചത്.

പടക്കത്തിന് തീ കൊളുത്തിയ കുട്ടി മുകളിലേക്ക് എറിഞ്ഞതും അത് നെഞ്ചിലേക്ക് തന്നെ പതിക്കുകയായിരുന്നു. സാരമായി പൊള്ളലേറ്റ കുട്ടിയെ ഉടന്‍ തന്നെ സത്യവതി രാജ ഹരിശ്ചന്ദ്ര ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

എന്നാല്‍ ആശുപത്രി അധികൃതരുടെ അനാസ്ഥയാണ് മകന്റെ ജീവന്‍ നഷ്ടമാകാന്‍ കാരണമെന്ന് കുടുംബം ആരോപിച്ചു. 'എമര്‍ജന്‍സി കേസായിട്ട് പോലും ഡോക്ടര്‍മാര്‍ മെല്ലെയാണ് എത്തിയത്. പരിശോധിക്കാനെത്തിയ ഡോക്ടര്‍ കുട്ടിയുടെ നെഞ്ചില്‍ അമര്‍ത്തിയ ശേഷം സ്ഥലം വിട്ടു'- റിഷിയുടെ മൂത്തസഹോദരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഡോക്ടര്‍മാര്‍ യഥാസമയം പരിശോധിച്ചിരുന്നുവെങ്കില്‍ കുട്ടിയെ രക്ഷിക്കാമായിരുന്നുവെന്നും കുടുംബം പറയുന്നു. 'അവന്‍ പടക്കം പൊട്ടിക്കുന്നതിനിടെ ഒരെണ്ണെ നെഞ്ചിലേക്ക് വീണു. ശ്വാസമുണ്ടായിരുന്നത് കൊണ്ടാണ് ആശുപത്രിയിലേക്ക് കൊണ്ടുവന്നത്. പക്ഷേ കാര്യമുണ്ടായില്ല'- കുട്ടിയുടെ അമ്മ പ്രതികരിച്ചു.

ദീപാവലി ദിവസം 257 എമര്‍ജന്‍സി കോളുകളാണ് എത്തിയതെന്ന് ഡല്‍ഹിയിലെ അഗ്നിരക്ഷാ സേന പറയുന്നു. ഇതില്‍ 214 ഉം പടക്കം പൊട്ടിയും അല്ലാതെയുമുള്ള തീ പിടിത്തത്തിന്‍റേതായിരുന്നു. 24 പേരാണ് പടക്കം പൊട്ടിയുള്ള പൊള്ളലിനെ തുടര്‍ന്ന് സഹായം തേടിയതെന്നും റിപ്പോര്‍ട്ട് പറയുന്നു.

രാത്രി എട്ടു മുതല്‍ പത്തുവരെ മാത്രം 85 ഫോണ്‍ കോള്‍ എത്തിയെന്നും 61 ഫോണ്‍ കോള്‍ രാത്രി പത്തിനും അര്‍ധരാത്രിക്കുമിടയിലാണ് ഉണ്ടായതെന്നും റിപ്പോര്‍ട്ടിലുണ്ട്. നഗരത്തില്‍ വിവിധയിടങ്ങളിലായി ഉണ്ടായ അപകടങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തിന് പോയ അഞ്ച് അഗ്നിരക്ഷാ സേന പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.

A 10-year-old boy died in Delhi’s Narela after a firecracker he lit and threw reportedly struck his chest during Diwali celebrations. The family has alleged negligence by the hospital, while the Delhi Fire Service reported a surge in emergency calls and fire-related incidents on the festival night.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/390893/diwali-firecracker-tragedy-delhi-boy-dies)