---
title: "കൊച്ചി ഇനി പഴയ കൊച്ചിയാകില്ല; നഗരത്തിന്റെ മുഖച്ഛായ മാറ്റാൻ വമ്പൻ പദ്ധതികൾ, പ്രഖ്യാപനവുമായി മുഖ്യമന്ത്രി"
english_title: "Kochi to Get a Major Makeover as CM Announces Big Urban Projects"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/390852/kochi-major-urban-makeover-projects"
published_at: "2026-11-09T12:04:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af169c8ad9f9_kochi-major-urban-makeover-projects.jpg"
keywords: ["KochiDevelopment", "UrbanPlanning", "AirPollution", "PublicTransport", "WasteManagement"]
---

# കൊച്ചി ഇനി പഴയ കൊച്ചിയാകില്ല; നഗരത്തിന്റെ മുഖച്ഛായ മാറ്റാൻ വമ്പൻ പദ്ധതികൾ, പ്രഖ്യാപനവുമായി മുഖ്യമന്ത്രി

> **Lead Summary:** കൊച്ചി: സുന്ദരവും വിശാലവുമായ പുതിയ കൊച്ചിയെ വാർത്തെടുക്കുകയെന്ന ലക്ഷ്യത്തോടെ നിരവധി പദ്ധതികളാണ് സർക്കാർ ആവിഷ്കരിക്കുന്നതെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ. നഗരത്തെ മികച്ച ലിവിങ് സിറ്റിയാക്കി മാറ്റുന്നതിന്റെ ഭാഗമായി രൂക്ഷമാകുന്ന വായു മലിനീകരണത്തെക്കുറിച്ച് പഠിക്കാനും അടിയന്തര നടപടികൾ സ്വീകരിക്കാനുമായി ഈ മാസം തന്നെ വിദഗ്ധ സമിതി രൂപീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

## Article Content

കൊച്ചി: സുന്ദരവും വിശാലവുമായ പുതിയ കൊച്ചിയെ വാർത്തെടുക്കുകയെന്ന ലക്ഷ്യത്തോടെ നിരവധി പദ്ധതികളാണ് സർക്കാർ ആവിഷ്കരിക്കുന്നതെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ. നഗരത്തെ മികച്ച ലിവിങ് സിറ്റിയാക്കി മാറ്റുന്നതിന്റെ ഭാഗമായി രൂക്ഷമാകുന്ന വായു മലിനീകരണത്തെക്കുറിച്ച് പഠിക്കാനും അടിയന്തര നടപടികൾ സ്വീകരിക്കാനുമായി ഈ മാസം തന്നെ വിദഗ്ധ സമിതി രൂപീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൊച്ചി നഗരസഭയും ജെയിൻ യൂണിവേഴ്സിറ്റിയും കാർഡിഫ് യൂണിവേഴ്സിറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന ഫ്യൂച്ചർ കൊച്ചി കോൺക്ലേവിന്റെ സമാപന ദിനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നഗരത്തിലെ വായുനിലവാര സൂചിക 188 കടന്നത് അതീവ ഗൗരവത്തോടെയാണ് സർക്കാർ കാണുന്നതെന്നും ഡൽഹിക്ക് സമാനമായ സാഹചര്യത്തിലേക്ക് കൊച്ചിയെ വിട്ടുകൊടുക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

മലിനീകരണം ഗണ്യമായി കുറയ്ക്കുന്നതിന്റെ ഭാഗമായി നഗരത്തിലേക്ക് എത്തുന്ന സ്വകാര്യ വാഹനങ്ങളുടെ എണ്ണം കുറയ്ക്കേണ്ടതുണ്ട്. ഇതിനായി ബസ്, മെട്രോ, ജലഗതാഗത സംവിധാനങ്ങളെ കോർത്തിണക്കിക്കൊണ്ട് മികച്ചതും വിശ്വസനീയവുമായ പബ്ലിക് ട്രാൻസ്പോർട്ട് നെറ്റ്‌വർക്ക് കൊച്ചിയിൽ യാഥാർത്ഥ്യമാക്കണം.

മാലിന്യസംസ്‌കരണത്തിലും കർശനവും ശാസ്ത്രീയവുമായ നടപടികൾ സർക്കാർ ഉറപ്പാക്കുമെന്ന് അദ്ദേഹം പറഞ്ഞു. നഗരത്തിലെ മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്കരിക്കുന്നതിന് കൃത്യമായ സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജിയർ അനിവാര്യമാണ്.

മാലിന്യം രൂപപ്പെടുന്ന ആദ്യ മണിക്കൂർ മുതൽ അത് സംസ്കരിച്ച് സർക്കുലർ ഇക്കോണമിയുടെ ഭാഗമാക്കുന്നതുവരെയുള്ള കാര്യങ്ങൾ ഇതിൽ ഉൾപ്പെടും. വിദേശ രാജ്യങ്ങളിലേതുപോലെ പൂർണ്ണമായും അടച്ചുറപ്പുള്ള വാഹനങ്ങളിലായിരിക്കണം മാലിന്യനീക്കം നടത്തേണ്ടത്.

