---
title: "പെട്രോള്‍ ഉത്പന്നങ്ങളിലെ എഥനോളിന്റെ അളവ്; സംസ്ഥാനത്ത് ഇന്ന് മുതല്‍ പരിശോധന, അളവ് കൂടിയാൽ കർശന നടപടി"
english_title: "State Begins Surprise Checks on Ethanol Levels in Petrol Today"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/390820/kerala-petrol-ethanol-checks"
published_at: "2026-11-09T07:04:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af123957644b_kerala-petrol-ethanol-checks.jpg"
keywords: ["KeralaNews", "PetrolChecks", "EthanolBlending", "FuelQuality", "ConsumerSafety"]
---

# പെട്രോള്‍ ഉത്പന്നങ്ങളിലെ എഥനോളിന്റെ അളവ്; സംസ്ഥാനത്ത് ഇന്ന് മുതല്‍ പരിശോധന, അളവ് കൂടിയാൽ കർശന നടപടി

> **Lead Summary:** തിരുവനന്തപുരം: അനുവദനീയമായ അളവിൽ കൂടുതൽ എഥനോൾ കലർത്തിയ പെട്രോൾ വിൽക്കുന്നുവെന്ന പരാതിയിൽ പരിശോധന ശക്തമാക്കാൻ കേരളവും കർണാടകയും. പെട്രോളിൽ 31.2 ശതമാനത്തിലേറെ എഥനോൾ സാന്നിധ്യം കണ്ടെത്തിയെന്ന കർണാടക സർക്കാരിന്റെ റിപ്പോർട്ടിന് പിന്നാലെയാണ് കേരളത്തിലും പരിശോധന നടത്താൻ തീരുമാനിച്ചത്.

## Article Content

തിരുവനന്തപുരം: അനുവദനീയമായ അളവിൽ കൂടുതൽ എഥനോൾ കലർത്തിയ പെട്രോൾ വിൽക്കുന്നുവെന്ന പരാതിയിൽ പരിശോധന ശക്തമാക്കാൻ കേരളവും കർണാടകയും. പെട്രോളിൽ 31.2 ശതമാനത്തിലേറെ എഥനോൾ സാന്നിധ്യം കണ്ടെത്തിയെന്ന കർണാടക സർക്കാരിന്റെ റിപ്പോർട്ടിന് പിന്നാലെയാണ് കേരളത്തിലും പരിശോധന നടത്താൻ തീരുമാനിച്ചത്.

സംസ്ഥാനത്തെ വിവിധ പെട്രോൾ പമ്പുകളിൽ തിങ്കളാഴ്ച മിന്നൽ പരിശോധന നടത്താനാണ് കേരള സർക്കാരിന്റെ തീരുമാനം. ഉത്തരമലബാർ, മലബാർ, മധ്യകേരളം, തെക്കൻ കേരളം എന്നിങ്ങനെ നാല് മേഖലകളായി തിരിച്ചായിരിക്കും പരിശോധന. ഏതൊക്കെ പമ്പുകളിലാണ് പരിശോധന നടത്തുകയെന്ന വിവരം മുൻകൂട്ടി അറിയിക്കില്ല.

പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മിഷന്റെ നേതൃത്വത്തിലാണ് പരിശോധന. ഓരോ പമ്പിൽനിന്നും ആറ് സാമ്പിളുകൾ വീതം ശേഖരിക്കും. ഇവ സംസ്ഥാന ഫൊറൻസിക് ലബോറട്ടറിയിലും എണ്ണക്കമ്പനികളുടെ ലബോറട്ടറികളിലും പരിശോധനയ്ക്ക് നൽകും. എഥനോൾ അളവ് പരിശോധിക്കുന്നതിനായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് പ്രത്യേക പരിശീലനവും നൽകിയിട്ടുണ്ട്.

പെട്രോളിൽ അനുവദനീയമായ അളവിലധികം എഥനോൾ കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കാനാണ് സർക്കാർ തീരുമാനം. വിഷയം കേന്ദ്രസർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്താനും നീക്കമുണ്ട്. വാഹനങ്ങൾ വ്യാപകമായി കേടാകുന്നതായി ഉയർന്ന പരാതികളും പരിശോധനയ്ക്ക് കാരണമായിട്ടുണ്ട്.

കണ്ണൂരിലെ ചില പെട്രോൾ പമ്പുകളിൽനിന്ന് ശനിയാഴ്ച ശേഖരിച്ച സാമ്പിളുകൾ ഇതിനകം പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. മന്ത്രി അനൂപ് ജേക്കബ് മുഖ്യമന്ത്രിയുമായി നടത്തിയ കൂടിയാലോചനയ്ക്ക് ശേഷമാണ് സംസ്ഥാനത്ത് പരിശോധന ശക്തമാക്കാൻ തീരുമാനിച്ചത്.

അതേസമയം, പെട്രോളിൽ 31.2 ശതമാനത്തിലേറെ എഥനോൾ കണ്ടെത്തിയെന്ന കർണാടക സർക്കാരിന്റെ പരിശോധനാഫലം പൊതുമേഖലാ എണ്ണക്കമ്പനികൾ തള്ളിയിട്ടുണ്ട്. അംഗീകൃത ലബോറട്ടറികളിലല്ല പരിശോധന നടത്തിയതെന്നും നിശ്ചിത നടപടിക്രമങ്ങൾ പാലിച്ചിട്ടില്ലെന്നുമാണ് കമ്പനികളുടെ വാദം.

എന്നാൽ എണ്ണക്കമ്പനികൾ വ്യക്തമായ വിശദീകരണം നൽകാത്ത സാഹചര്യത്തിലാണ് സ്വകാര്യ ലബോറട്ടറികളിൽ പരിശോധന നടത്തിയതെന്ന് കർണാടക പൊതുവിതരണ ഉപഭോക്തൃകാര്യ മന്ത്രി റിസ്വാൻ അർഷാദ് വ്യക്തമാക്കി. പരിശോധനയ്ക്ക് സർക്കാർ തന്നെയാണ് നടപടിയെടുത്തതെന്നും കണ്ടെത്തലുകൾക്ക് ആധികാരികതയുണ്ടെന്നുമാണ് മന്ത്രിയുടെ നിലപാട്.

എഥനോൾ സാന്നിധ്യം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ തിങ്കളാഴ്ച പുറത്തുവിടുമെന്നും കർണാടക സർക്കാർ അറിയിച്ചിട്ടുണ്ട്. കേരളത്തിലെ പരിശോധനാഫലങ്ങളും വിഷയത്തിൽ നിർണായകമാകും.

Kerala will begin surprise inspections at petrol pumps today amid complaints of excess ethanol blending in fuel. Samples from multiple regions will be tested in state forensic and oil company labs, with strict action promised if limits are exceeded.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/390820/kerala-petrol-ethanol-checks)