കൊച്ചിയുടെ സമഗ്ര വികസനത്തിനും മാലിന്യസംസ്‌കരണം ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളിലും കോർപ്പറേഷനെയും സമീപ മുനിസിപ്പാലിറ്റികളെയും സഹായിക്കാനായി പ്രത്യേക അതോറിറ്റി രൂപീകരിക്കേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം ചൂണ്ടിക്കാട്ടി.

അത്യാധുനിക ഓഷ്യനേറിയം, ഇന്റർനാഷണൽ മാരിടൈം മ്യൂസിയം, ഗ്ലോബൽ കൺവെൻഷൻ സെന്റർ, രാമന്തുരുത്തിൽ 5000 പേർക്ക് തൊഴിൽ ലഭ്യമാകുന്ന 5000 കോടി രൂപയുടെ ഷിപ്പ് ബ്ലോക്ക് നിർമ്മാണ പദ്ധതി, താന്തോന്നിത്തുരുത്തിലെ ഐടി വികസനം എന്നിവയ്ക്ക് സർക്കാർ അനുമതി നൽകിയിട്ടുണ്ടെന്നും അടുത്ത ആറ് മാസത്തിൽ ഇതിന്റെ പുരോഗതി വിലയിരുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

നഗരത്തിന്റെ പൈതൃക സംരക്ഷണത്തിനും വിനോദസഞ്ചാര വികസനത്തിനും വലിയ പ്രാധാന്യമാണ് സർക്കാർ നൽകുന്നത്. ഇതിന്റെ ഭാഗമായി ബിനാലെ നടക്കുന്നതിന് സമീപമുള്ള സ്ഥലം കൂടി ഏറ്റെടുത്ത് വിപുലമായ കൾച്ചറൽ ഹെറിറ്റേജ് സെന്റർ ആക്കി മാറ്റും. കടമക്കുടിയുടെ പ്രകൃതി മനോഹാരിത പ്രയോജനപ്പെടുത്തി മികച്ച വിനോദസഞ്ചാര കേന്ദ്രമായി ഉയർത്തും.

പറവൂർ വരെയുള്ള മേഖലകളെ ബന്ധിപ്പിച്ചുകൊണ്ടുള്ള വിശാല കൊച്ചിയാണ് തന്റെ സ്വപ്നം. കൊച്ചിയെയും തൃശൂരിനെയും ബന്ധിപ്പിച്ച് ഗോൾഡ് ഹബ്ബ്, അരൂരിൽ സീഫുഡ് ഹബ്ബ്, പെരുമ്പാവൂർ-ആലുവ മേഖലയിൽ ഫർണിച്ചർ ഹബ്ബ് എന്നിവയും സജീവ പരിഗണനയിലുണ്ട്.

കൊച്ചിയുടെ വികസന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി മെട്രോപൊളിറ്റൻ അതോറിറ്റിയുടെ ഘടന പുനഃക്രമീകരിച്ച് സമയപരിധിക്കുള്ളിൽ പദ്ധതികൾ പൂർത്തിയാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ചടങ്ങിൽ ജെയിൻ യൂണിവേഴ്സിറ്റിയുടെ സമ്മിറ്റ് ഓഫ് ഫ്യൂച്ചർ മൂന്നാം പതിപ്പിന്റെ തീയതിയും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. അടുത്ത വർഷം ഏപ്രിൽ 21-24 വരെയാണ് സമ്മിറ്റ് നടക്കുക.

ഹൈബി ഈഡൻ എം.പി അധ്യക്ഷത വഹിച്ച യോഗത്തിൽ മുഹമ്മദ് ഷിയാസ് എംഎൽഎ, ദീപക് ജോയ് എംഎൽഎ, കൊച്ചി മേയർ അഡ്വ. വി.കെ മിനിമോൾ, തൃക്കാക്കര മുനിസിപ്പാലിറ്റി ചെയർപേഴ്സൺ റാഷിദ് ഉള്ളംപിള്ളി, സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷന്മാർ, ഡെപ്യൂട്ടി മേയർ വി.ആർ സുധീർ, കോർപ്പറേഷൻ സെക്രട്ടറി പി.എസ് ഷിബു, ജെയിൻ യൂണിവേഴ്സിറ്റി ന്യൂ ഇനിഷ്യേറ്റീവ്സ് ഡയറക്ടർ ഡോ. ടോം ജോസഫ്, ഫ്യൂച്ചർ കേരള മിഷൻ ചെയർമാൻ വേണുരാജാമണി എന്നിവർ പങ്കെടുത്തു. രണ്ട് ദിവസം നീണ്ടുനിന്ന കോൺക്ലേവ് സമാപിച്ചു.

Chief Minister V.D. Satheesan announced a series of projects aimed at transforming Kochi into a cleaner, more livable city. The government will form an expert panel this month to study air pollution and take urgent action, while also pushing integrated public transport, scientific waste management, and major development initiatives across the city.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/390852/kochi-major-urban-makeover-projects)